പരിശോധന നടക്കുമ്പോൾ തലയെണ്ണം ഉറപ്പാക്കാനായി സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ കൂട്ട സ്ഥലംമാറ്റം ഇപ്പോഴും തുടരുകയാണ്. ഫാക്കൽറ്റി നിയമനങ്ങൾ ക്രമപ്രകാരമാണെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിനെയും ആരോഗ്യ സർവകലാശാലയെയും തെറ്രിദ്ധരിപ്പിക്കാനാണ് ഈ വിദ്യ. പുതുതായി ആരംഭിച്ച സർക്കാർ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്നത് വസ്തുതയാണ്. വേണ്ടത്ര നിയമനങ്ങൾ നടത്താനോ മെഡിക്കൽ കോളേജുകളിലെ രോഗീപരിചരണവും അദ്ധ്യാപനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ താളം തെറ്റാതിരിക്കാനോ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണ്. എന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ വലിയ മടിയാണ്. ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നു എന്നു പറഞ്ഞതുപോലെ മുൻനിര സർക്കാർ മെഡിക്കൽ കോളേജുകളുടെയെങ്കിലും പ്രവർത്തനം അലങ്കോലമാക്കുന്ന വിധത്തിലുമുള്ളതും താത്കാലികവുമായ നടപടികളാണ് എല്ലാ വർഷവും നടന്നുകൊണ്ടിരിക്കുന്നത്.
ഇക്കുറിയും തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലെ 71 ഡോക്ടർമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പരിമിത സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന വയനാട്, കാസർകോട് മെഡിക്കൽ കോളേജുകളിലേക്കാണ് ഇവരെ കൂട്ടത്തോടെ മാറ്റിയിരിക്കുന്നത്. ഉന്നത സമിതികളുടെ പരിശോധന പൂർത്തിയായാലുടൻ ഇവരെയെല്ലാം പഴയ സ്ഥാനങ്ങളിൽ തിരിച്ചുകൊണ്ടുവരുമെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഉറപ്പ്. പരിശോധനകൾ പൂർത്തിയാക്കാൻ മൂന്നുമാസത്തോളം എടുക്കുമെന്നതുകൊണ്ട് ഇത്രയും കാലം തിരുവനന്തപുരം ഉൾപ്പെടെ നാല് സർക്കാർ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം താളംതെറ്റാനിടയുണ്ട്.
കാസർകോട് മെഡിക്കൽ കോളേജിലേക്ക് 42 പേരെയും, വയനാട്ടിലേക്ക് 29 പേരെയുമാണ് മാറ്റിയിരിക്കുന്നത്. ഈ രണ്ടു മെഡിക്കൽ കോളേജുകളുടെയും പ്രവർത്തനം നിലവിൽ ഏതു നിലയിലുള്ളതായിരുന്നുവെന്ന് ഇതിൽ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ.
വടക്കൻ ജില്ലകളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ നൽകാനായി കൊട്ടും കുരവയുമായി ആരംഭിച്ച മെഡിക്കൽ കോളേജുകൾ അവർക്ക് വേണ്ടവിധം ഉപകരിക്കുന്നില്ലെന്നു വരുന്നത് ആരുടെ കുറ്റമാണ്? ഈ രണ്ടു ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെത്തുന്നവർക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമായ ഘട്ടങ്ങളുണ്ടായാൽ ദുർഘട വഴികൾ താണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഓടണം.
സംസ്ഥാനത്ത് ഉന്നത ബിരുദം നേടി നിൽക്കുന്ന ഡോക്ടർമാർക്ക് ഒരു കുറവുമില്ല. നിയമന നടപടികൾ വേഗത്തിലാക്കിയാൽ മതി. പക്ഷേ അതു ചെയ്യുകയില്ല. പി.എസ്.സി വഴിയുള്ള നിയമനങ്ങളിൽ വരുന്ന കാലതാമസം പ്രത്യേകം പറയേണ്ടതില്ല. എല്ലാം മെല്ലെ മതി എന്ന സമീപനം മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ നിയമനത്തിൽ കാണിക്കുന്നത് ക്രൂരതയാണ്.
സാധാരണക്കാരാണ് ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രികളെ കൂടുതലായി ശരണം പ്രാപിക്കുന്നത്. അവിടങ്ങളിൽ ജോലിയെടുക്കുന്ന ഡോക്ടർമാരുടെ ക്ളേശവും ദുരിതവും പറഞ്ഞറിയിക്കേണ്ടതില്ല. അത്രയേറെ സമ്മർദ്ദത്തിലാണ് പലരും പ്രവർത്തിക്കുന്നത്. രോഗികളിൽ നിന്ന് വിവരങ്ങൾ ചോദിച്ച് ഉറപ്പുവരുത്താൻ പോലും പലപ്പോഴും കഴിഞ്ഞെന്നു വരില്ല. തിരക്ക് അത്തരത്തിലാണ്. ശൈത്യകാലത്ത് തലസ്ഥാനം മാറ്റിക്കൊണ്ടിരുന്ന പഴയ ചില ഭരണാധികാരികളുടെ ശൈലി സ്വീകരിച്ച്, കോളേജ് സൗകര്യങ്ങൾ പരിശോധിക്കാനെത്തുന്ന സമിതികളെ കബളിപ്പിക്കാനായി ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്ന ഏർപ്പാട് ഇനിയെങ്കിലും അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കേണ്ടതാണ്. ഈ പ്രവണതയ്ക്കെതിരെ മെഡിക്കൽ കൗൺസിലും മുൻപ് മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. ഫലമൊന്നുമുണ്ടായില്ലെന്നു മാത്രം. പുതുതായി തുടങ്ങിയ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം നന്നാക്കാൻ ഇത്തരം തട്ടിക്കൂട്ടു നടപടികളല്ല വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |