നിഖിൽ ഖോ ഖോ ലോകകപ്പിലെ മലയാളിത്തിളക്കം
തിരുവനന്തപുരം : ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ രാവിലെയും വൈകിട്ടും ട്യൂഷന് പോകുന്നത് ഒഴിവാക്കാനാണ് നിഖിലും സഹോദരൻ നിതിനും സ്കൂളിൽ ഖോ ഖോ പരിശീലിപ്പിച്ചിരുന്ന സഞ്ജയ് സാറിന് അടുക്കലേക്ക് എത്തിയത്. ഇപ്പോൾ ആദ്യമായി നടക്കുന്ന ഖോ ഖോ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ഏകമലയാളി താരമായി മാറിയിരിക്കുകയാണ് നിഖിൽ ബി. നാളെയാണ് ന്യൂഡൽഹിയിൽ പ്രഥമ ഖോ ഖോ ലോകകപ്പ് തുടങ്ങുന്നത്. ഉഴമലയ്ക്കലിനടുത്ത് പനയ്ക്കോട് കുര്യാത്തി സ്വദേശിയായ നിഖിൽ എട്ടാം ക്ളാസുമുതൽ ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന താരമാണ്. ആൾറൗണ്ടർ പൊസിഷനിലാണ് കളിക്കുന്നത് . സ്കൂൾ നാഷണലുകളിലും ദേശീയ ജൂനിയർ,സീനിയർ ചാമ്പ്യൻഷിപ്പുകളിലും നിരവധി മെഡലുകൾ നേടി. 2022ലെ ഗുജറാത്ത് ദേശീയ ഗെയിംസിൽ വെള്ളിമെഡലും 2023ലെ ഗോവ ദേശീയ ഗെയിംസിലെ വെങ്കല മെഡലും നേടിയ കേരള ടീമുകളുടെ നെടുംതൂണായിരുന്നു. പ്രൊഫഷണൽ ഖോ ഖോ ലീഗായ അൾട്ടിമേറ്റ് ഖോ ഖോയിൽ രണ്ട് സീസണുകളിലായി കളിക്കുന്നു.
സഹോദരൻ നിഖിൽ ഇപ്പോൾ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ ക്യാമ്പിലുണ്ട്. ഇരുവരും ഒരുമിച്ച് ദേശീയ ഗെയിംസിൽ കളിക്കാൻ അവസരം പ്രതീക്ഷിക്കുന്നുണ്ട്.
രാജ്യത്തിന് വേണ്ടി ലോകകപ്പിൽ കളിക്കുകയെന്നത് ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് നിഖിൽ പറയുന്നു. കേരളത്തിൽ ഖോ ഖോയ്ക്ക് പ്രൗഡമായ പാരമ്പര്യമാണുള്ളതെന്നും പഴയ പ്രതാപത്തിലേക്ക് ഈ കായിക ഇനം തിരിച്ചെത്തുന്ന കാലമാണ് സ്വപ്നമെന്നും നിഖിൽ പറയുന്നു.
കേന്ദ്ര 'ബിന്ദു' അമ്മ
അനാഥാലയത്തിൽ വളർന്ന അമ്മയുടെ ഖോ ഖോ താരമാകണമെന്ന മോഹം സഫലമാക്കിയ മകൻ
താൻ ഒരു ഖോ ഖോ കളിക്കാരനായി മാറിയതിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് അമ്മ ബിന്ദുവാണെന്ന് നിഖിൽ പറയുന്നു. ട്യൂഷൻ ഒഴിവാക്കാൻ വേണ്ടി ഖോ ഖോ കളിക്കാൻ പോയെങ്കിലും വീട്ടിലറിഞ്ഞാൽ അത് പ്രശ്നമാകുമോ എന്ന് കരുതി മതിയാക്കിയിരുന്നു. അച്ഛൻ ബിനുകുമാർ അന്ന് ഗൾഫിലായിരുന്നു. പഠിത്തം ഉഴപ്പി ഖോ ഖോ കളിക്കാൻ പോകുന്നതറിഞ്ഞാൽ അമ്മ വടിയെടുക്കുമെന്ന് കരുതിയെങ്കിലും നേരേ മറിച്ചായിരുന്നു കാര്യങ്ങൾ. ഖോ ഖോയെന്ന് കേട്ടപ്പോഴേ അമ്മ ഹാപ്പി. അതിനൊരുകാരണമുണ്ടായിരുന്നു, അനാഥയായ ബിന്ദു തിരുവനന്തപുരത്തെ ശ്രീ ചിത്രാഹോമിലാണ് വളർന്നത്. അവിടെ സ്കൂൾ കാലത്ത് ഖോ ഖോ കളിക്കാരിയായിരുന്നു. ദേശീയ തലത്തിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീവിത പ്രാരാബ്ധങ്ങളിലേക്ക് വന്നപ്പോൾ ആ വേഷം ഉപേക്ഷിച്ചു.
തന്റെ സ്വപ്നം ആകസ്മികമായി മക്കളെത്തേടിയെത്തിയപ്പോൾ ആ അമ്മ അതിനുവേണ്ടി തുനിഞ്ഞിറങ്ങി.മക്കളെ കൃത്യസമയത്ത് കോച്ചിംഗിനും സ്കൂളിലും എത്തിക്കാനായി മാത്രം സ്കൂട്ടർ പഠിച്ചു. ഗൾഫിൽനിന്നുള്ള ചെറിയ വരുമാനത്തിനുപരി മക്കൾക്ക് നല്ല ഭക്ഷണം നൽകാൻ തയ്യലുൾപ്പടെയുള്ള തൊഴിലുകൾ ചെയ്തു. ഒടുവിൽ മകനിലൂടെ അമ്മയുടെ സ്വപ്നങ്ങൾ പൂവണിയുന്ന കാലം വന്നെത്തിയിരിക്കുന്നു.
രാജ്യത്തിന് വേണ്ടി ലോകകപ്പിൽ കളിക്കാനായി എന്നെ പ്രാപ്തനാക്കിയ അമ്മയ്ക്കും അച്ഛനും പരിശീലകരായ സഞ്ജയ് കുമാർ, പിള്ള സാർ,ജയൻ സാർ,ഖോ ഖോ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു.
- നിഖിൽ. ബി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |