തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ വൈകാതെ പൂർത്തീകരിച്ച് നടപടികളിലേക്ക് കടക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഒരാൾക്ക് ഒരു പദവി എന്ന വാദഗതികളെപ്പറ്റിയൊന്നും താനിപ്പോൾ പരസ്യമായി പ്രതികരിക്കാനില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നൽകി. ജനാധിപത്യപരമായി എല്ലാ നേതാക്കളുമായും സംസാരിച്ച് ധാരണയിലെത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്.
എത്ര തെറ്റ് തിരുത്തിയാലും സ്ഥിതി പഴയത് തന്നെയെന്നാണ് യൂണിവേഴ്സിറ്റി കോളേജിലെ പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. സംസ്ഥാന ഭരണം ഇതുപോലെ തകർച്ച നേരിട്ട കാലഘട്ടമുണ്ടായിട്ടില്ല. ഇതേപ്പറ്റി വസ്തുനിഷ്ഠമായി വിലയിരുത്താൻ സി.പി.എമ്മിന് കഴിയണം. ശബരിമലയുടെ കാര്യത്തിൽ വിശ്വാസിസമൂഹത്തെ വഞ്ചിച്ച സർക്കാരാണിത്. വിശ്വാസിസമൂഹത്തിൽ ഉളവായ കടുത്ത മനോവേദന മാറ്റിയെടുക്കാൻ അവർക്കാകുമോ? അന്നെടുത്ത നിലപാട് തെറ്റിപ്പോയെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി തയ്യാറാകുമോ? മുഖ്യമന്ത്രിക്ക് മുന്നിൽ കവാത്ത് മറക്കുന്ന പാർട്ടി സെക്രട്ടറിയും മന്ത്രിമാരും വെള്ളപൂശൽ നിർവഹിക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. പൊലീസ് സേനയുടെ പ്രവർത്തനത്തിന് വിഘാതമാകുന്ന തരത്തിൽ ഗുരുതര അച്ചടക്കലംഘനവും സേനാംഗങ്ങളുടെ ആത്മഹത്യയും നിത്യസംഭവമാകുന്നത് സർക്കാർ ഗൗരവമായി പരിശോധിക്കണം.
കോൺഗ്രസ് നേതാവ് പി. ചിദംബരത്തിനനെതിരായ കേസ് രാഷ്ട്രീയപകപോക്കലാണ്. മോദിക്കും അമിത്ഷായ്ക്കുമെതിരെ സംസാരിച്ചാൽ ജയിലിലിട്ട് വായ് മൂടിക്കെട്ടുമെന്നതാണ് നിലപാട്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള മോദിയുടെ നീക്കം രാജ്യത്തിനാപത്താണ്. എൻ.ഡി.എ കൺവീനറായ നേതാവിനെ മോചിപ്പിക്കാൻ കാട്ടിയ ശുഷ്കാന്തി യു.എ.ഇയിൽ ജയിലിൽ കഴിയുന്ന മറ്റുള്ളവരുടെ കാര്യത്തിലും കാണിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്ന് തുഷാർ വെള്ളാപ്പള്ളിക്കായി മുഖ്യമന്ത്രി ഇടപെട്ടതിനെപ്പറ്റി ചോദിച്ചപ്പോൾ ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |