ക്ഷീര കർഷകർക്ക് അധിക വായ്‌പ ലഭ്യമാക്കും
തിരുവനന്തപുരം: ക്ഷീരമേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിച്ച് കർഷക ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിന് കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനും(മിൽമ) കേരള സംസ്ഥാന സഹകരണ ബാങ്കും(കേരള ബാങ്ക്) കൈകോർക്കുന്നു. കേരള ബാങ്ക് ആസ്ഥാനത്ത് മിൽമ ചെയർമാൻ കെ.എസ് മണി, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മിൽമ മാനേജിംഗ് ഡയറക്‌ടർ ആസിഫ് കെ. യൂസഫും കേരള ബാങ്ക് സി.ഇ.ഒ ജോർട്ടി എം. ചാക്കോയും ധാരണാപത്രം കൈമാറി.
ക്ഷീര കർഷകർക്കുള്ള വിവിധ ക്ഷേമ പദ്ധതികളിലൂടെ പാൽ ഉത്പാദനത്തിലും വിപണനത്തിലും മുന്നേറ്റമുണ്ടാക്കാൻ മിൽമയ്ക്ക് സാധിച്ചെന്ന് കെ.എസ് മണി പറഞ്ഞു. കേരള ബാങ്കുമായി കൈകോർക്കുന്നതിലൂടെ സേവനങ്ങൾ വിപുലപ്പെടുത്താനും ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ സഹകരണ പ്രസ്ഥാനമായ മിൽമയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. വിപണി വിപുലീകരിക്കാൻ മിൽമ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. മിൽമ മാർക്കറ്റിംഗ് കൺസൾട്ടന്റ് ശ്രീജിത്ത് നായർ, മിൽമ ഫിനാൻസ് അസിസ്റ്റന്റ് മാനേജർ വിമൽ ദേവ് എന്നിവരും പങ്കെടുത്തു.
മിൽമ
കേരളത്തിലെ 10.6 ലക്ഷം ക്ഷീര കർഷകരെ പ്രതിനിധീകരിക്കുന്ന മിൽമ പ്രതിദിനം 17 ലക്ഷത്തിലധികം ലിറ്റർ പാൽ വിതരണം ചെയ്യുന്ന ഏറ്റവും വലിയ സഹകരണ സ്ഥാപനമാണ്. 30,000ൽ അധികം പാൽ വിതരണ ഏജൻസികളും അനുബന്ധ സ്ഥാപനങ്ങളും മിൽമയുടെ കീഴിലുണ്ട്
ക്ഷീരകർഷകർക്ക് ലളിത വ്യവസ്ഥയിൽ വായ്പകൾ
ക്ഷീരകർഷകർക്ക് ലളിതമായ വ്യവസ്ഥകളോടെ മൂന്ന് ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കുന്ന ക്ഷീരമിത്ര വായ്പാ പദ്ധതിയാണ് നടപ്പാക്കുന്നത്, മിൽമയുടെ ഉത്പ്പന്നങ്ങൾ വിപണനം ചെയ്യുന്ന ഫ്രാഞ്ചൈസി ഉടമകൾക്ക് സ്റ്റോക്ക് അല്ലെങ്കിൽ വിറ്റുവരവ് അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ക്രെഡിറ്റും നൽകും. മൂന്നു വർഷമാണ് ധാരണാ പത്രത്തിന്റെ കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |