ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ വിദ്യാർത്ഥി പിടിയിൽ. പ്ലസ് ടുവിന് വിദ്യാർത്ഥിയാണ് പിടിയിലായിരിക്കുന്നത്. ഒരാഴ്ചയായി തുടരെ സ്കൂളുകൾക്ക് ബോംബ് ഭീഷണി വന്നിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥി പിടിയിലായത്.
സ്കൂളിലെ പരീക്ഷ എഴുതുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടിയുടെ മൊഴി. ഒന്നിലധികം മെയിലുകളിലൂടെ നിരവധി സ്കൂളുകൾക്ക് കുട്ടി ബോംബ് ഭീഷണി അയച്ചു. സ്വന്തം സ്കൂൾ മാത്രം വച്ചാൽ സംശയം തോന്നുമെന്ന് കരുതിയ വിദ്യാർത്ഥി 23 ഓളം സ്കൂളുകളുടെ പേര് പട്ടികയിൽ ചേർത്തിരുന്നതായി പൊലീസ് പറയുന്നു.
ബോംബ് ഭീഷണി മുഴക്കിയാൽ പരീക്ഷ നിർത്തിവയ്ക്കുമെന്ന് കരുതിയാണ് കുട്ടി ഇത് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. അടുത്തിടെ ഡൽഹിയിൽ നിരവധി വ്യാജ ബോംബ് ഭീഷണികൾ വരുന്നുണ്ട്. ഭീഷണിയെ തുടർന്ന് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ തിരിച്ചയക്കാറുണ്ട്. നേരത്തെ ഡൽഹിയിലെ മൂന്ന് സ്കൂളുകളിലുണ്ടായ ബോംബ് ഭീഷണികൾക്ക് പിന്നിൽ വിദ്യാർത്ഥികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരീക്ഷ മാറ്റിവയ്ക്കാനും സ്കൂൾ അടച്ചിടാനുമാണ് ഇങ്ങനെ ചെയ്തതെന്ന് അന്ന് വിദ്യാത്ഥികൾ മൊഴി നൽകിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ 20ന് സിആർപിഎഫ് സ്കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. സ്പോടനത്തിൽ മതിൽ തകർന്നെങ്കിലും ആളാപായമില്ല. ഇതിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് പരിശോധന വ്യാപകമാക്കിയിരുന്നു. സ്കൂളിൽ മാത്രമല്ല വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഇത്തരത്തിൽ ബോംബ് ഭീഷണികൾ വരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |