കോഴിക്കോട്: മാന്യമായ രീതിയിലുള്ള അറസ്റ്റിന് ഒരു ജനപ്രതിനിധി അർഹനാണെന്നും അൻവറിനെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ഒരു ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നപ്പോഴാണ് പ്രതികരിച്ചത്. നാട്ടിൽ ഇറങ്ങിയാൽ സി.പി.എം കൊല്ലും കാട് കയറിയാൽ ആന കൊല്ലും. അതാണ് അവസ്ഥ. കേരളത്തിലെ സി.പി.എം മുംബയ് അധോലോക സംഘത്തെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടത്തുന്നത്. അതിൽ അംഗങ്ങളായിരിക്കുമ്പോൾ പ്രശ്നമില്ല. പക്ഷേ, പുറത്തു നിന്നാൽ കൊല്ലപ്പെടും. അൻവർ സി.പി.എമ്മിനൊപ്പം നിന്നപ്പോൾ വലിയ പ്രശ്നം ഉണ്ടായിരുന്നില്ല. അയാൾ പാർട്ടിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പ്രശ്നം. ഒന്നുകിൽ ഇടതുപക്ഷത്തിന് വിധേയപ്പെടുക, അല്ലെങ്കിൽ വീട്ടിൽ പേരക്കുട്ടിയെ തൊട്ടിലാട്ടി കുത്തിയിരിക്കുക അല്ലാതെ വായ തുറക്കാൻ പാടില്ല എന്നു പറയുന്ന ഒരു തരം അപകടകരമായ ജനാധിപത്യ വിരുദ്ധ സമീപനമാണ് സി.പി.എം കാണിച്ചുകൊണ്ടിരിക്കുന്നത്. അൻവർ നടത്തിയ ജനാധിപത്യ പ്രവർത്തനങ്ങളെ മുസ്ലിംലീഗ് പിന്തുണയ്ക്കുന്നു. അൻവറിന്റെ രാഷ്ട്രീയ മാറ്റങ്ങളല്ല, ഭരണകൂടം അൻവറിനോട് കാണിച്ച ക്രൂരതകളാണ് ചർച്ച ചെയ്യേണ്ടതെന്നും ഷാജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |