കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശൂരനാട്ട് സ്ഥാപിച്ച റൈസ് മില്ലിന്റെ ശനിദിശയ്ക്ക് ഒരു പതിറ്റാണ്ടായിട്ടും പരിഹാരമില്ല. റൈസ് മിൽ കുടുംബശ്രീക്ക് കൈമാറി വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണ കേന്ദ്രമാക്കാനുള്ള പദ്ധതി ഇഴയുകയാണ്.
ജില്ലയിലെ കർഷകർ എത്തിക്കുന്ന നെല്ല് കുത്തി അരിയാക്കുന്നതിനു പുറമേ മില്ല് കേന്ദ്രീകരിച്ച് മുളക്, മല്ലി, മഞ്ഞൾ, അരി, ഗോതമ്പ്, പച്ചരി തുടങ്ങിയവ പൊടിച്ച് പായ്ക്കറ്റുകളിലാക്കി വിൽക്കുന്ന യൂണിറ്റ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കാനായിരുന്നു ആലോചന. ജില്ലാ പഞ്ചായത്ത്, പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാകും മില്ലിന്റെ പ്രവർത്തനം. മൂന്ന് പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10 കുടുംബശ്രീ യൂണിറ്റുകളടങ്ങുന്ന ഗ്രൂപ്പിനാണ് മില്ലിന്റെ നടത്തിപ്പ് ചുമതല. കുടുംബശ്രീ യൂണിറ്റുകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും യന്ത്രങ്ങൾ വാങ്ങിയിട്ടില്ല.
2015ലാണ് ജില്ലാ പഞ്ചായത്ത് ശൂരനാട് റൈസ് മിൽ പദ്ധതി ആവിഷ്കരിച്ചത്. ജില്ലയിലെ കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് അരിയാക്കി ശൂരനാട് ബ്രാൻഡ് അരി വിപണയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. കെട്ടിടം നിർമ്മിച്ചെങ്കിലും യന്ത്രങ്ങൾ സ്ഥാപിക്കാതെ മില്ലിന്റെ പ്രവർത്തനം നീളുകയായിരുന്നു. വമ്പൻ മിൽ സജ്ജമാക്കിയാലും പൂർണസമയം പ്രവർത്തിപ്പിക്കാൻ ആവശ്യമായ നെല്ല് കിട്ടില്ലെന്ന നിഗമനത്തിലാണ് മറ്റ് ഉത്പന്നങ്ങളുടെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചത്.
മില്ല് പ്രവർത്തിപ്പിക്കാനുള്ള കുടുംബശ്രീ യൂണിറ്റുകളെ തിരഞ്ഞെടുത്തു. വൈകാതെ യന്ത്രങ്ങൾ വാങ്ങാനുള്ള ടെണ്ടർ നടപടികൾ ആരംഭിക്കും.
ഡോ. പി.കെ. ഗോപൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |