മുംബയ്: ഓരോ ദിവസം കഴിയുംതോറും ഇന്ത്യൻ റെയിൽവെയുടെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ട്രെയിനാണ് വന്ദേഭാരത് എക്സ്പ്രസുകൾ. കേരളത്തിലടക്കം സർവീസ് നടത്തുന്ന ട്രെയിനുകൾ വലിയ വരുമാനമാണ് ഇന്ത്യൻ റെയിൽവെയുടെ ഖജനാവിലെത്തിക്കുന്നത്. ഇന്ത്യയിലെ വിവിധ റൂട്ടുകളിലേക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അടക്കം അവതരിപ്പിക്കാനും റെയിൽവെയ്ക്ക് പദ്ധതിയുണ്ട്. ഇപ്പോഴിതാ വന്ദേഭാരത് എക്സ്പ്രസിനെക്കൊണ്ട് വരുമാനം ഇരട്ടിപ്പിക്കാനുള്ള പുതിയ വഴി തുറന്നിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ.
വന്ദേഭാരത് എക്സ്പ്രസിൽ സിനിമ ചിത്രീകരിക്കാൻ റെയിൽവെ അനുമതി നൽകി. മുംബയ്-അഹമ്മദാബാദ് റൂട്ടിലോടുന്ന വന്ദേഭാരത് എക്സ്പ്രസിൽ പരസ്യചിത്രം ചിത്രീകരിക്കാനാണ് പശ്ചിമ റെയിൽവെ അനുമതി നൽകി. മുംബയ് സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിൽ ബുധനാഴ്ച ഒരു ദിവസത്തെ ചിത്രീകരണത്തിന് 21 ലക്ഷം രൂപ ഇന്ത്യൻ റെയിൽവെയ്ക്ക് ലഭിക്കുകയുണ്ടായി.
വന്ദേഭാരതിൽ ആദ്യമായാണ് ചിത്രീകരണം അനുവദിച്ചത്. 2024-25 സാമ്പത്തിക വർഷത്തിൽ നാല് പരസ്യ ചിത്രങ്ങൾ, മൂന്ന് ഫീച്ചർ ഫിലിമുകൾ, ഒരു വെബ്സീരീസ്, ഒരു ടിവി പ്രമോ ഷൂട്ട് എന്നിവയുൾപ്പടെ ഒൻപതോളം ഷൂട്ടിംഗുകളാണ് നടന്നത്. ഇവയിൽ നിന്ന് മാത്രം പശ്ചിമ റെയിൽവെയ്ക്ക് ഒരു കോടിയോളം രൂപ വരുമാനമായി ലഭിച്ചെന്നാണ് റിപ്പോർട്ട്.
ഏകജാലക ക്ലിയറൻസ് സംവിധാനം നിലവിൽ വന്നതോടെ സിനിമ ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നത് എളുപ്പമായതായി റെയിൽവെ അറിയിച്ചു. പുതിയ സംരംഭം ഭാവിയിൽ റെയിൽവെയുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ റെയിൽവെ ലൊക്കേഷനുകളിലേക്ക് സിനിമാക്കാരെ ആകർഷിക്കാനും കാരണമാകുമെന്ന് പശ്ചിമറെയിൽവെ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |