SignIn
Kerala Kaumudi Online
Tuesday, 25 March 2025 5.56 PM IST

കാട്ടാന കാലനാകുമ്പോൾ

Increase Font Size Decrease Font Size Print Page
elephant

കാട്ടാനകളുടെ സ്വന്തം നാടായി ഹൈറേഞ്ചിനൊപ്പം ലോറേഞ്ച് മേഖലയും മാറുമ്പോൾ ജീവൻ രക്ഷിക്കാൻ നാടുവിടേണ്ട ഗതികേടിലാണ് മലയോര ജനത. കാട്ടാനകൾ യാതൊരു ദാക്ഷണ്യവുമില്ലാതെ കുടിയേറ്റ കർഷകരെയും തോട്ടം തൊഴിലാളികളെയും വേട്ടയാടുമ്പോൾ കൈയും കെട്ടി നോക്കിയിരിക്കുകയാണ് വനംവകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ. മുമ്പ് വല്ലപ്പോഴുമാണ് വന്യജീവിയാക്രമണങ്ങളിൽ ജനം കൊല്ലപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ദൈനംദിന സംഭവമായി മാറി. ആനക്കലിയിൽ മുള്ളരിങ്ങാട് അമേൽതൊട്ടിയിൽ പൊലിഞ്ഞ അമറിന്റെ വിയോഗത്തോടെ 2024ൽ ഏഴ് പേരാണ് ഇടുക്കിയിൽ മാത്രം കൊല്ലപ്പെട്ടത്. ആനക്കലിയിൽ പ്രിയപ്പെട്ടവരുടെ ജീവനുകൾ ഒന്നൊന്നായി നഷ്ടമാകുമ്പോഴും സർക്കാരും വനംവകുപ്പും നിസംഗത പാലിയ്ക്കുന്ന സ്ഥിതിയാണുള്ളത്. വേനലിൽ കാട്ടിലെ നീർച്ചാലുകൾ വറ്റിയതും പച്ചപ്പ് കുറയുന്നതുമാണ് വന്യമൃഗങ്ങൾ ഇരതേടി നാട്ടിലേക്കിറങ്ങാൻ പ്രധാന കാരണം. വനാതിർത്തികളിലെ കൃഷിയിടങ്ങളാണ് ഇവയുടെ മുഖ്യലക്ഷ്യം. വനാതിർത്തികളിൽ വന്യമൃഗങ്ങൾക്കായി കൃത്രിമ കുളമടക്കം നിർമിച്ച് ഇവ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ കോടികളുടെ ഫണ്ട് സർക്കാർ അനുവദിക്കാറുണ്ടെങ്കിലും ഇത് ഫലപ്രദമായി വിനിയോഗിക്കുന്നില്ല. വനാതിർത്തിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വൈദ്യുതി വേലികളും ഉരുക്കുവടവും കിടങ്ങും എല്ലാം തന്നെ നശിക്കുകയാണ്. നേരത്തെ വനത്തിൽ നീർച്ചാലുകൾ തടഞ്ഞ് തടയണയും ജല ലഭ്യതയുള്ള പ്രദേശങ്ങളിൽ കുളങ്ങളും വനപാലകർ നിർമ്മിക്കുമായിരുന്നു. ഇത്തരം പ്രവൃത്തികൾ രേഖയിൽ ഒതുങ്ങി. വാളറയിൽ വനംവകുപ്പ് ജീവനക്കാർ ഫയർ വാച്ചർമാരെ നിയമിച്ചതായി വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ നാല് വനംവകുപ്പ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഉറപ്പ് പാഴായി,​ പൊലിഞ്ഞത് ജീവൻ

മുള്ളരിങ്ങാട് മേഖലയിൽ വർഷങ്ങളായി തുടരുന്ന കാട്ടാനശല്യത്തിനു പരിഹാരമുണ്ടാകുമെന്ന് പലവട്ടം അധികൃതർ നൽകിയ ഉറപ്പെല്ലാം പാഴായപ്പോൾ പൊലിഞ്ഞത് ഒരു നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവിന്റെ ജീവൻ. ഈ മേഖലയിൽ കാട്ടാന ശല്യം അതി രൂക്ഷമായിട്ട് നാലു വർഷത്തോളമായി. ജനവാസ മേഖലകളിൽ ഇറങ്ങി കൃഷി വ്യാപകമായി നശിപ്പിക്കാറുണ്ടെങ്കിലും നാട്ടുകാർക്ക് നേരെ ഇതുവരെ കാര്യമായി ഉപദ്രവം ഉണ്ടായിരുന്നില്ല. പൈങ്ങോട്ടൂർ മുള്ളരിങ്ങാട് റൂട്ടിൽ റോഡിലിറങ്ങിയ കാട്ടാനയെ കണ്ട് ഭയന്ന ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങൾ പലതവണയുണ്ടായിട്ടുണ്ട്. രാത്രിയായാൽ ഈ റൂട്ടിലൂടെ യാത്ര ചെയ്യാൻ പോലും നാട്ടുകാർക്ക് ഭയമായിരുന്നു. ഒറ്റയ്ക്കും കൂട്ടമായും കാട്ടാനകൾ രാപകൽ വ്യത്യാസമില്ലാതെ റോഡിലിറങ്ങുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പോലും തടസപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. കാട്ടാനകളുടെ ശല്യം കൂടി വരുന്ന സാഹചര്യത്തിൽ ഇവിടെ ഫെൻസിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ജനവാസമേഖലയിലും റോഡിലും ഇറങ്ങുന്ന ആനകളെ കാട്ടിലേക്ക് തുരത്താൻ രണ്ട് വാച്ചർമാരെ നിയോഗിക്കുമെന്നും ഫെൻസിംഗ് ജോലികൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്നുമായിരുന്നു ഉറപ്പ്. ആനകൾ ജനവാസ മേഖലയിലേയ്ക്ക് കടന്നു വരാതിരിക്കാൻ ഫെൻസിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും കാട്ടാനകളെ തുരത്താൻ വാച്ചർമാരെ നിയോഗിക്കുമെന്നും ഏപ്രിലിൽ എം.പിയുടെ നേതൃത്വത്തിൽ വണ്ണപ്പുറം പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ യോഗം ചേർന്നതല്ലാതെ ഇതിന്റെ തുടർനടപടികൾ പിന്നീട് ഉണ്ടായില്ല. ഇതിനിടെ കാട്ടാനകൾ വ്യാപകമായ തോതിൽ കൃഷിനാശം വരുത്തുകയും ചെയ്തു.ഇതിനിടെ ആഴ്ചകൾക്ക് മുമ്പ് കാട്ടാനകളെ തുരത്താൻ ജനങ്ങൾ നേരിട്ടു തന്നെ രംഗത്തിറങ്ങുകയും ചെയ്തിരുന്നു. വണ്ണപ്പുറം, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലാണ് ഭീതി വിതച്ച് കാട്ടാനക്കൂട്ടം കഴിഞ്ഞ നാളുകളിൽ തമ്പടിച്ചിരുന്നത്. വനംവകുപ്പിന്റെയും പഞ്ചായത്തുകളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മുള്ളരിങ്ങാട്, ചാത്തമറ്റം, പൈങ്ങോട്ടൂർ, തേൻകോട്, തലക്കോട്, പാച്ചേറ്റി തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരുടെ സൗഹൃദ കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തിയത്. ചുള്ളിക്കണ്ടം, പാച്ചേറ്റി, അള്ളുങ്കൽ, തേൻകോട്, ചാത്തമറ്റം,കടവൂർ, പുന്നമറ്റം എന്നീ മേഖലകളിലെ ജനങ്ങൾക്ക് ഭീഷണിയായി നിന്ന കാട്ടാനകളെയാണ് ഉൾവനത്തിലേയ്ക്ക് തുരുത്തിയത്. പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന് ഒട്ടേറെ തവണ വനംവകുപ്പ് അധികൃരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. നേര്യമംഗലം വനമേഖലയിൽ നിന്നാണ് കാട്ടാനകൾ എത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. കാട്ടാന ശല്യത്തിനെതിരെ മേഖലയിലുള്ളവർ തലക്കോട് വനംവകുപ്പ് ഓഫീസിന് മുന്നിൽ ഉപരോധ സമരവും നടത്തിയിരുന്നു. ഇതുകൂടാതെ മുള്ളരിങ്ങാട് റേഞ്ച് ഓഫീസിലെക്കും കോതമംഗലം ഡി.എഫ്.ഒ ഓഫീസിലേക്കും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് മുള്ളരിങ്ങാട് യുവാവ് കാട്ടാന ആക്രണത്തിൽ കൊല്ലപ്പെട്ടത്. മനുഷ്യത്വമില്ലാത്ത അപരിഷ്‌കൃത വനനിയമത്തെ ഭയന്ന് കാട്ടാനയെ ഭയപ്പെടുത്തി പോലും ഓടിച്ച് കാട്ടിൽ കയറ്റാൻ കഴിയാത്ത ജനങ്ങൾ രാത്രിയായാൽ ഭയം കാരണം വീടിനു വെളിയിൽ ഇറങ്ങുന്നില്ലെന്ന് ജനം പറയുന്നു.

പരിഹാരമെന്ത് ?

കാടിന്റെ മൂന്നിലൊന്നു ഭാഗത്തോളം നിബിഡ വനങ്ങൾക്ക് പകരം തോട്ടവനങ്ങളാക്കി മാറ്റി. അവിടെ വന്യജീവികൾക്കുള്ള ഒരു ഭക്ഷണവുമില്ല. തോട്ടവനങ്ങൾ മുഴുവൻ മുറിച്ചുനീക്കുകയാണ് സർക്കാർ ആദ്യമായി ചെയ്യേണ്ടത്. പകരം അവിടെ സ്വാഭാവിക വനം വളരാൻ അനുവദിക്കണം. അങ്ങനെ സംഭവിച്ചാൽ കാട്ടുമൃഗങ്ങൾക്ക് ആവശ്യമുള്ള ധാരാളം ഭക്ഷ്യവസ്തുക്കളും അവിടെയുണ്ടാകും. ജൈവവൈവിദ്ധ്യം പോഷിപ്പിക്കുന്ന നീർമരങ്ങൾ തഴച്ചുവളരുമ്പോൾ മണ്ണിൽ ജലവുമുണ്ടാകും. പിന്നെ വെള്ളം തേടിയും ഭക്ഷണം തേടിയും മൃഗങ്ങൾക്ക് കാടുവിട്ട് ഇറങ്ങേണ്ടിവരില്ല. മാനിന്റെ എണ്ണം പെരുകുന്നതിന് അനുസരിച്ച് അതിനെ കൊല്ലാൻ ആസ്‌ട്രേലിയയിലും അമേരിക്കയിലും അനുവാദമുണ്ട്. എല്ലാ ജീവികളുടേയും എണ്ണം നിയന്ത്രിക്കാനും സന്തുലിതമായി നിലനിറുത്താനും പ്രകൃതിതന്നെ നിശ്ചയിച്ച ഇരപിടിയൻ ക്രമമുണ്ട്. ആഹാരശൃംഖലയിലെ കണ്ണികൾ മുറിയുമ്പോൾ ചില ജീവികൾ മാത്രം ക്രമരഹിതമായി വർദ്ധിക്കുന്നതു സ്വാഭാവികം. കാട്ടുപന്നികളുടെ എണ്ണം അങ്ങനെ വർദ്ധിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവയ്ക്കുന്നതിന് ഇപ്പോൾ കേരളത്തിൽ അനുമതിയുണ്ട്. അതുപോലെ നാട്ടിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ കൊല്ലാൻ അനുവാദം നൽകണം. മനുഷ്യനു പ്രഥമ പരിഗണന നൽകുകയും മനുഷ്യന്റെ സ്വസ്ഥജീവിതത്തെ തകിടംമറിക്കുകയും ചെയ്യുന്ന ജീവികളുടെ അനിയന്ത്രിത വർദ്ധനയ്ക്ക് പരിഹാരം തേടേണ്ടതും ആവശ്യമാണ്. ഒറ്റപ്പെട്ട വനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വനങ്ങളുമുണ്ട്. ഒരു വനത്തിൽ നിന്ന് മറ്റൊരിടത്തേക്കു ഭക്ഷണം തേടിയോ വെള്ളം തേടിയോ പോകുന്ന വന്യജീവിയുടെ യാത്ര ചിലപ്പോൾ ജനവാസമേഖലയിൽക്കൂടിയാകാം. അത്തരം സ്ഥലങ്ങളിൽ ഇവയ്ക്ക് കടന്നുപോകാൻ ഇടനാഴികൾ സൃഷ്ടിക്കണം. ഓരോ വനത്തെയും സംബന്ധിച്ച മാപ്പിംഗ് നടത്തണം. വേനൽക്കാല സാഹചര്യം കണക്കിലെടുക്കുന്ന മാപ്പിംഗ് ആണ് വേണ്ടത്.

TAGS: ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.