നെന്മണിയുടെ വലിപ്പത്തിലുള്ള തടിപ്പ് നീക്കം ചെയ്യാൻ 10,000രൂപ മതിയെങ്കിൽ അത് മുഴയായി സ്തനാർബുദത്തിന്റെ നാലംഘട്ടത്തിലെത്തിയാൽ ചെലവ് ലക്ഷങ്ങളാകും. അവിടെയാണ് അതിവേഗ രോഗനിർണയത്തിൻെറ പ്രാധാന്യം.
ക്യാൻസറെന്ന യാഥാർത്ഥ്യത്തെ അംഗീകരിച്ചേ തീരൂ. അത് മുൻകൂട്ടി കണ്ടെത്താനുള്ള ഇടപെടൽ സമൂഹത്തിലുണ്ടാകണം. ജലദോഷത്തിന് പോലും ഡോക്ടറെ കാണുന്നവർ,ശരീരം പ്രകടപ്പിക്കുന്ന ചില ലക്ഷണങ്ങളെ അവഗണിക്കും. മുൻകൂട്ടി കണ്ടെത്തി ഫലപ്രദമായ ചികിത്സയ്ക്ക് പ്രശസ്ത ക്യാൻസർ രോഗവിദഗ്ദ്ധൻ ഡോ.എം.വി.പിള്ളയുടെ നിരീക്ഷണങ്ങളും കോർത്തിണക്കുകയാണ് കേരളകൗമുദി കൈകോർക്കാം ക്യാൻസറിനെതിരെ പരമ്പരയിൽ..............
ക്യാൻസർ രോഗികളിൽ വർദ്ധനവുണ്ടെങ്കിലും സംസ്ഥാനത്ത് കൃത്യമായ കണക്കില്ല. കണ്ടെത്തിയാൽ ഉടൻ സർക്കാർ തലത്തിൽ റിപ്പോർട്ട് ചെയ്യുന്ന നോട്ടിഫയബിൾ ഡിസീസായി 2008ൽ നിയമസഭ ക്യാൻസറിനെ മാറ്റിയെങ്കിലും പ്രാവർത്തികമായില്ല. ആർ.സി.സി,കൊച്ചി സെന്റർ,മലബാർ ക്യാൻസർ സെന്റർ എന്നിവിടങ്ങളിലെത്തുന്ന രോഗികളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ മാത്രം. ക്യാൻസർ ബാധിതരായ 67ശതമാനം പേരും സ്വകാര്യമേഖലയിൽ ചികിത്സതേടുന്ന നാട്ടിൽ ഈ കണക്കുകൾ അപൂർണമാണ്. എവിടെയെങ്കിലും ഒരു ക്ലസ്റ്റർ രൂപപ്പെട്ടാൽ അത് കണ്ടെത്താനാകില്ല. ആദ്യത്തെ പഴുത് അവിടെയാണ്. വിവരശേഖരണത്തിലൂടെ ക്ളസ്റ്ററുകൾ രൂപപ്പെടുന്നുണ്ടോ എന്നുനോക്കി അവിടെ കേന്ദ്രീകരിക്കണം. രോഗവ്യാപനത്തിൻെറ ആദ്യവഴി അങ്ങനെ അടയ്ക്കാം.അതിന് സർക്കാർ സംവിധാനങ്ങൾക്കേ സാധിക്കൂ. ജീവിതശൈലി പ്രധാനഘടകമായതിനാൽ അമിതവണ്ണവും മദ്യപാനവും സംബന്ധിച്ച തെറ്റായധാരണകൾ മാറ്റണം. അമിതവണ്ണമുള്ളവരിലും ഇല്ലാത്തവരിലുമുള്ള ഫാറ്റിലിവർ പ്രധാനപ്രശ്നമാണ്.
മദ്യം ഉപയോഗിക്കുന്നവരിലാണ് കൂടുതലായി കാണുന്നത്.മദ്യം ഉപയോഗിക്കാത്തവരിലുമുണ്ട്.നേരത്തെ കണ്ടുപിടിച്ചാൽ ഫാറ്റിലിവർ സിറോസിസായും അത് ക്യാൻസറായും മാറുന്നതു തടയാം. ഫാറ്റിലിവർ പ്രാരംഭഘട്ടത്തിൽ തടയാൻ ഡയറ്റും വണ്ണം കുറയ്ക്കാനുള്ള ചികിത്സകളും തേടാം. റെഡ് മീറ്റ് ഉൾപ്പെടെ മാംസാഹാരങ്ങൾ ക്യാൻസർ പ്രേരകമാണ്.
മദ്യപിച്ചിട്ടും അവർ ഭാഗ്യവാൻമാർ!
അൽപം കുടിച്ചാൽ നല്ലതാണെന്ന് പറയുന്നവരുണ്ട്. ക്യാൻസറിന് അങ്ങനെയൊരു അനുഭാവമില്ല. ഏഴോളം ക്യാൻസറുകൾക്ക് മദ്യപാനവുമായി ബന്ധമുള്ളതിനാൽ ക്യാൻസറിനെതിരെ മദ്യവർജ്ജനമാണ് നല്ലത്. ചിലർ മരണംവരെ മദ്യപിച്ചാലും ക്യാൻസർ ബാധിക്കില്ല.അവർ ഭാഗ്യവാൻമാർ! ആൽക്കഹോളിനെ ശരീരം എങ്ങനെ നിർവീര്യമാക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണത്. ചിലരുടെ ശരീരത്തിൽ ആൽക്കഹോളിനെ നിർവീര്യമാക്കാനുള്ള എൻസൈമുകൾ പാരമ്പര്യമായി ധാരാളമുണ്ടാകും. എന്നാൽ എൻസൈമുകൾ ശക്തമല്ലാത്തവരിൽ അൽപം കുടിച്ചാലും ക്യാൻസറിന് വഴിയൊരുക്കും. അതിനാൽ റിസ്ക്ക് എടുക്കേണ്ടതില്ല.
ഇനി നോക്കേണ്ടത് ജനിതക ജാതകം
രക്തബന്ധത്തിലുള്ളവരെയും സ്വസമുദായത്തിലുള്ളവരെയും മാത്രം വിവാഹം കഴിക്കുന്നവർ ഇനി നിങ്ങളുടെ ജനിതക ജാതകം കൂടി നോക്കണം. ഇക്കൂട്ടരുടെ ശരീരത്തിൽ ഓട്ടോസോമൽ റിസെസീവ് ജീനുകളുണ്ട്.
പെൺകുട്ടിയുടെ ശരീരത്തിലും കല്യാണം കഴിക്കുന്ന ആണിലും ഈ ജീനുണ്ടെങ്കിൽ ഇത് രോഗത്തിലേക്ക് നയിക്കും. അമേരിക്കയിലെ അഷ്‌കെനാസി ജൂതന്മാർക്കിടയിൽ 30ശതമാനം പേരിലും ഇത്തരത്തിൽ ക്യാൻസർ കണ്ടെത്തിയിരുന്നു. സർക്കാർ,സ്വകാര്യ മേഖലകളിൽ ഈ പരിശോധനയുണ്ട്. രക്തവും ഉമിനീരും പരിശോധിച്ച് ഇത് നിർണയിക്കാം. ക്യാൻസർ മാത്രമല്ല, കുട്ടികൾക്കുള്ള സാദ്ധ്യത, എത്രകുട്ടികളാകാം, കുട്ടികളുണ്ടായാൽ ജനിതക വൈകല്യങ്ങൾക്ക് കാരണമാകുമോ തുടങ്ങിയ സുപ്രധാന കാര്യങ്ങൾ മുൻകൂട്ടി തിരിച്ചറിയാം.ഭാവിലേക്കുള്ള മുൻകരുതലെന്ന നിലയിൽ ക്യാൻസറിനെതിരായ വഴികളെല്ലാം അടയ്ക്കുന്നതിന്റെ ഭാഗമാണിത്.
വികേന്ദ്രീകൃത ചികിത്സ
ക്യാൻസർ സെന്ററുകളുടെ ഒരു ഒ.പിയിൽ 100ഓളം പേർ പ്രതിദിനം എത്തുന്നു. ഇത് മെച്ചപ്പെട്ട ചികിത്സയെ ബാധിക്കും. അതിനാൽ ചികിത്സ വികേന്ദ്രീകരിക്കണം. താഴെതട്ടിൽ ചികിത്സയൊരുക്കണം. ഒരിക്കൽ ക്യാൻസർ സെന്ററുകളിലെത്തി ചികിത്സ നിശ്ചയിച്ചാൽ വീടിന് സമീപത്തെ ജില്ലാ,ജനറൽ ആശുപത്രികളിൽ ചികിത്സ തേടിയാൽ മതി. ഇത് ക്യാൻസർ സെന്ററുകൾക്കും മെച്ചമാണ്. രോഗികൾ കുറഞ്ഞാൽ കൂടുതൽ പഠനങ്ങളിലേക്ക് കടക്കാം. അതിവേഗ രോഗനിർണയത്തിനും മെച്ചപ്പെട്ട ചികിത്സയ്ക്കും ഇത് സഹായിക്കും.
ക്യാൻസറിനുള്ള പേരുദോഷം മാറണം. സൂചികൊണ്ട് എടുക്കേണ്ടതിനെ തൂമ്പകൊണ്ട് എടുക്കില്ലെന്ന തിരിച്ചറിവും നിശ്ചയദാർഢ്യവുമാണ് ക്യാൻസറിനെതിരായ പോരാട്ടത്തിൽ അനിവാര്യം
-ഡോ.എം.വി.പിള്ള
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |