കൊച്ചി: ഡിസംബറിലെ മുൻകൂർ നികുതി അടവും ഉത്സവ കാലത്തെ അധിക ഉപഭോഗവും രൂപയുടെ മൂല്യത്തകർച്ചയും രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ പണദൗർലഭ്യം രൂക്ഷമാക്കുന്നു. ഇതോടെ വായ്പാ വിതരണത്തിന് ആവശ്യമായ പണം കണ്ടെത്താനാകാതെ ബാങ്കുകൾ പ്രതിസന്ധി നേരിടുകയാണ്. ഡിസംബറിലെ ധന അവലോകന യോഗത്തിൽ ബാങ്കുകളുടെ കരുതൽ ധന അനുപാതത്തിൽ റിസർവ് ബാങ്ക് അര ശതമാനം കുറവ് വരുത്തിയിരുന്നു. ഇതിനുശേഷം വിപണിയിൽ അധികമായി 1.6 ലക്ഷം കോടി രൂപ ലഭ്യമായെങ്കിലും ബാങ്കുകൾക്ക് വായ്പാ വിതരണത്തിന് ആവശ്യത്തിന് പണമില്ലാത്ത സാഹചര്യമാണെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു. വർഷാവസാനത്തിൽ റിസർവ് ബാങ്ക് 2.05 ലക്ഷം കോടി രൂപയാണ് അധികമായി ബാങ്കുകൾക്ക് ലഭ്യമാക്കിയത്.
രൂപയുടെ മൂല്യയിടിവ് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് പൊതുമേഖല ബാങ്കുകൾ വഴി വിപണിയിൽ ഡോളർ വിറ്റഴിക്കുന്നതാണ് പണ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 85.75ൽ എത്തിയിരുന്നു.
വായ്പാ വിതരണത്തെ ബാധിക്കുന്നു
ബാങ്കിംഗ് സിസ്‌റ്റത്തിൽ പണ ദൗർലഭ്യം രൂക്ഷമായതോടെ ഉപഭോക്താക്കളുടെ വായ്പ ആവശ്യങ്ങൾ യഥാസമയം പരിഹരിക്കാനാകാതെ ബാങ്കുകൾ വലയുകയാണ്. ഇതോടൊപ്പം വായ്പാ ചെലവ് കൂടുന്നതും ബാങ്കുകൾക്ക് വെല്ലുവിളിയാണ്. വായ്പകളുടെ പലിശ കുറയ്ക്കാതെ അധിക പണം വിപണിയിൽ ലഭ്യമാക്കുന്നതിനാണ് റിസർവ് ബാങ്ക് ഡിസംബർ ആദ്യ വാരം ധന നയത്തിൽ ബാങ്കുകളുടെ കരുതൽ ധന അനുപാതം അര ശതമാനം കുറച്ചത്. എന്നാൽ ഇതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് നൽകാനാകുന്നില്ലെന്ന് ബാങ്കർമാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |