തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനും കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുമായ എൻ.പ്രശാന്തിന്റെ സസ്‌പെൻഷൻ നാലു മാസത്തേക്ക് നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി.
ഭരണ സംവിധാനത്തിന്റെ പ്രതിച്ഛായ മോശമാക്കി, മേൽ ഉദ്യോഗസ്ഥനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് രണ്ടുമാസം മുമ്പാണ് സസ്‌പെൻഡ്ചെയ്തത്.
കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് ഇതുവരെ മറുപടി നൽകിയിരുന്നില്ല.
അതേസമയം മതം അടിസ്ഥാനമാക്കി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണം നേരിട്ട വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ സസ്‌പെൻഷൻ സർക്കാർ പിൻവലിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷയായ അവലോകന സമിതിയുടെ ശുപാർശ അനുസരിച്ചാണ് നടപടി.ഗോപാലകൃഷ്ണന്റെ വിശദീകരണം അച്ചടക്ക പുനഃപരിശോധന സമിതി അംഗീകരിച്ചിരുന്നു.
സമൂഹ മാദ്ധ്യമത്തിലൂടെ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ നിരന്തരം അവഹേളിച്ചതാണ് പ്രശാന്തിന്റെ സസ്‌പെൻഷനിലേക്ക് നയിച്ചത്. പട്ടികജാതിവർഗ വിഭാഗങ്ങൾക്കുള്ള ക്ഷേമത്തിനും പദ്ധതിനിർവഹണത്തിനുമുള്ള 'ഉന്നതി'യുടെ ഫയലുകൾ കാണാനില്ലെന്നും സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന പ്രശാന്ത് വ്യാജഹാജർ രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ജയതിലക് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |