തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന കടന്നുകയറ്റം പരിശോധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉറപ്പുനൽകിയതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം ഡൽഹിയിൽ കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്. 20,000 രൂപയിൽ കൂടുതൽ കറൻസിയായി നിക്ഷേപം നടത്തിയതിന് മുൻകാല പ്രാബല്യത്തോടെ പിഴ ഈടാക്കുന്ന നടപടിയും പരിശോധിക്കും.
മുൻവർഷത്തെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച വായ്‌പ മോറട്ടോറിയവും വായ്പ പുനക്രമീകരണവും കാലാവധി തീർന്നശേഷം സംസ്ഥാനം ആവശ്യപ്പെടുന്ന മുറയ്ക്ക് പരിഗണിക്കുമെന്നും ധനമന്ത്രി ഉറപ്പ് നൽകി.
കേരള സഹകരണ വികസന റിസ്‌ക് ഫണ്ട് ബോർഡിനുമേൽ ജി.എസ്.ടിയും നികുതിയും സാധാരണ ഗതിയിൽ ചുമത്തേണ്ടതില്ലെന്നും ഇക്കാര്യം അടുത്ത ജി.എസ്.ടി കൗൺസിലിൽ സംസ്ഥാന ധനമന്ത്രി മുഖേന കൊണ്ടുവരണമെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളായി രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ആശുപത്രികൾക്ക് ആദായനികുതി ഒഴിവാക്കുന്നതിന് നിയമപരമായ തടസങ്ങളില്ല. ആവശ്യമായ നടപടി സ്വീകരിക്കും.
പ്രളയത്തിലെ നഷ്‌ടം പരിഹരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകുന്ന റിപ്പോർട്ടും കേന്ദ്ര സംഘത്തിന്റെ സന്ദർശന റിപ്പോർട്ടും പരിഗണിച്ച് സാമ്പത്തിക സഹായം നൽകും.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് മൾട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്‌ടിൽ ആവശ്യമുള്ള ഭേദഗതി പരിഗണിക്കുമെന്ന് സഹകരണ മേഖലയുടെ കൂടി ചുമതലയുള്ള കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു. ഉയർന്ന പലിശനിരക്ക് സംബന്ധിച്ച് എൻ.സി.ഡി.ഡിയുമായി ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കോഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ ഡോ. പി. കെ. ജയശ്രീ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |