കൊച്ചി: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ ദാരിദ്ര്യം നിറഞ്ഞ മുഖം മാറ്റി കൊച്ചി മെട്രോ സ്റ്റേഷൻ പോലെയാകും. ഇതിനായി എല്ലാ ഡിപ്പോകളും ബ്രാൻഡ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ കെ.എസ്.ആർ.ടി.സി ആരംഭിച്ചു. ബ്രാൻഡിംഗ് കരാറിലെത്തുന്ന സ്വകാര്യ കമ്പനികൾ സ്റ്റാൻഡിന്റെ നവീകരണം,കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും ടോയ്‌ലെറ്റിന്റെയും നവീകരണം തുടങ്ങിയവ ചെയ്യും.
രാത്രികാലങ്ങളിലടക്കം യാത്രക്കാർക്ക് സുരക്ഷിതമായി ഡിപ്പോകളിലിരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ,സി.സി.ടി.വി ക്യാമറകൾ എന്നിവയടക്കമുള്ള സുരക്ഷാസംവിധാനങ്ങളും ഒരുക്കും. കൊച്ചി മെട്രോ സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്ത മാതൃകയാണ് കെ.എസ്.ആർ.ടി.സിയും അവലംബിക്കുക. താത്പര്യം അറിയിച്ച കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.
നാല് ഡിപ്പോകൾ ബ്രാൻഡ് ചെയ്യാനുള്ള താത്പര്യപത്രമാണ് ലഭിച്ചത്. അവ ഏതാണെന്ന് ഒരാഴ്ചയ്‌ക്കകം തീരുമാനമാകുമെന്ന് കെ.എസ്.ആർ.ടി.സി എസ്റ്റേറ്റ് വിഭാഗം അറിയിച്ചു. ഓരോ ഡിപ്പോയും ഓരോ കമ്പനിയാകും ഏറ്റെടുക്കുക. ഇവർക്ക് കമ്പനിയുടെ കളർകോഡുകളും ലോഗോയും ഡിപ്പോയിൽ പെയിന്റ് ചെയ്യാം. പരസ്യങ്ങളും നൽകാം. സംസ്ഥാനത്തെ 93 കെ.എസ്.ആർ.ടി.സി ഡിപ്പോകളും ബ്രാൻഡിംഗിന് ലഭ്യമാക്കും.
നടത്തിപ്പ് കെ.എസ്.ആർ.ടി.സിക്ക്
ഡിപ്പോകളുടെ നടത്തിപ്പും ഉടമസ്ഥതയും കെ.എസ്.ആർ.ടി.സിക്കാണ്. കരാർ കാലാവധി ചർച്ച ചെയ്ത് തീരുമാനിക്കും. ഡിപ്പോകളുടെ എല്ലാ പ്രവർത്തനങ്ങളും നടത്താനാവുന്ന സ്ഥാപനങ്ങൾക്കായിരിക്കും കരാർ നൽകുക.
കമ്പനികൾ ചെയ്യേണ്ടത്
ബസ് സമയം അറിയാൻ എൽ.ഇ.ഡി ഡിസ്‌പ്ളേ ബോർഡ്
എ.സി കാത്തിരിപ്പ് കേന്ദ്രം
ടോയ്‌ലെറ്റ് പരിപാലനം
പൂന്തോട്ടം
ശുചീകരണ തൊഴിലാളികളെ നൽകൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |