സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന സാഹചര്യം ഇപ്പോൾ പതിവായിരിക്കുകയാണ്. ഈ ആഴ്ചയും വയനാട്ടിലെ ജനവാസമേഖലയിൽ കാട്ടാനയെത്തിയെന്ന വാർത്ത പുറത്തുവന്നിരുന്നു. കാട്ടാനയ്ക്കു പുറമെ കാട്ടുപന്നി, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യവും ജനവാസമേഖലയിലെ സ്ഥിരം പ്രശ്നമായി മാറുകയാണ്. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ തൊഴിലുകൾ പലപ്പോഴും കാടുമായി ചേർന്നതാണ്. വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്നതിലൂടെ ഇവരുടെ ജീവനും, ജീവനോപാധികൾക്കും മുൻപില്ലാത്തവിധം ഭീഷണി സൃഷ്ടിക്കുകയാണ്. വരും മാസങ്ങളിൽ ചൂട് കൂടുന്നതോടെ വന്യജീവിശല്യം രൂക്ഷമാകാനുള്ള സാദ്ധ്യതയും വർദ്ധിക്കുകയാണ്.
കേരളത്തിലെ മലയോര പ്രദേശങ്ങളിൽ മാത്രമല്ല, ചെറിയതോതിൽപോലും വനപ്രദേശങ്ങളുള്ള സ്ഥലങ്ങളിലും വന്യജീവി ആക്രമണങ്ങൾ പതിവായിരിക്കുകയാണ്. വനത്തിൽ അധിവസിക്കുന്ന ജീവികളുടെ എണ്ണത്തിലെ വർദ്ധനയും ഇതിന് കാരണമായിട്ടുണ്ട്. വന്യമൃഗശല്യം ഇത്രയും രൂക്ഷമായ സാഹചര്യം മുമ്പുണ്ടായിട്ടില്ലെന്നാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ മലയോര ഗ്രാമങ്ങളിലുള്ളവർ പറയുന്നത്. വന്യമൃഗശല്യം തടയാനായി സർക്കാർ നടപ്പാക്കുന്ന പദ്ധതികളൊന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകുന്നില്ലെന്ന ആരോപണവും ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. വനം വന്യജീവി നിയമങ്ങളിൽ പരിഷ്കരണം കൊണ്ടുവരേണ്ടത് കേന്ദ്ര സർക്കാരാണ്. ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളായ താമരശേരി, കുറ്റ്യാടി, കോടഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലും സ്ഥിതരൂക്ഷമാണ്.
എട്ട് വർഷത്തിനിടെ
909 മരണം
വനംമന്ത്രി എ.കെ ശശീന്ദ്രൻ ഇക്കഴിഞ്ഞ ഡിസംബറിൽ നിയമസഭയിൽ വച്ച കണക്കുപ്രകാരം കഴിഞ്ഞ എട്ടുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ 909 പേരാണ് കൊല്ലപ്പെട്ടത്. 7492 പേർക്ക് സാരമായി പരിക്കേറ്റു. ഇതിൽ കൂടുതൽ മരണങ്ങളുണ്ടായതും വയനാട്ടിലാണ്. പിന്നീടുള്ള ജീവിതം പൂർണ്ണമായും കിടക്കയിൽ ആയിപ്പോയവരും ഇക്കൂട്ടത്തിലുണ്ട്. 2016 മുതൽ 2023 വരെ മാത്രം കേരളത്തിൽ 55,839 വന്യജീവി ആക്രമണങ്ങളുണ്ടായതായാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇതിൽ നിന്നു തന്നെ വന്യജീവി ആക്രമണങ്ങൾക്കെതിരെ സർക്കാർ നടത്തുന്ന പരിഹാരമാർഗങ്ങളൊന്നും ഫലപ്രദമല്ലെന്ന് വേണം കരുതാൻ. 2016ൽ 142 പേരാണ് കൊല്ലപ്പെട്ടത്. 2017ൽ 110 പേരും 2018 ൽ 134 പേരും വന്യജീവി ആക്രമങ്ങളിൽ കൊല്ലപ്പെട്ടു. 2019 ൽ 100 പേർക്കാണ് ജീവൻ നഷ്ടമായത്. 2020 ൽ 100 പേർക്കാണ് വന്യജീവി ആക്രമങ്ങളിൽ സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. 2021ൽ 127 , 2022ൽ 111, 2023 ൽ 85 പേരും കൊല്ലപ്പെട്ടു. അതേസമയം 909 പേർ മരിച്ചെങ്കിലും നഷ്ടപരിഹാരം ലഭിച്ചത് 706 പേർക്ക് മാത്രമാണ്. ധനസഹായം നൽകുന്നതിൽ കേന്ദ്രവിഹിതവും സംസ്ഥാന വിഹിതവും എത്രയെന്നതിലും തർക്കങ്ങൾ നിലനിൽക്കുന്നു. പത്ത് ലക്ഷം രൂപയാണ് വന്യജീവി ആക്രമണങ്ങളിൽ വ്യക്തി മരണപ്പെട്ടാൽ ധനസഹായമായി നൽകുന്നത്. വന്യമൃഗ ആക്രമണങ്ങളിൽ നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാൻ വലിയ തുക നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതും ശുപാർശ ചെയ്യുന്നതും പതിവാണ്. വന്യജീവികൾ ഇറങ്ങി കൃഷി ഭൂമിയിലിറങ്ങി കാർഷിക നാശമുണ്ടാക്കിയാൽ അതിനും കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നാണ് കൃഷിക്കാരുടെ ആവശ്യം.
വേണ്ടത് ശാസ്ത്രീയ
സമീപനം
വനസംരക്ഷണവും വന്യജീവിസംരക്ഷണവും പ്രധാനമാണ്. മനുഷ്യജീവനും ഉപജീവനമാർഗങ്ങൾക്കും സംരക്ഷണം നൽകുന്നത് പരമപ്രധാനമാണ്. വനത്തിനകത്തുതന്നെ കഴിഞ്ഞിരുന്ന ജീവികൾ കാടുവിട്ട് നാടുകളിലേക്കിറങ്ങുന്നത് എന്തുകൊണ്ടെന്നതിൽ കൃത്യമായ പഠനങ്ങൾ ആവശ്യമാണ്. വനം കൈയേറ്റത്തിന്റെ ഫലമായി ജലത്തിനും ഭക്ഷ്യവസ്തുക്കൾക്കും ക്ഷാമമുണ്ടായിട്ടാണോ, വനത്തിന് ഉൾക്കൊള്ളാൻ സാധിക്കുന്നതിലും മൃഗങ്ങൾ ഉള്ളതിനാലാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടും നിരവധി ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. വനപ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ കൂടി കേട്ടാണ് ഇതെല്ലാം പൂർത്തിയാക്കേണ്ടത്.
സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷമേഖലയായി ആയിരത്തിലേറെ സ്ഥലങ്ങൾ വനംവകുപ്പ് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ വനംവകുപ്പിന്റെ ശ്രദ്ധയും നിരീക്ഷണവുമുണ്ടാകണം. ഈ സ്ഥലങ്ങളിൽ ജനകീയ നിരീക്ഷണ സമിതികളുണ്ടാകുന്നതും പ്രതിസന്ധികൾ തടയുന്നതിന് സഹായിക്കും. മൃഗങ്ങൾ വനാതിർത്തിയിൽനിന്ന് പുറത്തിറങ്ങാതിരിക്കാൻ സൗരോർജവേലി, കിടങ്ങുകൾ, ആനമതിലുകൾ തുടങ്ങിയ ശാസ്ത്രീയമായ പ്രതിരോധസംവിധാനങ്ങളും ഉണ്ടാക്കണം. സ്ഥിരമായി വന്യജീവികൾ എത്തുന്ന പ്രദേശങ്ങളിൽ വനംവകുപ്പിന്റെ എയ്ഡ് പോസ്റ്റുകളും ഗാർഡുമാരും പ്രവർത്തനം ശക്തമാക്കണം. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും നഷ്ടപരിഹാരത്തുക വർദ്ധിപ്പിച്ച് വേഗത്തിൽ ലഭ്യമാക്കണം. വന്യജീവി ആക്രമണത്തിനെതിരേ ജാഗ്രത പാലിക്കുന്നതിന് പ്രദേശവാസികൾക്ക് ബോധവത്ക്കരണം നൽകുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |