ന്യൂഡൽഹി: ഇന്ത്യൻ ആണവ പദ്ധതിയുടെ ശില്പികളിലൊരാളും ആണവോർജ്ജ കമ്മിഷൻ മുൻ മേധാവിയുമായ ഡോ. ആർ ചിദംബരം(88) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മുംബയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1975ൽ പത്മശ്രീയും 1999ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കേ 1974ലും അടൽബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കേ 1998ലും നടത്തിയ ആണവ പരീക്ഷണങ്ങളിൽ നിർണായക പങ്ക് വഹിച്ചു. യു.എസുമായുള്ള സിവിൽ ആണവ കരാർ രൂപീകരണത്തിലും പങ്കാളിയായി.
ചെന്നൈയിൽ ജനിച്ച ചിദംബരം, ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് പിഎച്ച്.ഡി നേടിയശേഷം 1962-ൽ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ (ബാർക്ക്) ചേർന്നു. ബാർക്ക് ഡയറക്‌ടർ(1990-1993), അന്താരാഷ്‌ട്ര ആണവോർജ്ജ ഏജൻസി ബോർഡ് ഒഫ് ഗവർണേഴ്സ് ചെയർമാൻ (1994-1995), ആണവോർജ്ജ കമ്മിഷൻ ചെയർമാൻ(1993-2000) പദവികൾ വഹിച്ചു. വിരമിച്ചശേഷം ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ പിൻഗാമിയായി പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്ര ഉപദേഷ്‌ടാവായി(2001- 2018).
ആണവ പദ്ധതിയുടെ പ്രധാന ശില്പികളിലൊരാളായ ചിദംബരം ഇന്ത്യയുടെ ശാസ്ത്രീയവും തന്ത്രപരവുമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിൽ മികച്ച സംഭാവന നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്‌മരിച്ചു. അദ്ദേഹത്തിന്റെ സംഭാവനകൾ വരും തലമുറകൾക്ക് പ്രചോദനമാകുമെന്നും രാജ്യം നന്ദിയോടെ സ്മരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |