ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമെന്ന് സ്ഥലം സന്ദർശിച്ച കേന്ദ്ര മന്ത്രാലയങ്ങളുടെ സംയുക്ത ഉദ്യോഗസ്ഥ സംഘം കണ്ടെത്തിയതായി കേരളത്തെ ഔദ്യോഗികമായി അറിയിച്ച് കേന്ദ്ര സർക്കാർ. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചെങ്കിലും, ആവശ്യപ്പെട്ട 2219 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായത്തെക്കുറിച്ച് പരാമർശമില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്‌ത, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്‌വാളിന് അയച്ച കത്തിലാണ് വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ചതായി അറിയിച്ചത്. ഇക്കാര്യം പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതിതീവ്ര ദുരന്തമായാൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്.ഡി.ആർ.എഫ്) നിന്നുള്ള സാമ്പത്തിക സഹായമാണ് ലഭിക്കുകയെന്നും അത് കൈമാറിയെന്നും കത്തിൽ വ്യക്തമാക്കുന്നു. അന്തർ മന്ത്രാലയ സമിതിയുടെ ശുപാർശ അടക്കം പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻ.ഡി.ആർ.എഫ്) നിന്ന് അധിക സഹായത്തിന് അർഹതയുണ്ടെന്നും കേന്ദ്രം അറിയിക്കുന്നു.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള 23 എം.പിമാർ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് വയനാടിന് ഉടൻ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉടനുണ്ടാകുമെന്ന മറുപടി ലഭിച്ചിരുന്നു. ആവശ്യം അടുത്ത ബഡ്‌ജറ്റിൽ ഉൾപ്പെടുത്തണമെന്നും കേരളം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച യാതൊരു സൂചനയും കത്തിലിലില്ല.
അമിത് ഷാ പറഞ്ഞത് നുണയെന്ന് പിണറായി
വയനാട് ദുരന്തത്തിലെ നാശനഷ്ടങ്ങളുടെ ശരിയായ കണക്ക് കേരളം കൃത്യസമയത്ത് നൽകിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് പച്ചനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം കൃത്യസമയത്ത് റിപ്പോർട്ട് നൽകിയതാണ്. കേന്ദ്രം ചില്ലിക്കാശ് തന്നില്ല. നിരവധി രാജ്യങ്ങൾ കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു. ഒന്നും സ്വീകരിക്കാൻ കേന്ദ്രം തയ്യാറായില്ല. ഗുജറാത്ത് ദുരന്തസമയത്ത് വിദേശ സഹായം മോദി കൈപ്പറ്റി. കേരളം രക്ഷപ്പെടരുതെന്നുള്ളതു കൊണ്ടാണ് സഹായം വാങ്ങാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |