SignIn
Kerala Kaumudi Online
Thursday, 13 March 2025 10.51 PM IST

ഇന്ന്,​ മഹാകവി കുമാരനാശാന്റെ 101-ാം വിയോഗ വാർഷികദിനം; മഹാകവിയും മഹാസംഘാടകനും

Increase Font Size Decrease Font Size Print Page
kumaranashan

മനുഷ്യമനസിൽ മനുഷ്യത്വത്തിന്റെ പ്രകാശഗോപുരം സൃഷ്ടിച്ച പ്രതിഭാധനനായ മഹാകവി കുമാരനാശാൻ പല്ലനയിൽ ജലവിസ്മൃതിയിലാണ്ടതിന്റെ നോവുന്ന ഓർമ്മകൾക്ക് ഇന്ന് 100 വർഷം പിന്നിടുന്നു. സൂര്യതേജസാർന്ന പ്രവർത്തനത്തിലൂടെ ലോകത്തിന് സൂര്യനെപ്പോലെ വെളിച്ചം പകർന്ന് 51-ാം വയസിൽ അവസാനിച്ച ജീവിതത്തിനിടെ ആശാൻ കവിതകൾ സാമൂഹ്യ മാറ്റത്തിന്റെ ജിഹ്വകളായി. മഹാകാവ്യം രചിക്കാതെ മഹാകവിയായ ആശാന്റെ കൃതികൾ കാലാതിവർത്തിയായി ഇന്നും പ്രകാശിക്കുന്നു. മഹാകവി, മികച്ച സംഘാടകൻ, പൊതുപ്രവർത്തകൻ, വ്യവസായി എന്നിങ്ങനെ ആശാന്റെ വ്യക്തിത്വതലങ്ങൾ പലതാണ്. ശ്രീനാരായണ ഗുരുദേവൻ തെളിച്ച പാതയിലൂടെ അധികാരത്തിന്റെ അകത്തളങ്ങളിലെത്തി, പിന്നാക്ക ജനതയ്ക്കായി പോരാടിയ കേരളം കണ്ട ഏറ്റവും ഉജ്ജ്വലനായ സംഘാടകനായിരുന്നു ആശാൻ.

കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ പുരോഗതിയും ഉന്നമനവും ലക്ഷ്യമിട്ട് ശ്രീനാരായണ ഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജനുവരി ഏഴിന് എസ്.എൻ.ഡി.പി. യോഗം എന്ന മഹാപ്രസ്ഥാനത്തിന് രൂപം നൽകിയപ്പോൾ സംഘടനാ ചുമതലകൾ ശ്രീനാരായണഗുരു ഏൽപ്പിച്ചത് പ്രിയശിഷ്യനായ കുമാരനാശാനെയായിരുന്നു. അതേവർഷം മേയ് 15-ന് കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു. കുമാരനാശാൻ യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി. 1903 മുതൽ 1915 വരെ 12 വർഷക്കാലം തുടർച്ചയായും, 1916 മുതൽ 1919 ജൂലായ് 20 വരെയും യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി ആശാൻ പ്രവർത്തിച്ചു. 1904 ൽ യോഗത്തിന്റെ മുഖപത്രമായ 'വിവേകോദയം" മാസിക പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ ആശാൻ എഴുതിയ ലേഖനങ്ങൾ പിന്നാക്ക സമുദായക്കാരുടെ പള്ളിക്കൂട പ്രവേശനത്തിനായുള്ള പ്രക്ഷോഭങ്ങൾക്ക് കുതിപ്പേകുന്ന മുന്നേറ്റങ്ങളായി മാറി.

പ്രജാസഭയിലേക്ക്

കുമാരനാശാൻ

കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി സാമൂഹിക യാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിയും അവയെ മാറ്റിത്തീർക്കാനുമുള്ള പരിശ്രമമാണ് അദ്ദേഹം നടത്തിയത്. കേരള നവോത്ഥാന മുന്നേറ്റത്തിന് അസ്തിവാരമുറപ്പിച്ച ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠ നടന്ന 1888 കാലയളവിൽ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്താണ് നിയമനിർമ്മാണ സഭയും സ്ഥാപിതമാകുന്നത്. ദിവാൻ അദ്ധ്യക്ഷനായി, രണ്ട് ഔദ്യോഗിക അംഗങ്ങൾ ഉൾപ്പെടെ എട്ടംഗങ്ങളോടെ ആരംഭിച്ച സഭയ്ക്ക് ഒരു ഉപദേശക സമിതിയുടെ പദവി മാത്രമാണുണ്ടായിരുന്നത്. രാജ്യത്തെ പ്രജകളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനോ ചോദ്യങ്ങൾ ഉന്നയിക്കാനോ സഭാംഗങ്ങൾക്ക് അവകാശമില്ലായിരുന്നു. 1898 ൽ 15 ആയും 1919 ൽ 25 ആയും അംഗസംഖ്യ ഉയർത്തിയെങ്കിലും സഭയുടെ അധികാരത്തിന് വലിയ മാറ്റമൊന്നും ഉണ്ടായില്ല. 11 അനൗദ്യോഗിക അംഗങ്ങളിൽ എട്ടുപേർ തിരഞ്ഞെടുക്കപ്പെട്ടവരും,​ മൂന്നു പേർ സർക്കാർ നോമിനികളുമായിരുന്നു. 1921-ൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണം 28 ആയെങ്കിലും എല്ലാവർക്കും വോട്ടവകാശമില്ലായിരുന്നു. 1920-ലാണ് നിയമനിർമ്മാണ സഭയിലേക്ക് ആശാൻ നോമിനേറ്റ് ചെയ്യപ്പെട്ടത്.

ഭരണകാര്യങ്ങളിൽ ജനാഭിപ്രായം ആരായാനുപകരിക്കും വിധം ശ്രീമൂലം പ്രജാസഭ 1904- ലാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും അതിന് നിയമനിർമ്മാണ അധികാരം ഇല്ലായിരുന്നു. പ്രജാസഭയുടെ അംഗസംഖ്യ 100 ആയിരുന്നു. പ്രജാസഭ ജന്മംകൊണ്ട അതേ വർഷമാണ് എസ്.എൻ.ഡി.പി യോഗം മുഖപത്രമായ 'വിവേകോദയം" സ്ഥാപിതമായത്. പ്രജാസഭയുടെ ജനയിതാവായ ദിവാൻ വി.പി മാധവറാവുവിന്റെ രണ്ടുവർഷത്തെ ഭരണകാലത്ത് ഈഴവർക്ക് കാര്യമായ ഗുണമുണ്ടായില്ലെങ്കിലും പ്രജകളുടെ ക്ഷേമത്തിനും ഉന്നതിക്കും വേണ്ട അവശ്യം പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ സഭ ഉപകരിക്കുമെന്ന് ആശാൻ തിരിച്ചറിഞ്ഞു. സഭയുടെ ആദ്യ സമ്മേളനത്തിൽത്തന്നെ മൂന്ന് ഈഴവ ജന്മികളെ ഉൾപ്പെടുത്തി. കൊല്ലം ഡിവിഷനിൽ നിന്നുള്ള ആലുമ്മൂട്ടിൽ ശങ്കരൻ കൊച്ചുചാന്നാർ, കൃഷ്ണൻ മാധവൻ, കോട്ടയം ഡിവിഷനിൽ നിന്ന് കണ്ടൻ ഇക്കണ്ണൻ എന്നിവരെ ഉൾപ്പെടുത്തിയെങ്കിലും യോഗത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താത്തതിലുള്ള പ്രതിഷേധം വിവേകോദയത്തിൽ എഴുതിയ ലേഖനത്തിലൂടെ ആശാൻ പ്രകടിപ്പിച്ചു.

എന്നാൽ,​ രണ്ടാമത്തെ സഭാസമ്മേളനത്തിൽ യോഗം പ്രതിനിധിയായി ആശാനെ നോമിനേറ്റ് ചെയ്തതോടെ ഈഴവ പ്രതിനിധികൾ നാലായി ഉയർന്നു. ആദ്യത്തെ പ്രജാസഭാ പ്രസംഗത്തിൽത്തന്നെ താണജാതിക്കാരായ ഇതര ജനവിഭാഗങ്ങളെക്കൂടി സഭയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവിതാംകൂറിലെ ഇതര ജനവിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായി സഭയിലുണ്ടാകേണ്ട പ്രാതിനിദ്ധ്യത്തെക്കുറിച്ചും ശക്തമായ മുഖപ്രസംഗത്തിലൂടെ,​ സംവരണവാദമല്ല, ജനാധിപത്യപരമായ പ്രാതിനിദ്ധ്യവാദമാണ് ആശാൻ ഉയർത്തിയത്. തിരുവിതാംകൂറിലെ 32 താലൂക്കുകളിലായി രണ്ടാം പ്രജാസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 5 ലക്ഷം പ്രജകളുണ്ടായിരുന്ന ഈഴവ സമുദായത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് കരുനാഗപ്പള്ളിയിൽ നിന്നുള്ള എ.കെ നാരായണ പണിക്കർ മാത്രമായിരുന്നു. ഈ പരാജയമാണ് ജനസംഖ്യാ പ്രാതിനിദ്ധ്യ വാദത്തിന് ആശാനെ പ്രേരിപ്പിച്ചത്.

ക്ഷോഭത്തിന്റെ

അക്ഷരമൂർച്ച

വർഷം 5,000 രൂപയിൽ കുറയാതെ കരം കൊടുത്തിരുന്ന ആലുംമൂട്ടിൽ ചാന്നാർ വരെ തിരഞ്ഞെടുപ്പിൽ തോറ്റിരുന്നു. ഒടുവിൽ ചാന്നാരുടെ യോഗ്യതയും സ്വജനങ്ങളിൽ നിന്നുയർന്ന ആവശ്യവും പരിഗണിച്ച് പ്രജാസഭയിലേക്ക് ദിവാൻ അദ്ദേഹത്തെ നോമിനേറ്റ് ചെയ്യുകയായിരുന്നു. നായർ ഉദ്യോഗസ്ഥരുടെ നെറികെട്ട പ്രവൃത്തിയിൽ രോഷാകുലനായ ആശാൻ എഴുതി: 'സ്വവർഗപക്ഷപാത തിമിരം കൊണ്ട് പരിഹാസ്യമായ വിധം വഴിതെറ്റി നടക്കുന്ന ഉദ്യോഗസ്ഥരാൽ നിറഞ്ഞ തിരുവിതാംകൂറിൽ നീതി നടക്കുന്നത് അസാദ്ധ്യമാണെന്ന് ജനങ്ങൾക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു".

ജാതിവിവേചനവും അയിത്ത ചിന്താഗതിയും തിരഞ്ഞെടുപ്പിൽ മാത്രമല്ല, സഭാദ്ധ്യക്ഷരായിരുന്ന ദിവാന്മാരുടെ പ്രവൃത്തിയിലും പ്രസംഗത്തിലും പ്രകടമായിരുന്നു.

ഒരിക്കൽ പ്രജാസഭയിൽ എം. ഗോവിന്ദന്റെ ചോദ്യത്തിനു മറുപടി പറയവേ,​ ദിവാൻ എസ്. ഗോപാലാചാരി ഈഴവരെ താണജാതിക്കാർ എന്നർത്ഥം വരുന്ന ഇംഗ്ളീഷ് വാക്കായ 'ലോ കാസ്റ്റ്" എന്നു വിശേഷിപ്പിച്ചു. ഒരു സമുദായത്തിന്റെ ആത്മാഭിമാനം കെടുത്തുന്ന പദപ്രയോഗത്തിൽ ക്ഷുഭിതനായ ആശാൻ അതിനെ മുൻനിറുത്തി നിശിതമായ ഭാഷയിൽ മുഖപ്രസംഗം എഴുതി. മേലാൽ ഇത്തരം പദപ്രയോഗങ്ങൾ വരാതിരിക്കാൻ നല്ലവണ്ണം സൂക്ഷിച്ചുകൊള്ളണമെന്ന് മുഖപ്രസംഗത്തിലൂടെ ദിവാന് മുന്നറിയിപ്പും നൽകി. പ്രജാസഭാംഗത്വത്തിന്റെ കാര്യത്തിൽ സർക്കാർ എസ്.എൻ.ഡി.പി യോഗത്തോടു കാട്ടുന്ന ചിറ്റമ്മനയത്തെയും ആശാൻ വിമർശിച്ചു. തിരുവിതാംകൂറിലെ രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ സമുദായ സംഘടനയായിട്ടും അർഹമായ പ്രാതിനിദ്ധ്യം ലഭിക്കാൻ യോഗത്തിന് സർക്കാരിനോട് യാചിക്കേണ്ടി വന്നു.

നിയമ നിർമ്മാണസഭയിൽ ഈഴവരാദി പിന്നാക്കക്കാർക്ക് പ്രാതിനിദ്ധ്യമില്ലാത്തതിനെ വിമർശിച്ച് 1913-ൽ ആശാൻ ശക്തമായ മുഖപ്രസംഗം എഴുതിയെങ്കിലും,​ അതിനുശേഷം ഏഴുവർഷം കഴിഞ്ഞ് 1920-ൽ ദിവാൻ എം. കൃഷ്ണൻനായരുടെ കാലത്തു മാത്രമാണ് ഒരു ഈഴവന് നിയമനിർമ്മാണസഭയിൽ പ്രവേശനം ലഭിച്ചത്. അത് കുമാരനാശാനായിരുന്നു. ദിവാൻ പി. രാജഗോപാലാചാരിയുടെ കാലത്ത് 1912-ലാണ് പുലയ സമുദായത്തിന് പ്രജാസഭയിൽ പ്രാതിനിദ്ധ്യം ലഭിച്ചത്. ഭിന്ന ജാതിമതസ്ഥരടങ്ങിയ തിരുവിതാംകൂറിൽ ഒരു പ്രജാസഭ അതിന്റെ നാമത്തിന് അനുരൂപമാകണമെങ്കിൽ എല്ലാ വർഗത്തിൽ നിന്നും കഴിവുള്ളവരെ ഒന്നുപോലെ പ്രതിനിധികളാക്കണമെന്ന് ആശാൻ എഴുത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അയ്യങ്കാളിയെ നോമിനേറ്റ് ചെയ്തപ്പോൾ ദിവാനെ അഭിനന്ദിച്ചുകൊണ്ടാണ് ആശാൻ ലേഖനമെഴുതിയത്. പ്രജാസഭയിലെ ഈഴവ പ്രാതിനിദ്ധ്യം നാലിൽ നിന്ന് ആറായി വർദ്ധിച്ചെങ്കിലും ആശാൻ അതിൽ തൃപ്തനായില്ല. ജനസംഖ്യ നോക്കിയാൽ ആകെയുള്ള പ്രതിനിധികളിൽ ആറിലൊന്ന്, അതായത് 17 പ്രതിനിധികളെങ്കിലും ഈഴവ‌ർക്ക് ഉണ്ടാകേണ്ടതാണെന്ന് ആശാൻ വാദിച്ചു.

എസ്.എൻ.ഡി.പി യോഗം ഈഴവരെ കുടുക്കിലാക്കാനുള്ള എലിവില്ലാണെന്നും ബുദ്ധിയുള്ള ഈഴവർ അതിൽ വീഴരുതെന്നുമുള്ള ചിലരുടെ കുപ്രചരണങ്ങളെയെല്ലാം അതിജീവിച്ചാണ് ആശാൻ യോഗത്തെ ഏറ്റവും വലിയ സംഘടനയാക്കി നാടാകെ പടർത്തിയത്. സംഘടനാ പ്രവർത്തനത്തിൽ നിന്ന് ആർജ്ജിച്ച സാമൂഹികാവബോധമാണ് ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനംചെയ്തത്. യോഗം സെക്രട്ടറിയെന്ന നിലയിൽ അത്യന്തം ശ്രമകരമായ പ്രവൃത്തികളെല്ലാം ഒറ്റയ്ക്കു നിർവഹിച്ച ആശാന്റെ നിശ്ചയദാർഢ്യവും കർമ്മകുശലതയും ഊർജ്ജസ്വലതയും എക്കാലവും ഓർമ്മിക്കപ്പെടും. പ്രബുദ്ധകേരളത്തെക്കുറിച്ച് അഭിമാനം കൊള്ളുന്ന ഓരോ മലയാളിയും എന്നും കടപ്പെട്ടിരിക്കുന്നത് ആശാനോടും അദ്ദേഹത്തിന്റെ ഗുരുവിനോടുമാണ്.

TAGS: KUMARANASHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.