സഹോദരിയുമായുള്ള സ്വത്ത് തർക്കത്തിൽ തനിക്ക് അനുകൂലമായി ഫൊറൻസിക് റിപ്പോർട്ട് വന്നതിൽ പ്രതികരണവുമായി മന്ത്രി കെ.ബി ഗണേശ് കുമാർ. സത്യം തെളിയുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും, തന്നെ കുറിച്ചുള്ള ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചുവെന്നും ഗണേശ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഗണേശ് കുമാറിന്റെ കുറിപ്പ്-
''സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷം..
എനിയ്ക്ക് ആരോടും ഒരു വിരോധവും ഇല്ലാ..
സത്യം എപ്പോഴും മറഞ്ഞിരിക്കും..
അത് കുറച്ചുദിവസം കഴിഞ്ഞേ പുറത്ത് വരൂ..
കള്ളം പറയുന്നതായിരിക്കും ആദ്യം ഉയർന്ന് കേൾക്കുന്നത്..
ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യും.
എന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷം.''
സഹോദരി ഉഷമോഹൻദാസുമായുള്ള സ്വത്തുതർക്കകേസിലാണ് ഗണേഷ് കുമാറിന് അനുകൂലമായി ഫൊറൻസിക് റിപ്പോർട്ട് വന്നത്. പിതാവ് ആർ. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ വ്യാജമാണെന്ന ഉഷയുടെ വാദങ്ങൾ ഫൊറൻസിക് റിപ്പോർട്ട് വന്നതിലൂടെ അപ്രസക്തമായിരിക്കുകയാണ്. വിൽപത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഉഷകോടതിയെ സമീപിച്ചിരുന്നു. ബാലകൃഷ്‌ണപിള്ളയുടെ ആരോഗ്യം മോശമായ സമയത്ത് കെ.ബി. ഗണേഷ് കുമാർ വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തു എന്നായിരുന്നു ഉഷയുടെ പരാതി. തുടർന്ന് കൊട്ടാരക്കര മുൻസിഫ് കോടതി വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |