കൊല്ലം: കരാർ കമ്പനിയായ സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിനാൽ, കുരീപ്പുഴയിലെ വമ്പൻ വേസ്റ്റ് ടു എനർജി പ്ലാന്റ് കരാർ റദ്ദാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതു സംബന്ധിച്ച്, നിർവഹണ ഏജൻസിയായ കെ.എസ്.ഐ.ഡി.സി സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. അന്ത്യശാസനം നൽകിയിട്ടും നിർമ്മാണം ആരംഭിക്കാത്തതിനെത്തുടർന്നാണ് നടപടി.
മാലിന്യത്തിൽ നിന്ന് ബയോഗ്യാസ് നിർമ്മിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ ഏകദേശം 150 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്. ഇതിന്റെ എഴുപത് ശതമാനം ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ അടക്കമുള്ള ഏജൻസികളിൽ നിന്ന് വായ്പ എടുക്കാനായിരുന്നു കമ്പനിയുടെ ശ്രമം. കുരീപ്പുഴയിൽ ബയോ മൈനിംഗ് പൂർത്തിയായാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. ബയോ മൈനിംഗ് പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കമ്പനി അധികൃതർ സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല. ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തതിന് പിന്നാലെ, അവിടെ മാലിന്യസംസ്കരണത്തിന്റെ കരാറുണ്ടായിരുന്ന സോണ്ടയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നത് വായ്പയ്ക്കുള്ള ശ്രമങ്ങളെ ബാധിച്ചു.
സോണ്ട ടെണ്ടർ പിടിച്ചത് 2019 സെപ്തംബറിൽ
2022 നവംബറിൽ വിശദ രൂപരേഖയ്ക്ക് അംഗീകാരം
ആറ് മാസത്തിനകം പ്ലാന്റ് പൂർത്തിയാക്കണമെന്ന് വ്യവസ്ഥ
ഒരു ടൺ മാലിന്യം സംസ്കരിക്കാൻ സർക്കാർ 3450 രൂപ വീതം കമ്പനിക്ക് നൽകും
മാലിന്യം സംസ്കരിച്ച് ലഭിക്കുന്ന ഊർജ്ജത്തിലൂടെയുള്ള വരുമാനം കമ്പനിക്ക്
ലക്ഷ്യമിട്ടത് പ്രതിദിനം 200 ടൺ മാലിന്യം സംസ്കരിക്കുന്ന പ്ലാന്റ്
ആവശ്യമായ മാലിന്യം എത്തിച്ചില്ലെങ്കിലും പണം നൽകണമായിരുന്നു
പലതവണ സമയം നീട്ടി നൽകിയിട്ടും പ്ലാന്റ് നിർമ്മിച്ചില്ല
കുരീപ്പുഴയിൽ പുതിയ പദ്ധതികൾ
വേസ്റ്റ് ടു എനർജി പ്ലാന്റ് പദ്ധതി ഒഴിവായ പശ്ചാത്തലത്തിൽ കുരീപ്പുഴയിവെ എട്ട് ഏക്കറിൽ ബി.പി.സി.എല്ലിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനാണ് കോർപ്പറേഷന്റെ ആലോചന. എട്ട് ഏക്കർ സ്ഥലം ഐ.ടി പാർക്ക് സ്ഥാപിക്കാൻ കോർപ്പറേഷന് കൂടി ഭരണ പങ്കാളിത്തം ലഭിക്കുന്ന തരത്തിൽ സംസ്ഥാന സർക്കാരിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |