സംസ്ഥാനത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസ് വിധിക്കുശേഷം പുറത്തുവന്ന റിജിത്ത് കൊലക്കേസിൽ തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി തിങ്കളാഴ്ച പ്രസ്താവിച്ച വിധി ന്യായം ഒരിക്കൽക്കൂടി രാഷ്ട്രീയക്കൊലപാതകങ്ങളുടെ നിഷ്ഠൂരതയിലേക്കും കുടുംബങ്ങളുടെ ആജീവനാന്തമുള്ള തകർച്ചകളിലേക്കുമാണ് വിരൽചൂണ്ടുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുവേണ്ടി സ്വന്തം പ്രാണൻ നൽകാൻ മടിയില്ലാത്ത അനേകം പേർ ഇവിടെയുണ്ട്. ഉന്നതസ്ഥാനങ്ങളിലിരുന്ന് 'ജനനേതാക്കൾ" ഒന്നു വിരലനക്കിയാൽ മതി, ഭാവിയെക്കുറിച്ചോ ഭവിഷ്യത്തിനെക്കുറിച്ചോ, സ്വന്തം കുടുംബത്തിന്റെ അനാഥാവസ്ഥയെക്കുറിച്ചുപോലുമോ ആലോചിക്കാതെ കൊല്ലാനും ചാകാനും ഇറങ്ങിത്തിരിക്കുന്നവർ ഇപ്പോഴും ഇവിടെയുണ്ട്. ഏതു പ്രസ്ഥാനത്തിൽപ്പെട്ടവരായാലും കൊല്ലപ്പെടുന്നവരും പ്രതികളാകുന്നവരുമെല്ലാം പൊതുവേ താഴേത്തട്ടിലുള്ളവർ തന്നെയാകും.
തലശ്ശേരി കണ്ണപുരത്തെ റിജിത്ത് എന്ന ഇരുപത്തഞ്ചുകാരനെ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ ചേർന്ന് 2005 ഒക്ടോബർ മൂന്നിനു രാത്രിയാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. നിയമവ്യവസ്ഥയെ കൊഞ്ഞനംകുത്തുന്ന മട്ടിൽ ദീർഘമായ ഇരുപതു വർഷങ്ങൾ വേണ്ടിവന്നു, കേസിൽ വിധി പറയാൻ. സംഭവം നടക്കുമ്പോൾ റിജിത്തിനൊപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കേസിൽ പത്തു പ്രതികളാണ് ഉണ്ടായിരുന്നതെങ്കിലും അവരിൽ ഒരാൾ വാഹനാപകടത്തിൽ മരണമടഞ്ഞിരുന്നു. ശേഷിക്കുന്ന ഒൻപതു പ്രതികൾക്കും ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. ഓരോ പ്രതിയും ഒരുലക്ഷത്തി പതിനോരായിരം രൂപ വീതം പിഴയടയ്ക്കണമെന്ന് വിധിയിലുണ്ട്. പിഴത്തുകയിൽ നിന്ന് ഒൻപതുലക്ഷം രൂപ കൊല്ലപ്പെട്ട റിജിത്തിന്റെ മാതാവിനു നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
നിസ്സാര കാരണങ്ങൾ വലിയ രാഷ്ട്രീയ ശത്രുതയിലേക്ക് വളർന്നേറുമ്പോൾ 'ശത്രു"വിന്റെ കഥ കഴിക്കുക എന്നതിനപ്പുറമൊരു വിചാരം എതിർചേരികളിൽ നിൽക്കുന്നവർക്കില്ല. ഇതിനെ പ്രോത്സാഹിപ്പിക്കാനും സഹായങ്ങൾ നൽകാനും പാർട്ടികളുടെ തലപ്പത്ത് ആൾക്കാരുമുണ്ടാകും. റിജിത്ത് വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ രണ്ടുപേർ റിജിത്തിന്റെ ബാല്യകാല കളിക്കൂട്ടുകാരാണെന്ന പ്രത്യേകത കൂടിയുണ്ട്. ഇത്തരത്തിൽ കൊല്ലാൻ പാകത്തിൽ ഇവർക്കിടയിൽ എന്തു പകയാണ് ശേഷിച്ചതെന്ന റിജിത്തിന്റെ വൃദ്ധ മാതാവിന്റെ ചോദ്യത്തിന് കൊല്ലും കൊലയുമായി നടക്കുന്ന രാഷ്ട്രീയ കോമരങ്ങളാണ് ഉത്തരം നൽകേണ്ടത്. കേരളത്തിന്റെ മണ്ണിനെ ഇടയ്ക്കിടെ രക്തത്താൽ ചുവപ്പിച്ചുകൊണ്ടിരിക്കുന്ന കാപാലിക രാഷ്ട്രീയത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ രാഷ്ട്രീയക്കാർക്കു മാത്രമേ കഴിയൂ എന്ന യാഥാർത്ഥ്യവും വിസ്മരിക്കേണ്ടതില്ല. പാർട്ടി നേതൃത്വങ്ങൾ മനസുവച്ചാൽ മാത്രം മതി, ഇത്തരമൊരു നല്ല നാളെ ഉദയം കൊള്ളാൻ. പക്ഷേ അവർ കനിയുമെന്നു തോന്നുന്നില്ല.
സമാധാനസമ്മേളനം നടത്താനും സർവകക്ഷി യോഗം സംഘടിപ്പിക്കാനും നേതൃത്വങ്ങളുണ്ടാകും. എന്നാൽ സ്വന്തം അണികളോട് കൊലക്കത്തി എടുക്കരുതെന്ന് ആജ്ഞാപിക്കാൻ ഒരു പാർട്ടി നേതൃത്വവും മുന്നോട്ടു വരില്ല. സംസ്ഥാനത്തിന്റെ ശാപവും അതാണ്. കൊല്ലപ്പെടുന്നവരുടെയും കൊല്ലാൻ കൊലക്കത്തിയുമായി നടക്കുന്നവരുടെയും കുടുംബങ്ങളുടെ വ്യഥയും കണ്ണീരും ഒന്നുതന്നെയാണ്. ഇരുകൂട്ടരുടെയും ഭാവിജീവിതം ഇരുൾ മൂടിയതു തന്നെയാകും. നഷ്ടപ്പെട്ട മകനെയോ ഭർത്താവിനെയോ സഹോദരനെയോ ഓർത്ത് ഒരു വീട്ടുകാർ വിലപിക്കുമ്പോൾ, ജയിലിലായിപ്പോയവരെ ഓർത്താകും മറ്റേ കുടുംബത്തിന്റെ വേവലാതി. ഒരേ നാട്ടിൽ കഴിയുന്നവരാകും ഇവരൊക്കെ. അമ്മമാരുടെയും സഹോദരിമാരുടെയുമൊക്കെ വിലാപം ഇത്തരത്തിൽ ഉയരാൻ തക്ക രാഷ്ട്രീയ വൈരം വേരുപിടിപ്പിക്കേണ്ട സാഹചര്യമൊന്നും ഇവിടെയില്ല. അല്ലാതെ തന്നെ പലവിധ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ പകച്ചു കഴിയുന്ന സാധാരണ കുടുംബങ്ങൾക്കു മേൽ തീ കോരിയിടുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ നിന്നുള്ള മോചനം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |