വൈജ്ഞാനിക സമ്പദ് വ്യവസ്ഥ എന്ന നിലയിൽ കേരളത്തിന് വിദേശ രാജ്യങ്ങളിലെ തൊഴിൽ മേഖലകളിൽ വലിയ അവസരമാണുള്ളത്. സ്‌കൂൾ, കോളേജ്, തൊഴിൽസാങ്കേതിക പഠനം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ലോകനിലവാരമാണ് കേരളത്തിനുള്ളത്. ആരോഗ്യരംഗം, എൻജിനിയറിംഗ്, ഹോസ്പിറ്റാലിറ്റി, സാമൂഹിക സേവനം, നിയമം, അദ്ധ്യാപനം, ഗവേഷണം, ശാസ്ത്ര സാങ്കേതിക പഠനം, കല, സംസ്‌കാരം തുടങ്ങിയ രംഗങ്ങളിൽ മലയാളികൾ മികവു പുലർത്തുന്നുണ്ട്. വിദേശ തൊഴിൽ മേഖലകളിൽ കേരളത്തിന്റെ സാദ്ധ്യത മികച്ചതാക്കുന്നത് ഈ ഘടകങ്ങളാണ്.
സുരക്ഷിത
കുടിയേറ്റം
നോർക്ക 'റൂട്ട്സ്" മുൻതൂക്കം നൽകുന്നത് സുരക്ഷിതമായ കുടിയേറ്റത്തിനാണ്. ഓരോ രാജ്യത്തെയും തൊഴിൽ ദാതാക്കളുടെ ആവശ്യകത അനുസരിച്ച് ദീർഘവും ഹ്രസ്വവുമായ തൊഴിൽ അവസരങ്ങൾ കണ്ടെത്തി കേരളീയരായ ഉദ്യോഗാർത്ഥികൾക്കു നൽകുകയാണ് നോർക്ക. നിലവിൽ സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങളിലേക്കും, യു.കെ, ജർമ്മനി, കാനഡ എന്നിവിടങ്ങളിലേക്കും ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ ടെക്നീഷ്യന്മാർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ നോർക്ക 'റൂട്ട്സ്" അയച്ചുവരുന്നു. ഇതിനോടകം 3600-ൽ അധികം റിക്രൂട്ട്‌മെന്റുകൾ നടത്തി. നഴ്സുമാർക്കു പുറമെ, മാലി ദ്വീപിലേക്ക് അറബിക് ടീച്ചർ, ടെക്നീഷ്യൻസ്, ഡോക്ടർമാർ, കുവൈറ്റിലേക്ക് ഡൊമസ്റ്റിക് വർക്കേഴ്സ് എന്നിവരുടെ റിക്രൂട്ട്‌മെന്റും നടത്തുന്നു.
ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ രംഗത്ത് സ്വദേശിവത്കരണം നടക്കുകയാണ്. വിദഗ്ദ്ധ- അവിദഗ്ദ്ധ തൊഴിലുകൾ ചെയ്തിരുന്ന ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വദേശിവത്കരണം ബാധിച്ചിട്ടുള്ളത്. ഇതിനു പുറമേ കൊവിഡിനു ശേഷവും നിരവധി പേർക്ക് തൊഴിൽ നഷ്ടമായിരുന്നു. അതേസമയം പ്രൊഫഷണൽ മേഖലകളിൽ തൊഴിൽ അവസരങ്ങൾ ഗൾഫ് രാജ്യങ്ങളിൽ ലഭ്യമാകുന്നുണ്ട്.
പുതിയ തൊഴിൽ
മേഖലകൾ
യൂറോപ്പിലും പശ്ചിമേഷ്യയിലും വരും വർഷങ്ങളിൽ പ്രൊഫഷണൽ ജോലികളിൽ കൂടുതൽ തൊഴിലവസരം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജർമ്മനി, ഇറ്റലി, ഓസ്‌ട്രേലിയ, യു.കെ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ എന്നിവിടങ്ങൾ മികച്ച തൊഴിലവസരങ്ങളും സാമ്പത്തിക സ്ഥിരതയും മുന്നോട്ടുവയ്ക്കുന്നുണ്ട്. വിദേശത്ത് നഴ്സിംഗ്, ഡോക്ടർ ജോലികൾക്കു പുറമേ, ഐ.ടി, ഹോസ്പിറ്റാലിറ്റി, സാമൂഹിക സേവനം, എൻജിനിയറിംഗ്, അക്കൗണ്ടിംഗ്, മാനേജ്‌മെന്റ്, പാരാമെഡിക്കൽ, അദ്ധ്യാപന രംഗങ്ങളിൽ കൂടുതൽ തൊഴിൽ സാദ്ധ്യതകൾ കണ്ടെത്തി മലയാളികൾക്ക് ലഭ്യമാക്കാനാണ് നോർക്കയുടെ ശ്രമം.
ട്രിപ്പിൾ വിൻ
പദ്ധതി
വിദേശ തൊഴിൽ കുടിയേറ്റത്തിന്റെ അഭിമാന മാതൃകയാണ് 'നോർക്ക ട്രിപ്പിൾ വിൻ കേരള" പദ്ധതി. ഇതുവഴി 528 നഴ്സുമാരാണ് ഇതുവരെ ജർമ്മനിയിലെത്തിയത്. ഈ പദ്ധതി പ്രകാരം ജർമ്മനിയിലെ 12 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിലാണ് രജിസ്‌റ്റേർഡ് നഴ്സ് തസ്തികയിൽ മലയാളി നഴ്സുമാർക്ക് നിയമനം ലഭിച്ചത്. അഞ്ചുഘട്ടങ്ങളിലായി തിരഞ്ഞെടുത്ത 1400 പേരിൽ ജർമ്മൻ ഭാഷാപരിശീലനം തുടരുന്നവർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജർമ്മനിയിലേക്കു തിരിക്കും.
ജർമ്മനിയിൽ
സൗജന്യ പഠനം
നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോഓപ്പറേഷനും (ജി.ഐ.ഇസഡ്) സംയുക്തമായാണ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്ലസ്ടു വിനുശേഷം (സയൻസ്) ജർമ്മനിയിൽ പ്രതിമാസ സ്‌റ്റൈപ്പന്റോടെ സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്ന് രജിസ്‌റ്റേർഡ് നഴ്സായി നിയമനം ലഭിക്കുന്നതിനും അവസരമൊരുക്കും. 2024 ഏപ്രിൽ 15 മുതൽ 18 വരെ നടന്ന അഭിമുഖങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 42 പേരിൽ എട്ടു പേർ ആദ്യ ബാച്ചിൽ ജർമ്മനിയിലേയ്ക്ക് തിരിക്കും. ആദ്യ ബാച്ചിലെ 34 വിദ്യാർത്ഥികളുടെ ജർമ്മൻ ഭാഷാ പഠനം (ബി1, ബി2) പുരോഗമിക്കുകയാണ്. ഈ വരുന്ന ഏപ്രിലിൽ ഇവർക്കും ജർമ്മനിയിലേയ്ക്ക് പോകാനാകും. നഴ്സുമാരുടെ റിക്രൂട്ട്‌മെന്റിനു പുറമേ ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനായി ട്രിപ്പിൾ വിൻ ഹോസ്പിറ്റാലിറ്റി എന്ന പ്രോജക്ട് നടപ്പാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
യു.കെ റിക്രൂട്ട്‌മെന്റ്
യു.കെയിൽ ദേശീയ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് കെയർ പാർട്ണർഷിപ്പുകളിൽ ഒന്നായ 'ഹംബർ ആൻഡ് നോർത്ത് യോക്ക് ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ട്ണർഷിപ്പ്", നോർത്ത് ഈസ്റ്റ് ലിങ്കൺ ഷെയറിലെ ഹെൽത്ത് സർവീസിന്റെ മാനസികാരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്ന 'നാവിഗോ" എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ലണ്ടനിൽ വച്ച് യു.കെ റിക്രൂട്ട്‌മെന്റിനുളള ധാരണാപത്രം ഒപ്പിട്ടു. യു.കെയിലെ വെയിൽസിലേയ്ക്ക് കേരളത്തിൽ നിന്നുളള ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനുളള ധാരണാപത്രം 2024 മാർച്ച് ഒന്നിന് നോർക്ക റൂട്ട്സും വെയിൽസ് ആരോഗ്യമന്ത്രിയും തിരുവനന്തപുരത്തും ഒപ്പിട്ടിരുന്നു.
നോർക്ക യു.കെ കരിയർ ഫെയർ എന്ന പേരിൽ 2022 നവംബർ, 2023 മെയ്, 2023 നവംബർ മാസങ്ങളിലായി കൊച്ചിയിൽ വിപുലമായ മൂന്നു റിക്രൂട്ട്‌മെന്റ് ഡ്രൈവുകൾ സംഘടിപ്പിച്ചിരുന്നു. ഇയ്യോവിൽ ട്രസ്റ്റ് വഴി 2023 ഒക്ടോബറിൽ കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിൽ വച്ചും പ്രത്യേകം റിക്രൂട്ട്‌മെന്റ് ഇവന്റുകൾ നടത്തി. വെയിൽസിലേയ്ക്കും പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തി. 2024 ജനുവരിയിൽ സൈക്യാട്രിസ്റ്റുകൾക്കായി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തി. നോർക്ക റൂട്ട്സ് വഴി യു.കെ എൻ.എച്ച്.എസിലേയ്ക്ക് വിവിധ സ്‌പെഷാലിറ്റികളിലെ ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെ 443 ഉദ്യോഗാർത്ഥികളാണ് യു.കെയിലെത്തിയത്.
കുവൈറ്റ് നാഷണൽ ഗാർഡിലേക്കുള്ള (പുരുഷ ഉദ്യോഗാർത്ഥികൾക്ക്) റിക്രൂട്ട്‌മെന്റ രണ്ടു ഘട്ടങ്ങളിലായി നടത്തി. നിയമനം ലഭിച്ച ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റ്, ബയോമെഡിക്കൽ എൻജിനിയേഴ്സ് വിഭാഗങ്ങളിലുള്ള 27 പേർക്ക് 2022 ഓഗസ്റ്റിൽ കൊച്ചിയിൽ നടന്ന ചടങ്ങിൽ നിയമന ഉത്തരവുകൾ കൈമാറി. കാനഡയിലേയ്ക്ക് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ രണ്ടു ഘട്ടങ്ങളിലായി നടത്തിയ റിക്രൂട്ട്‌മെന്റിൽ 190 പേർ തെരഞ്ഞെടുക്കപ്പെട്ടു.
വിദേശഭാഷ
പഠിക്കാൻ
വിദേശങ്ങളിൽ തൊഴിൽ തേടുന്ന കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന നോർക്ക റൂട്ട്സിന്റെ സംരംഭമാണ് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസ് (എൻ.ഐ.എഫ്.എൽ). ഒ.ഇ.ടിയുടെ (ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്) ഒഫിഷ്യൽ ലാംഗ്വേജ് പാർട്ണറായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസ് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇംഗീഷ് ഭാഷയിൽ ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ്, ജർമ്മൻ ഭാഷയിൽ സി.ഇ.എഫ്.ആർ (കോമൺ യൂറോപ്യൻ ഫ്രെയിംവർക്ക് ഒഫ് റഫറൻസ് ഫോർ ലാംഗ്വേജസ്) എ 01, എ 02, ബി 01, ബി 02 ലെവൽ വരെയുളള കോഴ്സുകളാണ് ആദ്യഘട്ടത്തിൽ.
(നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാനാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |