തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ തിങ്കളാഴ്ച രാഖി കെട്ടി എത്തിയ വിദ്യാർത്ഥിനിയെ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തുകയും കൈയേറ്രത്തിന് ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ എസ്.എഫ്.ഐ നേതാവ് അമൽ മോഹനനെ കോളേജിൽ നിന്ന് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തു.
യൂണിവേഴ്സിറ്രി കോളേജ് കാമ്പസിൽ എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യം നൽകുമെന്ന എസ്.എഫ്.ഐ നേതൃത്വത്തിന്റെ ഉറപ്പ് ലംഘിച്ചത് മനഃപൂർവമാണെന്നാണ് ആക്ഷേപം. എസ്.എഫ്.ഐക്കാരുടെ തമ്മിലടിക്കും കത്തിക്കുത്തിനും പിന്നാലെ, കോളേജിൽ ശുദ്ധീകരണം നടത്തിയെന്ന കോളേജ് അധികൃതരുടെയും സർക്കാരിന്റെയും അവകാശവാദവും ഇതോടെ പൊളിഞ്ഞു. ഇതര സംഘടനകൾക്ക് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം അനുവദിക്കുമെന്ന് പറഞ്ഞവർ തന്നെ ഇതര ആശയക്കാരെ വേട്ടയാടുന്ന അവസ്ഥയാണ് കോളേജിൽ ഇപ്പോഴും തുടരുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കത്തിക്കുത്ത് കേസിൽ പ്രതികളായ നിസാമും ശിവരഞ്ജിത്തുമൊക്കെ കോളേജിന്റെ പടിക്ക് പുറത്തായെങ്കിലും ഗുണ്ടായിസത്തിന് കോളേജിൽ കുറവില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
പ്രിൻസിപ്പലിന്റെ റൂമിന് എതിർവശത്തെ ബ്ലോക്കിലെ ചരിത്രവിഭാഗത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒരാളിന് മാത്രമാണ് സസ്‌പെൻഷൻ. കൈയിൽ രാഖി കെട്ടി എത്തിയ പി.ജി വിദ്യാർത്ഥിനിയെ ക്ലാസിൽ കയറി തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തുകയും, ഭയപ്പെടുത്താനായി നേതാക്കളിലൊരാൾ ക്ലാസ് റൂമിന്റെ ജനൽച്ചില്ല അടിച്ചുപൊട്ടിക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥിനി സ്വയം രാഖി അഴിച്ചുമാറ്റി വസ്ത്രത്തിൽ ഒളിപ്പിച്ചതോടെയാണ് രാഖി കൈവശപ്പെടുത്തി നശിപ്പിക്കാനുള്ള എസ്.എഫ്.ഐ നേതാക്കളുടെ ശ്രമം പരാജയപ്പെട്ടത്. വിദ്യാർത്ഥിനി പരാതിയിൽ ഉറച്ചുനിന്നതിനെത്തുടർന്നാണ് നടപടി എടുക്കേണ്ടിവന്നത്. തിങ്കളാഴ്ച നടന്ന സംഭവത്തിൽ രണ്ടു ദിവസം താമസിപ്പിച്ചാണ് പ്രിൻസിപ്പൽ നടപടിയെടുത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ചൊവ്വാഴ്ച തന്നെ സസ്‌പെൻഡ് ചെയ്യുമെന്ന് കേട്ടിരുന്നതാണ്. സംഭവം മാദ്ധ്യമങ്ങളിൽ വന്നതോടെയാണ് ഔദ്യോഗികമായി സസ്‌പെൻഷൻ ഉത്തരവ് ഇന്നലെ പുറത്തിറക്കിയത്. ഉച്ചയോടെ ഇക്കാര്യം കോളേജിലെ ഉച്ചഭാഷിണിയിലൂടെ അറിയിക്കുകയായിരുന്നു.
എസ്.എഫ്.ഐ നേതാക്കൾ പ്രവർത്തകനെ കുത്തിയ സംഭവത്തിനു ശേഷം കോളേജിൽ ഏർപ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങൾ പരാജയപ്പെടുന്നുവെന്നും പരാതി ഉയരുന്നു. എസ്.എഫ്.ഐ നേതാക്കൾ പഴയപടി കോളേജിന്റെ നിയന്ത്രണമേറ്റെടുത്തുവെന്നും ഇത് നിയന്ത്രിക്കുന്നതിൽ കോളേജ് അധികൃതർ പരാജയപ്പെട്ടുവെന്നും പറയുന്നു.
അതേസമയം, കോളേജിലെ ജോലിത്തിരക്ക് കാരണമാണ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കാൻ കഴിയാതിരുന്നതെന്നും, കോളേജിൽ അക്രമങ്ങൾ അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ സി.സി.ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |