നിലമ്പൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ നിലമ്പൂർ സ്വതന്ത്ര എം.എൽ.എ പി.വി. അൻവർ അറസ്റ്റിൽ. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ആരോപണങ്ങൾ ഉന്നയിക്കുകയും ഇടതു മുന്നണി വിടുകയും ചെയ്ത അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഒന്നാം പ്രതിയാക്കിയാണ് കേസ്.
രാത്രി പത്തോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. നിലമ്പൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്. മഞ്ചേരി സബ് ജയിലിലേക്ക് മാറ്റാനാണ് സാദ്ധ്യത.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. അൻവറിന്റെ അറസ്റ്റിന് മുമ്പ് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് നിലമ്പൂർ കേന്ദ്രീകരിച്ചു ഉണ്ടായിരുന്നെന്നാണ് സൂചന.
കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് മണി മരിച്ചതിൽ പ്രതിഷേധിച്ച് ഡി.എം.കെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവമാണ് അറസ്റ്റിൽ കലാശിച്ചത്. ജാമ്യം ലഭിക്കാത്ത മൂന്ന് വകുപ്പുകൾ ഉൾപ്പെടെ എട്ട് കുറ്റം ചുമത്തി രാത്രി 9.38ന് നിലമ്പൂർ ഡിവൈ.എസ്.പി ജി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ വീട്ടിൽ കയറിയാണ് അറസ്റ്റു ചെയ്തത്. ആക്രമണങ്ങൾക്കായി സംഘം ചേരൽ, പി.ഡി.പി.പി ആക്ട് പ്രകാരം പൊതുമുതൽ നശിപ്പിക്കൽ, ഭാരതീയ ന്യായ സംഹിതയിലെ 132-ാം വകുപ്പ് പ്രകാരം പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ബലപ്രയോഗം, 121-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥർക്ക് നേരെ ബലപ്രയോഗം എന്നിവ പ്രകാരം അൻവർ ഉൾപ്പെടെ 11 പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന പത്ത് പേരാണ് മറ്റ് പ്രതികൾ. രണ്ട് പൊലീസുകാരെ മർദ്ദിച്ചു, ഇതിലൊരു പൊലീസുകാരനെ നിലത്തിച്ച് ചവിട്ടി പരിക്കേൽപ്പിച്ചു എന്നതടക്കം എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആദ്യം വഴങ്ങിയില്ല
രാത്രി എട്ടോടെ വൻപൊലീസ് സന്നാഹം എടവണ്ണ ഒതായിയിലെ വീട്ടിലെത്തി. അറസ്റ്റിന് സന്നദ്ധമാവാൻ ആദ്യം അൻവർ തയ്യാറായില്ല. ക്രിമിനൽ കുറ്റങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്പീക്കറെ അറിയിച്ചാൽ മതിയെന്ന നിലപാട് പൊലീസ് അറിയിച്ചു. തുടർന്ന് അൻവർ നിയമോപദേശം തേടി. രണ്ടുമണുക്കൂറോളം പുറത്തുകാത്തുനിന്ന പൊലീസ് ഇനിയും കാത്തുനിൽക്കാനാവില്ലെന്ന് അൻവറിനെ അറിയിച്ചു. അൻവർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ വിളിച്ചുവരുത്തി ആരോഗ്യസ്ഥിതി പരിശോധിപ്പിച്ചു. പിന്നാലെ അറസ്റ്റിന് വഴങ്ങിയപ്പോൾ പ്രവർത്തകർ നേരിയ സംഘർഷാവസ്ഥയുണ്ടാക്കി. ജാമ്യത്തിന് ശ്രമിക്കില്ലെന്ന് അൻവർ വ്യക്തമാക്കിയിരുന്നു.
അറസ്റ്റിനു പിന്നിൽ പിണറായി;
ബാക്കി കാട്ടിത്തരാം
അറസ്റ്റിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ജീവൻ ബാക്കിയുണ്ടെങ്കിൽ,പുറത്തിറങ്ങിയാൽ ബാക്കികാട്ടിത്തരാം. ഭരണകൂട ഭീകരതയാണിത്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ട്.പിണറായിയും പി.ശശിയും എന്നെ കുടുക്കാൻ കാത്തിരിക്കുകയായിരുന്നു.
-പി.വി.അൻവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |