2024 അവസാനിച്ച് പുതിയൊരു വർഷത്തിലേക്ക് കടക്കുകയാണ് ലോകം. പുതുവർഷത്തെ ആഘോഷത്തോടെ വരവേൽക്കുമ്പോൾ വെടിക്കെട്ടുകളും മദ്യക്കുപ്പികളും ചിലർക്ക് കൂട്ടിനുണ്ടാകും. എന്നാൽ ചില രാജ്യങ്ങൾ പുതുവത്സര ആഘോഷങ്ങൾക്കൊപ്പം ചില ആചാരങ്ങൾ പിന്തുരുന്നുണ്ടെന്ന് നമുക്ക് എത്ര പേർക്ക് അറിയാം. ഒരുമിച്ചിരുന്ന് കരയുന്നത് മുതൽ ഭാഗ്യത്തിന് വേണ്ടി പ്ലേറ്റുകൾ തച്ചുടയ്ക്കുന്നത് വരെ ഇക്കൂട്ടത്തിലുണ്ട്. ചില ആചാരങ്ങൾ ചിരിപ്പിക്കുമ്പോൾ മറ്റുള്ളവ നിങ്ങളെ ഞെട്ടിക്കും. പുതുവത്സര ദിനത്തിൽ നിങ്ങളിൽ ആശ്ചര്യമുണ്ടാക്കുന്ന ആചാരങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം....
വാതിൽപ്പടിയിലെ ഉള്ളി തൂക്കൽ
പുതുവത്സര ദിനത്തിൽ ഗ്രീസിലെ വീട്ടിന്റെ മുൻവശത്തെ വാതിൽപ്പടിയിൽ നോക്കിയാൽ ഉള്ളി തൂക്കിയിട്ടത് കാണാൻ സാധിക്കും. ഉള്ളിയുടെ വേരുകൾ തുടർച്ചയായ വളർച്ചയെ പ്രതീകപ്പെടുത്തുന്നതിനാൽ ഈ വിചിത്രമായ പാരമ്പര്യം വരുന്ന വർഷത്തേക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. വരും വർഷങ്ങളിൽ കുടുംബത്തിൽ സമൃദ്ധിയും പോസിറ്റീവ് എനർജിയും ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമാണിതെന്ന് വിശ്വസിക്കുന്നു.
പ്ലേറ്റ് അടിച്ചുപൊട്ടിക്കൽ
വീടും പരിസരവും വൃത്തിയാക്കിക്കൊണ്ടാണ് ഡെൻമാർക്ക് നിവാസികൾ പുതുവർഷാഘോഷം ആരംഭിക്കുന്നത്. ഡിസംബർ 31ന് അർദ്ധരാത്രി, അതായത് പുതുവത്സര രാവിൽ ഡെൻമാർക്കിലെ ആളുകൾ ഒത്തുചേർന്ന് വാതിലിന്റെ അടുത്തെത്തി പ്ലേറ്റുകൾ തകർക്കുന്നു. തകർന്ന പ്ലേറ്റുകൾ വരും വർഷത്തിൽ ഭാഗ്യത്തിന്റെയും ശക്തമായ ബന്ധത്തിന്റെയും അടയാളമായി കണക്കാക്കപ്പെടുന്നു.
വർണാഭമായ അടിവസ്ത്രം ധരിക്കൽ
ബ്രസീൽ, മെക്സിക്കോ, ബൊളീവിയ എന്നിവയുൾപ്പെടെ നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും സ്‌പെയിനിലും ഇറ്റലിയിലും, പുതുവർഷ രാവിൽ നിങ്ങളുടെ അടിവസ്ത്രത്തിന്റെ നിറം നിങ്ങളുടെ ഭാഗ്യത്തെ സ്വാധീനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, മഞ്ഞ പണവും ചുവപ്പ് സ്‌നേഹവും കൊണ്ടുവരും, അതേസമയം വെള്ളയ്ക്ക് സമാധാനവും പിങ്ക് വാത്സല്യവും ദയയും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു.
ഉപ്പ് വിതറുന്ന ആഘോഷം
തുർക്കിയിൽ അർദ്ധരാത്രിയിൽ, വാതിൽപ്പടിയിൽ ഉപ്പ് വിതറുന്നത് പരമ്പരാഗതമായ ആഘോഷമാണ്. ഇത് പുതുവർഷത്തിന് സമൃദ്ധിയും സമാധാനവും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉപ്പ് വീടിനെ നിഷേധാത്മകതയിൽ നിന്ന് സംരക്ഷിക്കുകയും ഒരു പുതിയ തുടക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന ആശയത്തിലാണ് ഈ ആചാരം നിലകൊള്ളുന്നത്. സമാനമായി ചൈനീസ് പുതുവത്സര പാരമ്പര്യങ്ങളിൽ, കറുവപ്പട്ട ഭാഗ്യം കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു.
ഒരുമിച്ചിരുന്ന് കരയൽ
തായ്വാനിൽ പുതുവത്സര ആഘോഷം ആരംഭിക്കുന്നത് ഒരുമിച്ചിരുന്ന് കരഞ്ഞുകൊണ്ടാണ്. കുടുംബങ്ങളും സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് അവരുടെ വികാരങ്ങൾ പരസ്പരം പങ്കുവച്ച് ഒത്തുകൂടുന്നു. പുതുവത്സര രാവിൽ സന്തോഷം എന്ന പരമ്പരാഗത ആശയത്തെ തള്ളുന്ന ഈ ആചാരം, ആളുകളിലെ വൈകാരിക സംഘർഷം ഒഴിവാക്കാൻ സഹായിക്കുന്നു. രസകരമെന്നു പറയട്ടെ, 2023ൽ ഫേസ്ബുക്കിൽ 22 വയസ്സുള്ള ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥി തമാശയായിട്ടാണ് ഈ രീതി ആരംഭിച്ചത്, എന്നാൽ ഇത് പെട്ടെന്ന് ജനപ്രീതി നേടുകയും ഒരു പാരമ്പര്യമായി മാറുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |