തിരുവനന്തപുരം: പട്ടികവിഭാഗങ്ങൾക്കായി സർക്കാർ സർവീസിൽ സംവരണം ചെയ്തിട്ടുള്ള 1149 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നെന്ന 'കേരളകൗമുദി' റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പരിഹാര നടപടികൾക്ക് തുടക്കമിട്ടു.
ഏറ്റവുമധികം ഒഴിവുകളുള്ള 12 വകുപ്പുകളിൽ നിയമന നടപടികൾ വേഗത്തിലാക്കാനും തുടർച്ചയായ പരിശോധനകൾക്കുമായി നാലംഗസമിതി രൂപീകരിച്ചു. പൊതുഭരണ എംപ്ലോയ്‌മെന്റ് സെല്ലിലെ അണ്ടർസെക്രട്ടറി, സെക്ഷൻഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ എന്നിവരടങ്ങിയതാണ് സമിതി. വകുപ്പുകളിൽ പരിശോധന നടത്താൻ സമിതിക്ക് അധികാരമുണ്ടെന്ന് പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവിലുണ്ട്
ആനിമൽ ഹസ്‌ബൻഡറി, ഫയർആൻഡ് റെസ്ക്യൂ, ഹെൽത്ത്, ഹയർസെക്കൻഡറി, ഇൻഡസ്ട്രിയൽ ട്രെയിനിംഗ്, തദ്ദേശഭരണ എൻജിനിയറിംഗ്, ആരോഗ്യ വിദ്യാഭ്യാസം, പഞ്ചായത്ത്, പൊലീസ്, പൊതുവിദ്യാഭ്യാസം, പൊതുമരാമത്ത്, വൊക്കേഷണൽ ഹയർസെക്കൻഡറി വകുപ്പുകളിലാണ് പട്ടികവിഭാഗക്കാരുടെ ഏറ്റവുമധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പൂഴ്‌ത്തിയിട്ടുള്ളത്. പൊതുഭരണവകുപ്പിന്റെ സമിതിക്ക് ഈ വകുപ്പുകളിൽ പരിശോധന നടത്തി പൂഴ്‌ത്തിവച്ചിട്ടുള്ള ഒഴിവുകൾ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാനാവും. ഇവ ഉടനടി പി.എസ്.സിയെ അറിയിക്കണമെന്ന് വകുപ്പ് മേധാവികളോട് സർക്കാർ നിർദ്ദേശിക്കും. സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ പി.എസ്.സിക്ക് ഈ തസ്തികകളിൽ ഉടനടി നിയമനം നടത്താനുമാവും. പട്ടികജാതി, പട്ടികവർഗക്കാർക്കായുള്ള 59 ഗസറ്റഡ്, 953 നോൺഗസറ്റഡ്, 137 ലാസ്റ്റ്‌ഗ്രേഡ് തസ്തികകളാണ് ഒഴിച്ചിട്ടിരിക്കുന്നത്.
ഒഴിഞ്ഞുകിടക്കുന്ന 1227പട്ടികവർഗക്കാരുടെ സംവരണ തസ്തികകളിലേക്കും നിയമനം ത്വരിതപ്പെടുത്തും. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതാണ് പ്രശ്‌നം.
''പട്ടികവിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന ഈ സംവരണ തസ്തികകൾ നിയമനം നടത്താതെ ഒഴിച്ചിടാൻ പാടില്ല. സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടും''
ബി.എസ്.മാവോജി
പട്ടികജാതി പട്ടികഗോത്രവർഗ
കമ്മിഷൻ ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |