കോഴിക്കോട് : മണ്ണിലെ സൂക്ഷ്മ ജീവികളെ അറിയാനുള്ള ആകാംക്ഷയും കൗതുകവും എകരൂൽ ഉണ്ണികുളം സ്വദേശിനി ഡി.എസ് കൃഷ്ണേന്ദുവിനെ എത്തിച്ചത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് വേദിയിൽ. ഭോപ്പാലിൽ നടന്ന ബാല ശാസ്ത്ര കോൺഗ്രസിൽ 'മണ്ണിൻ്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നതിലും, ഓർഗാനിക് വേസ്റ്റ് മാനേജ്മെൻ്റിലും മണ്ണിലെ സൂക്ഷ്മജീവികളുടെ പങ്ക് ' എന്ന കൃഷ്ണേന്ദു അവതരിപ്പിച്ച പ്രോജക്ട് ദേശീയ തലത്തിൽ മികച്ച 20 പ്രോജക്ടുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടു. ബാലുശ്ശേരി ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കൃഷ്ണേന്ദുവും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഹരിത ജയനും ചേർന്നാണ് പ്രോജക്ട് പൂർത്തിയാക്കിയത്. ടീം ലീഡറായ കൃഷ്ണേന്ദുവാണ് ഭോപ്പാലിൽ നടന്ന ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്തത്. ബാലുശേരി ജി.എച്ച്.എസ്.എസിലെ അദ്ധ്യാപികയായ എൻ.പി ധന്യയുടെയും ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മിഷണർ ഓഫീസിലെ ഉദ്യോഗസ്ഥനായ സുമേഷിൻെയും മകളാണ് കൃഷ്ണേന്ദു. പനങ്ങാട് സ്വദേശികളായ ജയൻ്റെയും സബിതയുടെയും മകളാണ് ഹരിത ജയൻ.
അൽഷിമേഴ്സിന് സസ്യങ്ങളുടെ സത്ത് :
ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രൊജക്ട്
തൃശൂർ: അൽഷിമേഴ്സ് ചികിത്സയ്ക്ക് രണ്ട് സസ്യങ്ങളെ പ്രയോജനപ്പെടുത്താമെന്ന പഠനം ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ രാജ്യത്തെ 20 മികച്ച പ്രൊജക്ടുകളിൽ ഒന്നായി. ക്ളറോഡെൻഡ്രം ഇൻഡികം, കാരയോട്ട യൂറൻസ് എന്നീ ശാസ്ത്രനാമത്തിലുള്ള കുഴൽമുല്ല, ചൂണ്ടപ്പന എന്നിവയെക്കുറിച്ചാണ് തൃശൂർ സേക്രഡ് ഹാർട്ട് സ്കൂൾ വിദ്യാർത്ഥിയായ നവേദിത പി.രവി, കെ.എ.ഹയ ഇസ്മത്ത് എന്നിവർ ഭോപ്പാലിലെ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ചത്. രണ്ട് സസ്യങ്ങളുടെയും സത്തിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ മരുന്നുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കാമെന്നായിരുന്നു പഠനം. സ്കൂളിലെ ബയോളജി അദ്ധ്യാപികയായ സിജി ജോസ് കുട്ടികൾക്ക് മാർഗനിർദ്ദേശം നൽകി. ഇരുവരും പ്ളസ് വൺ വിദ്യാർത്ഥികളാണ്. തൃശൂർ പറവട്ടാനിയിൽ കാർപെന്ററായ പടിഞ്ഞാറൂട്ട് രവിയുടെയും രജിയുടെയും മകളാണ് നിവേദിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |