കൊച്ചി: ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ നൂറുകോടി രൂപ വിദേശത്തേക്ക് കടത്തിയ കോഴിക്കോടും മലപ്പുറവും കേന്ദ്രീകരിച്ചുള്ള വൻസംഘത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തി. 200 പേരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് വൻ നികുതി വെട്ടിപ്പ് നടത്തിയവരുടെ 10 കേന്ദ്രങ്ങളിൽ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും തുടർന്നു.
കോഴിക്കോട്ടെ കാലിക്കറ്റ് ട്രേഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ ഉടമ യാസർ അരാഫത്ത് നേതൃത്വം നൽകുന്ന സംഘമാണ് 2022 മുതൽ തട്ടിപ്പ് നടത്തിയത്. യാസർ, കൂട്ടാളികളായ അർഷാദ്, മുബാഷിർ എന്നിവരുടേയും മറ്റ് എട്ടുപേരുടെയും കോഴിക്കോട്, എടരിക്കോട്, മലപ്പുറം, എടക്കര എന്നിവിടങ്ങളിലെ ഓഫീസുകളിലും വീടുകളിലുമാണ് കൊച്ചിയിലെ ആദായ നികുതി അന്വേഷണ വിഭാഗം റെയ്ഡ് നടത്തിയത്. ബാങ്കിടപാടുകളുടെ ഉൾപ്പെടെ നിരവധി രേഖകൾ പിടിച്ചെടുത്തു.
200 പേരുടെ ബാങ്ക് അക്കൗണ്ടുകളും എ.ടി.എം ഉൾപ്പെടെ രേഖകളും ഉപയോഗിച്ച് ക്രിപ്‌റ്റോ കറൻസി വാങ്ങുകയാണ് യാസർ അരാഫത്തും സംഘവും ചെയ്യുന്നത്. പിന്നീട് ക്രിപ്‌റ്റോ കറൻസി യു.എ.ഇയിൽ വിറ്റഴിക്കും. വിദേശ നാണയത്തിൽ വൻതുകയാണ് ഇതുവഴി ലഭിക്കുക. ഈ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ കേരളത്തിൽ തിരിച്ചെത്തിക്കും. എൻ.ആർ.ഐ അക്കൗണ്ടിലൂടെ വരുന്നതിനാൽ തുകയ്ക്ക് നികുതി നൽകേണ്ടതില്ല. കേരളത്തിലെത്തുന്ന തുക ബാങ്കുകളിൽ നിന്ന് പിൻവലിച്ച് വീണ്ടും ക്രിപ്‌റ്റോ കറൻസി വാങ്ങി യു.എ.ഇയിൽ വിറ്റ് പണിമിരട്ടിപ്പിക്കുകയാണ് രീതിയെന്ന് ആദായ നികുതി ഉന്നതവൃത്തങ്ങൾ 'കേരളകൗമുദി"യോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |