മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാനി'ലെ ടൊവിനോ തോമസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്. ടൊവിനോയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. 'അധികാരം ഒരു മിഥ്യയാണ്' എന്ന ടാഗ്‌ലെെനും പോസ്റ്ററിലുണ്ട്. ജതിൻ രാംദാസായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ലൂസിഫറിൽ അതിഥി വേഷത്തിലെത്തിയ ജതിൻ രാംദാസ് എമ്പുരാനിൽ മുഴുനീള വേഷത്തിലാകും എത്തുകയെന്നാണ് വിവരം.
2019 മാർച്ച് 28നായിരുന്നു എമ്പുരാന്റെ ഒന്നാം ഭാഗമായ ലൂസിഫർ റിലീസ് ചെയ്തത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അബ്രാം ഖുറേഷിയായും സ്റ്റീഫൻ നെടുമ്പള്ളിയായും എത്തുന്നു. സയദ് മസൂദായി പൃഥ്വിരാജും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, ശക്തി കപൂർ, ഇന്ദ്രജിത്ത്, സായ്‌കുമാർ, ബൈജു സന്തോഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. 2019ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫർ. 200 കോടി ക്ളബിൽ കയറുകയും ചെയ്തു. ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നാലെ 2023ഓടെ എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചു. 2024 ഡിസംബറോടെയാണ് എമ്പുരാന്റെ ചിത്രീകരണം അവസാനിപ്പിച്ചത്.
എമ്പുരാന് ചെന്നൈയിലും ഉത്തരേന്ത്യയിലും ഗൾഫിലും വിദേശ രാജ്യങ്ങളിലും ചിത്രീകരണം ഉണ്ടായിരുന്നു. ഡൽഹി - ഹരിയാന അതിർത്തിയിൽ ഫരീദാബാദിൽ ആയിരുന്നു ആദ്യ ഷെഡ്യൂൾ. തിരുവനന്തപുരത്തും കൊച്ചിയിലും ചിത്രീകരണം ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് പുറമെ യുകെ, യുഎസ്, റഷ്യ തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ എമ്പുരാന്റെ ചിത്രീകരണം നടന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ എമ്പുരാൻ പുറത്തിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |