ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിന് പിന്നാലെ കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പരിഗണനാ പട്ടികയിലുള്ള ഇന്ത്യൻ വംശജയാണ് അനിത ആനന്ദ്. നിലവിൽ കാനഡയുടെ ഗതാഗത മന്ത്രിയും അഭിഭാഷകയുമാണ് 57 കാരിയായ അനിത. 2019ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച അനിത കനേഡിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിത കൂടിയാണ്.
തമിഴ്നാട് സ്വദേശിയായ അനിത ഗതാഗതം, ആഭ്യന്തര- വ്യാപാര വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. മുൻ കനേഡിയൻ പ്രതിരോധമന്ത്രികൂടിയായ അനിത ടൊറന്റോയിലെ ഓക്‌വില്ലയെ പ്രതിനിധാനം ചെയ്താണ് പാർലമെന്റിലെത്തിയത്.
1960കളിലാണ് അനിതയുടെ കുടുംബം നൈജീരിയയിലേയ്ക്ക് കുടിയേറിയത്. ശേഷം കാനഡയിലെത്തി. ഇവിടെവച്ച് 1967ൽ അനിത ജനിച്ചു. പ്രാഥമിക വിദ്യാസത്തിനുശേഷം1989ൽ ക്വീൻസ് സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ സ്വർണ മെഡലോടെ ബിരുദം. ശേഷം ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു നിയമബിരുദം, ടൊറന്റോ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം.
1995ൽ സുഹൃത്തായ ജോണിനെ വിവാഹംകഴിച്ചു. നാല് കുട്ടികൾ. 21 വർഷമായി ഓക്‌വില്ലെയിലാണ് താമസം. തമിഴ്‌നാട്ടിലും പഞ്ചാബിലുമായാണ് അനിത ആനന്ദിന്റെ കുടുംബവേരുകൾ ഉള്ളത്. അമ്മ സരോജ് ഡി റാം പഞ്ചാബ് സ്വദേശിയും അച്ഛൻ എസ്.വി (ആൻഡി) തമിഴ്‌നാട് സ്വദേശിയുമാണ്. രണ്ടുപേരും ഡോക്ടർമാരാണ്. ടൊറന്റോയിൽ അഭിഭാഷകയായ ഗീതാ ആനന്ദ്, മാക്മാസ്റ്റർ സർവകലാശാലയിൽ ഫിസിഷ്യനും ഗവേഷകയുമായ സോണിയ ആനന്ദ് എന്നിവരാണ് സഹോദരങ്ങൾ.
രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പബ്ലിക് സർവീസസ് ആന്റ് പ്രൊക്യുയർമെന്റ് മന്ത്രിയായിരുന്ന കാലത്തായിരുന്നു കൊവിഡ് 19 വ്യാപനം. അന്ന് രാജ്യത്ത് കൊവിഡ് വാക്‌സിൻ എത്തിക്കുന്നതിൽ അനിത നിർണായക പങ്കുവഹിച്ചു. 2021-ൽ കാനഡയുടെ പ്രതിരോധ മന്ത്രിയുമായി. പിന്നീട് ട്രഷറി ബോർഡിൽ പ്രവർത്തിക്കുകയും കാനഡയുടെ ഗതാഗത മന്ത്രിയാവുകയും ചെയ്തു. അനിതയെ കൂടാതെ മുൻ കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, ബാങ്ക് ഓഫ് കാനഡയുടെ മുൻ ഗവർണറായ മാർക്ക് കാർണി, ധനമന്ത്രി ഡൊമിനിക് ലേ ബ്ലാങ്ക്, വിദേശ കാര്യമന്ത്രി മെലാനി ജോളി എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |