ഇരിങ്ങാലക്കുട : മൂന്ന് വർഷം നീണ്ട എൻ.സി.സി ജീവിതത്തിന്റെ ഒടുവിൽ ചിട്ടയായ പരിശീലനവും സമർപ്പണ മനോഭാവവും കൊണ്ട് അണ്ടർ ഓഫീസർ ആഗ്‌നസ് വിത്സൻ റിപ്പബ്ലിക് ദിനറാലിയിൽ മാർച്ച് ചെയ്യാനുള്ള അഭിമാനനേട്ടത്തിന് തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയന്റെ കീഴിലുള്ള ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ കേഡറ്റാണ്. രാജ്യത്ത് നിന്നും തിരഞ്ഞെടുക്കുന്ന നൂറോളം കേഡറ്റുകളിൽ ഒരാളാവുകയാണ് ഇതോടെ ആഗ്‌നസ് വിത്സൻ. റിപ്പബ്ലിക് ദിനറാലിയിൽ രാജ്യതലസ്ഥാനത്ത് കർത്തവ്യപഥിൽ കേരള ആൻഡ് ലക്ഷദ്വീപ് കണ്ടിൻജന്റിന് വേണ്ടി ആഗ്‌നസ് മാർച്ച് ചെയ്യും. നാലു വർഷം മുമ്പ് അണ്ടർ ഓഫീസർ ഏയ്ഞ്ചൽ റീറ്റ, സർജന്റ് രമ്യ ദാസ് എന്നിവർ സെന്റ് ജോസഫ്‌സിൽ നിന്നും എൻ.സി.സിയുടെ കേരളഘടകത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. അതിന് ശേഷം ഇപ്പോഴാണ് ഒരു ആർഡി കേഡറ്റ് സെന്റ് ജോസഫ്‌സിൽ നിന്നും ഉണ്ടാവുന്നത്. മൂന്നാംവർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയായ ആഗ്‌നസ് ഒരു ധീര ജവാന്റെ മകൾ കൂടിയാണ്. ഈ നേട്ടത്തിന് വേണ്ടിയുള്ള എല്ലാ പരിശീലനങ്ങളും ആഗ്‌നസിന് ലഭ്യമാക്കിയത് ഏഴാം കേരള ബറ്റാലിയൻ എൻ.സി.സി കമാന്റിംഗ് ഓഫീസർ കേണൽ രജീന്ദർ സിംഗ് സിദ്ദു, മുൻ കമാൻഡിംഗ് ഓഫീസർ ലഫ്റ്റനന്റ് കേണൽ ബി. ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള എൻ.സി.സി ടീമാണെന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, എൻ.സി.സി ഓഫീസർ ക്യാപ്ടൻ ലിറ്റി ചാക്കോ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |