കൊച്ചി: എറണാകുളത്തെ മെഗാനൃത്തസന്ധ്യയ്ക്കിടെ വേദിയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ എറ്റവും പുതിയ ആരോഗ്യവിവരങ്ങൾ പങ്കുവച്ച് എഫ് ബി പോസ്റ്റ്. ഉമ താേമസ് എംഎൽഎയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ടീ അഡ്മിനാണ് ആരോഗ്യവിവരങ്ങൾ പോസ്റ്റുചെയ്തത്. പുതുവത്സരത്തിലെ സന്തോഷ വാർത്ത... സെഡേഷൻ കുറച്ചു വരുന്നു, വെന്റിലേറ്റർ സപ്പോർട്ടും.. ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച ചേച്ചി ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചു.. എല്ലാവർക്കും പുതുവത്സരാംശകളും നേർന്നിട്ടുണ്ട്.. പ്രാർത്ഥനകൾ തുടരുമല്ലോ.. എന്നാണ് പോസ്റ്റ്.
ഉമ താേമസിന്റെ ആരോഗ്യനിലയിൽ ഇന്നലെത്തന്നെ ആശാവഹമായ പുരോഗതിയുണ്ടായിരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന ഉമ ഇന്നലെ രാവിലെ കണ്ണുതുറക്കുകയും ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കുകയും മക്കളെ തിരിച്ചറിയുകയും ചെയ്തിരുന്നു. നട്ടെല്ലിന്റെയും തലയുടെയും പരിക്കിനുള്ള ചികിത്സ ഫലം കണ്ടുതുടങ്ങിയെന്ന് റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് വ്യക്തമാക്കുകയും ചെയ്തു. ഇന്നലെ രാവിലെ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ആശുപത്രയിലെത്തിയിരുന്നു.
29ന് വൈകിട്ടാണ് വയനാട്ടിലെ മൃദംഗവിഷൻ സംഘടിപ്പിച്ച മെഗാ നൃത്തസന്ധ്യയ്ക്കിടെ ഉമ വേദിയിൽ നിന്ന് വീണത്. കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ കെട്ടിയ 14 അടി ഉയരമുള്ള താത്കാലിക വേദിക്ക് ബാരിക്കേഡ് പോലുമുണ്ടായിരുന്നില്ല. സംഭവത്തിൽ നടി ദിവ്യ ഉണ്ണിയുടെയും നടൻ സിജോയ് വർഗീസിന്റെയും മൊഴിയെടുക്കുമെന്നും മൃദംഗവിഷനുമായി ഇരുവർക്കുമുള്ള ബന്ധം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പരിപാടിയുടെ സാമ്പത്തിക സ്രോതസ്, പണപ്പിരിവ് എന്നിവയും അന്വേഷണ പരിധിയിലുണ്ട്. നൃത്ത അദ്ധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |