തൃശൂർ: ഹെക്ടറിൽ പത്ത് ടണ്ണോളം അധികം വിളവ്. കണ്ണിന് കുളിർമ്മയേകുന്ന പച്ചയും ഇളംപച്ചയും നിറം. അത്യുത്പാദന ശേഷിയുള്ള പ്രജനി, പ്രഗതി എന്നീ സങ്കര പാവൽ ഇനങ്ങളുമായി കാർഷിക സർവകലാശാല. വെള്ളാനിക്കര കാർഷിക കോളേജ് പച്ചക്കറിശാസ്ത്ര വിഭാഗത്തിലെ ഡോ.ടി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. സാധാരണ പാവലിനേക്കാൾ ഗുണത്തിലും ആകൃതിയിലും വ്യത്യാസമുണ്ട്. ഇന്ത്യയിൽ അത്യപൂർവമായി ഉപയോഗിച്ചിട്ടുള്ള ഗൈനീഷ്യസ് (പെൺ പൂക്കൾ മാത്രമുണ്ടാവുന്ന ചെടികളുടെ പ്രജനനം) സാങ്കേതിക വിദ്യ വഴിയാണ് വികസിപ്പിച്ചത്. ഹൈബ്രിഡ് ഇനങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാമെന്നതാണ് ഇതിന്റെ നേട്ടം. കക്കിരിയിൽ ഡോ.പ്രദീപ്കുമാർ തന്നെ പ്രയോഗിച്ചു വിജയിച്ച ഈ സാങ്കേതിക വിദ്യ, തെക്കേ ഇന്ത്യയിൽ ആദ്യമായാണ് പാവലിൽ പ്രയോഗിച്ചത്. തേനീച്ചകൾ വഴി പരാഗണം നടത്താം. ഇതിലൂടെ ഗുണമേന്മയുള്ള ഹൈബ്രിഡ് വിത്തുകൾ കുറഞ്ഞ ചെലവിലുണ്ടാക്കാം. vegseedkau@gmail.com ൽ ഇ മെയിലയച്ചാൽ കേരളത്തിനകത്തും പുറത്തും വിത്ത് ലഭിക്കും. ഹെക്ടറിന് നാല് കിലോ വിത്ത് വേണം.
ഗുണങ്ങൾ
പ്രജനി
22.4 സെന്റിമീറ്റർ നീളം. പച്ച കായ്കൾ.
ശരാശരി തൂക്കം 197 ഗ്രാം.
ഒരു ചെടിയിൽ
ശരാശരി 48 കായ്കൾ. (7.9 കിലോ വരെ)
ഹെക്ടറിൽ: 30.8 ടൺ.
പ്രഗതി
23.2 സെന്റിമീറ്റർ നീളം
ഇളംപച്ച കായ്കൾ
ശരാശരി തൂക്കം 205 ഗ്രാം.
ചെടിയിൽ
ശരാശരി 42 കായ്കൾ. (8.1 കിലോ വരെ)
ഒരു ഹെക്ടറിൽ: 37.3 ടൺ.
വിത്തുകൾ വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ നിന്നും വിതരണം തുടങ്ങി. വില കിലോയ്ക്ക് 5,000 രൂപ. സ്വകാര്യ കമ്പനികളുടെ വിത്തിന് കിലോയ്ക്ക് 10,000 രൂപ വരെയുണ്ട്.
ഡോ. ടി.പ്രദീപ്കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |