കൊല്ലം: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസമായി ഫോറൻസിക് റിപ്പോർട്ട്. സ്വത്തുക്കൾ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ പിതാവ് ആർ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
പിതാവിന്റെ ഒപ്പ് വ്യാജമാണെന്ന് കാട്ടി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹൻ ദാസ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കൊട്ടാരക്കര മുൻസിഫ് കോടതിയാണ് വിൽപത്രത്തിലെ ഒപ്പുകൾ ഫോറൻസിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് കൈമാറിയത്. ഇന്നലെ വിശദമായ പരിശോധനാ റിപ്പോർട്ട് കോടതിക്ക് നൽകി. ഇതിലാണ് ഒപ്പുകൾ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
ബാലകൃഷ്‌ണ പിള്ള നേരത്തെ ബാങ്കിടപാടുകളിൽ നടത്തിയ ഒപ്പുകൾ, കേരള മുന്നോക്ക ക്ഷേമ കോർപ്പറേഷനിൽ ചെയർമാൻ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകൾ, തിരഞ്ഞെടുപ്പുകൾക്ക് നോമിനേഷൻ നൽകിയപ്പോഴുള്ള ഒപ്പുകൾ തുടങ്ങിയവ പരിശോധിച്ചാണ് ഫോറൻസിക് റിപ്പോർട്ട് തയ്യാറാക്കിയത്.
സ്വത്തുതർക്കത്തിന്റെ പേരിൽ ഗണേഷ് കുമാറിനെ ആദ്യ രണ്ടര വർഷം മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിർത്തിയിരുന്നു. മുഖ്യമന്ത്രിക്ക് ഉഷാ മോഹൻ ദാസ് നൽകിയ പരാതിയെ തുടർന്നായിരുന്നു ഇത്. പിന്നീട് ഘടകകക്ഷികളുമായുള്ള ധാരണ പാലിക്കാൻ ഇടതുമുന്നണി തയ്യാറായപ്പോഴാണ് രണ്ടര വർഷം കഴിഞ്ഞ് ഗണേഷിന് മന്ത്രി സ്ഥാനം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |