വരുമാന വർദ്ധന പ്രതീക്ഷിച്ച് ചെറുകിട നിക്ഷേപകർ
കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിലെ കനത്ത തിരിച്ചടിയിലും തളരാതെ ചെറുകിട നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിലേക്ക് ആവേശത്തോടെ പണമൊഴുക്കുന്നു. ഡിസംബറിൽ മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 15 ശതമാനം വളർച്ചയോടെ 41,156 കോടി രൂപയായി. നവംബറിൽ മ്യൂച്വൽ ഫണ്ടുകളിൽ 35,943 കോടി രൂപയാണ് ലഭിച്ചത്. ചരിത്രത്തിലേക്കും ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ നിക്ഷേപമാണ് കഴിഞ്ഞ മാസം ലഭിച്ചതെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ(എഎം.എഫ്.ഐ) കണക്കുകൾ പറയുന്നു. ഡിസംബറിൽ സെൻസെക്സ്, നിഫ്‌റ്റി എന്നീ പ്രധാന സൂചികകൾ രണ്ട് ശതമാനം ഇടിവ് നേരിട്ടിരുന്നു.
ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾക്കാണ് പ്രിയം ഏറെയുള്ളത്. ഡിസംബറിൽ മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകളിൽ 13.5 ശതമാനവും സ്മാൾ ക്യാപ് ഫണ്ടുകളിൽ 4.3 ശതമാനവും നിക്ഷേപ വർദ്ധനയുണ്ട്. അതേസമയം ലാർജ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം 21 ശതമാനം ഇടിഞ്ഞു. സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പ്ളാനുകൾ(എസ്.ഐ.പി) വഴിയുള്ള നിക്ഷേപം റെക്കാഡ് ഉയരമായ 26,459 കോടി രൂപയിലെത്തി.
ഓഹരി വിപണിയിൽ വീണ്ടും ഇടിവ്
ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങളിൽ ഓഹരി വിപണി ഇന്നലെയും അടിതെറ്റി. സെൻസെക്സ് 528.28 പോയിന്റ് നഷ്‌ടത്തോടെ 77,620.21ൽ അവസാനിച്ചു. നിഫ്‌റ്റി 162.45 പോയിന്റ് ഇടിഞ്ഞ് 23,526.50ൽ എത്തി. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റമാണ് വിപണിക്ക് സമ്മർദ്ദം വർദ്ധിപ്പിക്കുന്നത്. എഫ്.എം.സി.ജി മേഖലയിലെ ഓഹരികൾ മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്. ബാങ്കിംഗ്, റിയൽറ്റി, ഇന്ധന മേഖലകളിലെ ഓഹരി വിലകളിൽ കനത്ത ഇടിവുണ്ടായി.
ആഭ്യന്തര നിക്ഷേപകർക്ക് ആവേശം
വിദേശ ധനകാര്യ സ്ഥാപനങ്ങൾ വലിയ തോതിൽ പണം പിൻവലിക്കുമ്പോഴും
ആഭ്യന്തര നിക്ഷേപകരുടെ പിന്തുണയാണ് കനത്ത തകർച്ചയിൽ നിന്ന് ഇന്ത്യൻ ഓഹരി വിപണിയെ സംരക്ഷിക്കുന്നത്. ചെറുകിട നിക്ഷേപകർ മുൻപൊരിക്കലുമില്ലാത്ത വിധമാണ് വിപണിയിലേക്ക് പണമൊഴുക്കുന്നത്. ഡിസംബറിൽ മാത്രം 54.27 ലക്ഷം പുതിയ സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ്(എസ്.ഐ.പി) അക്കൗണ്ടുകളാണ് രജിസ്റ്റർ ചെയ്തത്.
മൊത്തം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 10.32 കോടിയായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |