മുംബയ്: കുത്തിവയ്‌പ്പ് എന്നത് പലരുടെയും പേടിസ്വപ്‌നമാണ്. പനി വരുമ്പോൾ പോലും ഇഞ്ചക്ഷന് പകരം മരുന്ന് തരുമോയെന്ന് ഡോക്‌ടറോട് മിക്കവരും ചോദിക്കാറുണ്ട്. എന്നാൽ, പ്രമേഹ രോഗികൾക്ക് ഇൻസുലിൻ എടുക്കാതിരിക്കാൻ സാധിക്കില്ല. ഇങ്ങനെയുള്ളവർക്ക് ആശ്വാസമേകുന്ന പുതിയ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഐഐടി മുംബയിലെ ഗവേഷകർ.
ഐഐടി മുംബയിലെ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിലെ പ്രൊഫസർ വിരെൻ മെനെസെസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷോക്ക് വേവ് അടിസ്ഥാനമാക്കിയുള്ള സിറിഞ്ച് വികസിപ്പിച്ചെടുത്തത്. ഇതിൽ വളരെയേറെ മൂർച്ചയുള്ള സൂചിയാണ് ഉപയോഗിക്കുന്നത്. വേദന അനുഭവിക്കാതെ ചർമത്തിലേക്കിറങ്ങി മരുന്നിനെ ഉള്ളിലെത്തിക്കുന്നു. ജേണൽ ഓഫ് ബയോമെഡിക്കൽ മെറ്റീരിയൽസ് ആൻഡ് ഡിവൈസിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 'ഷോക്ക് സിറിഞ്ച്' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
എലികളിൽ പരീക്ഷിച്ച് വിജയിച്ചെന്നും മനുഷ്യരിൽ പരീക്ഷിച്ചതിന് ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സംഘം പറഞ്ഞു. സൂചികളുള്ള സിറിഞ്ചുകളിൽ നിന്നും വ്യത്യസ്‌തമാണിത്. ചർമത്തിൽ തുളച്ചുകയറാനായി ശബ്‌ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഉയർന്ന ഊർജ സമ്മർദ തരംഗങ്ങൾ (ഷോക്ക് വേവ്‌സ് ) ആണ് ഉപയോഗിക്കുന്നത്. തലമുടി നാരിന്റെയത്രയും ചെറിയ മുറിവ് മാത്രമാകും ഈ ഇഞ്ചക്ഷൻ വച്ചശേഷം ശരീരത്തിലുണ്ടാവുക.
2021ൽ പ്രൊഫസർ മെനെസെസിന്റെ ലാബിൽ വികസിപ്പിച്ച ഷോക്ക് സിറിഞ്ചിന് സാധാരണ ബോൾപോയിന്റ് പേനയെക്കാൾ അൽപ്പം കൂടി നീളമാണുള്ളത്. പ്രഷറൈസ്‌ഡ് നൈട്രജൻ വാതകമാണ് സിറിഞ്ചിൽ ഉപയോഗിച്ചിരിക്കുന്നത്. മരുന്ന് ശരീരത്തിലെത്തുന്നത് രോഗികൾ അറിയുകപോലുമില്ലെന്നാണ് ഗവേഷകരുടെ അവകാശവാദം. ഇതിന്റെ ചെലവ് കൂടി ആശ്രയിച്ചാവും ഷോക്ക് സിറിഞ്ചുകൾ ക്ലിനിക്കിൽ ഉപയോഗിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |