വടക്കഞ്ചേരി: ഉൽപാദന ചിലവിന് അനുപാതികമായി റബ്ബർ ഷീറ്റിനും ഒട്ടുപാലിനും വില ലഭിക്കാത്ത കർഷകർക്ക് റബർകുരുവിന്റെയും തോട്ട പയറിന്റെയും വില വർദ്ധന ആശ്വാസമാകുന്നു. ഇവയ്ക്ക് രണ്ടിനും ഡിമാൻഡ് വർദ്ധിച്ചതാണ് പ്രതീക്ഷയേകുന്നത്. മഴക്കാലം നീണ്ടതോടെ റബർ കുരുവിന് ക്ഷാമം നേരിടുന്നുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വിപുലമായ രീതിയിൽ റബർ നഴ്സറികൾ നടത്തുന്ന മലയാളികൾ കിലോ 150 രൂപയ്ക്കാണ് കഴിഞ്ഞ വർഷം കുരു ശേഖരിച്ചത്. ഇത്തവണ നവംബറിൽ റബർകുരു വില 140 രൂപയിലെത്തിയിരുന്നു. നിലവിൽ കുരു ഒരിടത്തും കിട്ടാനില്ലെന്ന് നഴ്സറിക്കാർ പറയുന്നു. മലയൻ, നാടൻ ഇനങ്ങൾ ഇല്ലാതായതോടെ ബഡ് മരങ്ങളുടെ കുരുവാണ് ഇപ്പോഴുള്ളത്. റബർകുരു ശേഖരിക്കാൻ ഇക്കാലത്ത് ആരും താത്പര്യപ്പെടാത്തതും ക്ഷാമത്തിന് കാരണമായി. സാധാരണ ആഗസ്റ്റ് മുതൽ സെപ്തംബർ വരെയാണ് ശേഖരണകാലം. ഇക്കൊല്ലം തോട്ടങ്ങളിൽ വിരളമായേ റബർകുരു പൊട്ടിവീണുള്ളു.
തോട്ടപ്പയറിനും വില കൂടുന്നു
ആവശ്യക്കാർ കൂടിയതോടെയാണ് തോട്ടപ്പയറിനും ഇക്കൊല്ലവും മെച്ചപ്പെട്ട വില ലഭിക്കുന്നത്. റബർതോട്ടങ്ങളിൽ തണുപ്പും ഈർപ്പവും നിലനിറുത്താനും കളകൾ നിയന്ത്രിക്കാനുമാണ് തോട്ടപ്പയർ കൃഷിചെയ്യുന്നത്. റബർ ഉത്പാദനം കൂടാനും മണ്ണിലെ നൈട്രജന്റെ അളവ് നിലനിറുത്താനും സഹായകമാണ്. കാലിത്തീറ്റയായും ഉപയോഗിക്കാം. റബർ തൈകളുടെ ചുവട്ടിൽ തണുപ്പുകിട്ടാൻ നടുന്ന നാടൻ പടൽ വിത്ത് കിലോയ്ക്ക് കഴിഞ്ഞ വർഷം ആയിരം രൂപ വരെ ഉയർന്നിരുന്നു. അടുത്ത മാസം വേനലിൽ പയർ ബീൻസ് ഉണങ്ങി വിത്ത് ശേഖരിക്കുമ്പോൾ 700 രൂപയിൽ കുറയാതെ വില ലഭിക്കുമെന്ന് വ്യാപാരികൾ പറയുന്നു.
കേരളത്തിൽനിന്ന് തോട്ടപ്പയർ വിത്ത് മലേഷ്യ, തായ്ലാൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. അവിടെ റബറിനും എണ്ണപ്പനയ്ക്കും ഇടവിളയായി തോട്ടപ്പയർ കൃഷി ചെയ്യുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റബർ തോട്ടങ്ങളിലേക്കും വിത്ത് കൊണ്ടുപോകുന്നുണ്ട്. സമീപകാലത്ത് വിഷാംശമുള്ള കാട്ടുപയർ വ്യാപകമായതോടെ നാടൻ പടൽ തോട്ടങ്ങളിൽ ഇല്ലാതായി. ഈ സാഹചര്യത്തിൽ എത്ര ഉയർന്ന വിലയിലും ഇവയുടെ വിത്തു വാങ്ങാൻ നഴ്സറിക്കാർ തയാറായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |