ആലപ്പുഴ: കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മകനെതിരായ എഫ്ഐആർ പുറത്ത്. എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഒരു സ്വകാര്യ വാർത്താചാനലാണ് എഫ് ഐ ആറിലെ വിവരങ്ങൾ പുറത്തുവിട്ടത്. കേസിലെ ഒൻപതാം പ്രതിയാണ് കനിവ്. സംഘത്തിൽ നിന്ന് മൂന്നുഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്നും എഫ് ഐ ആറിൽ പറയുന്നു.
മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന വിശദീകരണവുമായി യു പ്രതിഭ എംഎൽ എ ഇന്നലെ ഫേസ്‌ബുക്ക് ലൈവിൽ വന്നിരുന്നു. വാർത്ത വ്യാജമാണെന്നാണ് എംഎൽഎ വ്യക്തമാക്കിയത്. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും മാദ്ധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ പറഞ്ഞു,
'മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്പോൾ എക്സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോൾ വാർത്തകൾ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാൾ എംഎൽഎ ആയതും പൊതുപ്രവർത്തക ആയതുകൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കിൽ ഞാൻ നിങ്ങളോട് മാപ്പ് പറയാം, നേരെ തിരിച്ചാണെങ്കിൽ മാദ്ധ്യമങ്ങൾ പരസ്യമായി മാപ്പ് പറയണം'എന്നാണ് പ്രതിഭ ആവശ്യപ്പെട്ടിരുന്നത്. ആരും തെറ്റായ വഴിയിൽ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകൻ പോവരുതെന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും പ്രതിഭ പറഞ്ഞിരുന്നു.
എംഎൽഎയുടെ മകൻ കനിവിനെയും (21) മറ്റ് എട്ടുപേരെയുമാണ് കുട്ടനാട് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. തകഴി പാലത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |