പാലാ: ന്യൂസിലൻഡ് പൊലീസിലെ ആദ്യ മലയാളി ഉദ്യോഗസ്ഥയായ പാലാക്കാരി അലീന അഭിലാഷിനും പഞ്ചാബിയായ കരൺവീർ സിംഗ് സൈനിക്കും ദൈവത്തിന്റെ സ്വന്തം നാട്ടിൽ പ്രണയസാഫല്യം. ഇന്നലെ പാലാ കത്തീഡ്രൽ പള്ളിയിൽ ഫാ.റോബിൻ കുര്യൻ കോയിക്കാട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിവാഹച്ചടങ്ങിൽ കരൺവീർ അലീനയുടെ കഴുത്തിൽ മിന്നുകെട്ടി. ഇരുവരുടേയും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധിപ്പേർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.
മൂന്ന് വർഷം മുൻപ് ന്യൂസിലൻഡിലെയൊരു പാർക്കിൽ വച്ചാണ് കരൺവീർ അലീനയോട് പ്രണയം അറിയിക്കുന്നത്. പിന്നീട് ഇരുവരും തങ്ങളുടെ പ്രണയം വീട്ടുകാരോട് പറയുകയും തുടർന്ന് വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച് വിവാഹം നാട്ടിൽ നടത്താൻ തീരുമാനിക്കുകയുമായിരുന്നു.
കരൺവീർ സിംഗ് സൈനി ഓക്‌ലൻഡിൽ ടോമി ഹിൽഫിഗർ കമ്പനിയുടെ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയാണ്. കരൺവീറിന്റെ മാതാപിതാക്കൾ മുംബയിൽ സ്ഥിരതാമസമാണ്. പിതാവ് ഹർഭജൻ സിംഗ് സൈനി ബിസിനസുകാരനാണ്. മാതാവ് ഹരീന്ദർ കൗർ സൈനി. ഏക സഹോദരി മൻരിത് കൗർ സരണി അദ്ധ്യാപികയാണ്.
ന്യൂസിലൻഡിലെ പാമർസ്റ്റൺ നോർത്തിൽ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. ഒട്ടാഗോ യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയും ക്രിമിനോളിയും പഠിച്ച ശേഷമാണ് ന്യൂസിലാൻഡ് പൊലീസിൽ ചേർന്നത്. ആറാം ക്ലാസ് വരെ പാലാ ചാവറ പബ്ളിക് സ്കൂളിൽ പഠിച്ച ശേഷം അലീന മാതാപിതാക്കൾക്കൊപ്പം ന്യൂസിലൻഡിലേക്ക് കുടിയേറുകയായിരുന്നു.വിക്ടോറിയ കോളജിൽ നിയമ വിദ്യാർത്ഥിയായ ആൽബി അഭിലാഷാണ് അലീനയുടെ സഹോദരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |