തിരുവനന്തപുരം വിതുര താലൂക്കാശുപത്രിയിൽ രോഗിക്ക് ശ്വാസതടസത്തിന് നൽകിയ ആന്റിബയോട്ടിക് ഗുളികയിൽ നിന്ന് മൊട്ടുസൂചി ലഭിച്ചെന്ന പരാതി സംസ്ഥാനത്തെ സർക്കാരാശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നിന്റെ ഗുണനിലവാരം സംബന്ധിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നതാണ്. സംഭവത്തിൽ പ്രതിക്കൂട്ടിലായ ആരോഗ്യവകുപ്പ് അധികൃതർ പരാതിയിൽ കഴമ്പില്ലെന്ന് അവകാശപ്പെടുമ്പോഴും അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയത് വാദിയെ പ്രതിയാക്കി യാഥാർത്ഥ്യത്തിൽ നിന്ന് തലയൂരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കടുത്ത ശ്വാസം മുട്ടലിന് ചികിത്സ തേടിയെത്തിയ വിതുര സ്വദേശിനി വസന്തയ്ക്ക് ആശുപത്രിയിൽ നിന്ന് ഗുളിക നൽകിയത്. അമോക്സിസിലിൻ എന്ന ആന്റിബയോട്ടിക്ക് ഗുളികയിൽ രണ്ടെണ്ണം കഴിച്ചുവെന്നും മൂന്നാമത്തെ ഗുളിക കഴിക്കാനെടുത്തപ്പോൾ പൊട്ടിയ നിലയിലായിരുന്നുവെന്നും പരിശോധിച്ചപ്പോൾ മരുന്നിന്റെ പൊടിക്കൊപ്പം ചെറിയ മൊട്ടുസൂചി ഉണ്ടായിരുന്നതായുമാണ് വസന്ത പരാതിപ്പെട്ടത്. സംശയം തോന്നി ബാക്കി ഗുളികകൾ പൊട്ടിച്ചു നോക്കിയപ്പോൾ എല്ലാ ഗുളികകളിലും ഇതേപോലുള്ള മൊട്ടുസൂചി കണ്ടെത്തിയെന്നാണ് അവർ പറഞ്ഞത്. ഗുളിക പൊട്ടിച്ച് സൂചി പുറത്തെടുക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം ചർച്ചയായത്. ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. കെ.എസ് ഷിനുവിന്റെ നേതൃത്വത്തിലുള്ള സംഘം വസന്തയുടെ വീട്ടിലെത്തി പരിശോധിച്ചു. ഗുളികയും അതിൽ നിന്ന് കണ്ടെത്തിയെന്ന് പറയുന്ന സൂചികളും പരിശോധിച്ച സംഘം പരാതിയിൽ കഴമ്പില്ലെന്നാണ് പറഞ്ഞത്. ഇതേ ബാച്ചിൽപ്പെട്ട മറ്റു ഗുളികകളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് സംഘം ആരോഗ്യവകുപ്പിനെ അറിയിച്ചു. ഇതിനിടെ ആരോഗ്യവകുപ്പ് ഡയറക്ടർ ഡി.ജി.പിക്ക് പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത പൊലീസ് വസന്തയെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പാവപ്പെട്ട ഈ സ്ത്രീയെ പൊലീസ് ചോദ്യം ചെയ്ത ശേഷം എന്താകും ഫലമെന്നത് ഊഹിക്കാവുന്നതേയുള്ളു. വിഷയത്തിൽ പ്രതിക്കൂട്ടിലായ ആരോഗ്യവകുപ്പ് തന്നെ പരാതിക്കാരായി എത്തുമ്പോൾ കേസിന്റെ പരിണാമം എന്താകുമെന്നതും ചിന്തനീയമാണ്. മേഘാലയയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇക്കഴിഞ്ഞ ഡിസംബറിൽ സമാനമായ സംഭവമുണ്ടായി. ഡോക്ടർമാർ നിർദ്ദേശിച്ച 10 അമോക്സിസിലിൻ ഗുളികകളിൽ രണ്ടെണ്ണത്തിനുള്ളിലാണ് ആണികൾ കണ്ടെത്തിയത്. തന്റെ 12 വയസുള്ള മകൾക്ക് നൽകിയ ഗുളികയിൽ ആണിയുണ്ടെന്ന് കാട്ടി സ്ത്രീ നൽകിയ പരാതിയിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു.
മരുന്നുകളുടെ
ഗുണനിലവാരം എത്ര ?
പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന സർക്കാരാശുപത്രികളിലേക്ക് സംസ്ഥാന ആരോഗ്യവകുപ്പ് മരുന്ന് വാങ്ങുന്ന രീതിയറിഞ്ഞാൽ മതിയാകും മരുന്നിന്റെ ഗുണനിലവാരം സംബന്ധിച്ച ഏകദേശരൂപം ലഭിക്കാൻ. ഒരുവർഷം 125- 130 കോടിയുടെ മരുന്നാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങുന്നത്. അതായത് 6000- 6500 ബാച്ച് മരുന്ന്. ഇങ്ങനെ വാങ്ങിക്കൂട്ടുന്ന മുഴുവൻ മരുന്നിന്റെയും ഗുണനിലവാര പരിശോധനയ്ക്കുള്ള സംവിധാനം കേരളത്തിൽ ഇല്ലെന്നതു തന്നെയാണ് ഏറ്റവും ഗുരുതരമായ വസ്തുത. മെഡിക്കൽ കോർപ്പറേഷൻ കേന്ദ്രീകൃത ടെണ്ടറിലൂടെ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്ന കമ്പനിക്കാകും ടെണ്ടർ നൽകുക. വൻതോതിലെത്തുന്ന മരുന്ന് യാതൊരു ഗുണനിലവാര പരിശോധനയും കൂടാതെ കോർപ്പറേഷന്റെ വിവിധ ജില്ലകളിലുള്ള മരുന്ന് സംഭരണ കേന്ദ്രങ്ങളിലേക്ക് നേരിട്ടാണെത്തുന്നത്. അവിടെ നിന്ന് വിവിധ ആശുപത്രികൾക്ക് നൽകും. ആശുപത്രികളിൽ നിന്ന് 'റാൻഡം സാംപ്ളിഗ്' നടത്തി എടുക്കുന്ന സാമ്പിളുകളാണ് ലബോറട്ടറിയിൽ ഗുണനിലവാര പരിശോധനക്കായി അയക്കുന്നത്. പാരസെറ്റമോൾ സിറപ്പിൽ നിർദ്ദിഷ്ട അളവിൽ പാരസെറ്റമോൾ ഉണ്ടോ, സിറപ്പ് നിർമ്മാണത്തിനുപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം, മധുരം, നിറം, മണം എന്നിവയ്ക്കായി ചേർക്കുന്ന രാസപദാർത്ഥങ്ങളുടെ ഗുണനിലവാരം ഇത്യാദിയൊക്കെയാണ് പരിശോധിച്ച് ഉറപ്പാക്കേണ്ടത്. ഇതുപോലെ ഓരോ മരുന്നും പരിശോധിക്കണം. എന്നാൽ 600 സാമ്പിളുകൾ പോലും പരിശോധിക്കാൻ ആവശ്യത്തിന് ലാബോ സംവിധാനമോ ഇല്ലാത്തതിനാൽ അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷമാകും സാമ്പിളിന്റെ പരിശോധനാ ഫലമെത്തുക. വൈകിയെത്തുന്ന പരിശോധനാ ഫലത്തിൽ എന്തെങ്കിലും കുഴപ്പമുള്ളതായി കണ്ടെത്തിയാൽ ആ മരുന്നിന്റെ വിതരണം നിറുത്തിവയ്ക്കാൻ ആശുപത്രിക്ക് നിർദ്ദേശം നൽകും. അപ്പോഴേക്കും മരുന്നിന്റെ മുക്കാൽ ഭാഗത്തിലേറെ രോഗികൾക്ക് വിതരണം ചെയ്തിട്ടുണ്ടാകും. പിന്നീട് മരുന്ന് നൽകിയ സ്ഥാപനത്തെ കരിമ്പട്ടികയിൽപ്പെടുത്തും. എന്നാൽ മരുന്ന് വാങ്ങുമ്പോൾ തന്നെ വിലയുടെ 80 ശതമാനവും നൽകിക്കഴിഞ്ഞതിനാൽ ശേഷിക്കുന്ന 20 ശതമാനം തുക പിടിച്ചു വച്ചാലും കമ്പനിക്ക് നഷ്ടമില്ല. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്ന് ഇതിനകം രോഗികൾ ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ടാകും.
'തട്ടിക്കൂട്ട്'
കമ്പനികൾ
മെഡിക്കൽ സർവീസ് കോർപ്പറേഷൻ ടെണ്ടർ ക്ഷണിക്കുമ്പോൾ ചില തട്ടിക്കൂട്ട് കമ്പനികൾ ഏറ്റവും താണവില കാട്ടിയാകും ടെണ്ടറിൽ പങ്കെടുക്കുക. ഉദാഹരണത്തിന് നല്ല മരുന്ന് കമ്പനികൾ ഗുളിക ഒന്നിന് 10 രൂപയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിൽ തട്ടിക്കൂട്ട്/കടലാസ് കമ്പനികൾ രണ്ടു രൂപക്ക് നൽകാമെന്ന് ടെണ്ടറിൽ കാട്ടും. അവിശ്വസനീയമായ നിരക്ക് കാട്ടുന്നതോടെ അവർക്ക് ടെണ്ടർ ലഭിക്കും. ഈ നിരക്കിൽ നൽകാൻ കഴിയാത്ത അംഗീകൃത കമ്പനികൾ ടെണ്ടറിന് പുറത്താകും. ടെണ്ടർ നേടിയശേഷം കമ്പനി തട്ടിക്കൂട്ടി ഉണ്ടാക്കുന്നവരും ഉണ്ടത്രെ. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മാത്രമല്ല, കേരളത്തിലും കുടിൽ വ്യവസായം പോലെ മരുന്ന് നിർമ്മാണ ഫാക്ടറികൾ ഉണ്ടത്രെ. ആവശ്യമായ മെഷിനറികളോ മറ്റ് സംവിധാനമോ ഇല്ലാതെ ഏറ്റവും അനാരോഗ്യകരമായ ചുറ്റുപാടുകളിൽ നിർമ്മിക്കുന്ന മരുന്നിൽ ആണിയോ മൊട്ടുസൂചിയോ കടന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളുവെന്നാണ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടവർ തന്നെ പറയുന്നത്. ഏറ്റവും കുറഞ്ഞ വിലകാട്ടുന്ന കമ്പനികൾക്ക് ടെണ്ടർ നൽകാൻ വൻതുകയുടെ കമ്മിഷൻ, ബിനാമി ഏർപ്പാടുകളും നിലവിലുണ്ടത്രെ. ആരോഗ്യവകുപ്പിനെ 'ശർക്കരക്കുടമായാണ്' വിശേഷിപ്പിക്കുന്നത്. ടെണ്ടർ ഉറപ്പിക്കും മുമ്പേ ആ സ്ഥാപനം നിലവിലുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ നിലവാരം, ടേണോവർ തുടങ്ങിയ യാതൊരു വിവരവും അന്വേഷിക്കാതെയാണ് ടെണ്ടർ ഉറപ്പിക്കുന്നത്. കേരളസർക്കാരിന്റെ മരുന്ന് നിർമ്മാണ സ്ഥാപനമായ ആലപ്പുഴയിലെ കെ.എസ്.ഡി.പി യിൽ നിന്നുപോലും സംസ്ഥാന ആരോഗ്യവകുപ്പ് മരുന്ന് വാങ്ങുന്നില്ലെന്നതാണ് വിചിത്രമായ വസ്തുത. അന്യസംസ്ഥാനങ്ങൾക്ക് മരുന്ന് വിറ്റാണ് ആ സ്ഥാപനം പിടിച്ചു നിൽക്കുന്നത്. മരുന്ന് മാത്രമല്ല, മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതും ഇതേരീതിയിലാണ്. സർക്കാരാശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം എന്തെന്നത് ഇതിൽ നിന്നു തന്നെ വ്യക്തമാണ്. ആരോഗ്യവകുപ്പ് വാങ്ങുന്ന മരുന്നുകളുടെ 40 ശതമാനവും നൽകുന്നത് ഗുജറാത്ത് ആസ്ഥാനമായ ഒരു കമ്പനിയിൽ നിന്നാണത്രെ.
പരിശോധനക്ക്
ലാബുകളുണ്ട്, പക്ഷെ...
മരുന്നുകളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാൻ ആവശ്യമായ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന 12 ഓളം ലാബുകൾ സംസ്ഥാനത്തുണ്ടായിട്ടും അവിടെ പരിശോധനക്ക് നൽകാൻ ആരോഗ്യവകുപ്പ് തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്. കൊല്ലത്തെ കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ അത്യാധുനിക ലാബ്, ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, കെ.എസ്.ഡി.പി തുടങ്ങിയ 12 ഓളം ലാബുകളുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് വർഷങ്ങൾക്ക് മുമ്പ് ആരോഗ്യവിദഗ്ധർ ആരോഗ്യവകുപ്പിന് സമർപ്പിച്ചെങ്കിലും അത് പരിഗണിച്ചതുപോലുമില്ല. ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാവങ്ങളുടെ ഏക ആശ്രയമായ സർക്കാരാശുപത്രികളിലെ മരുന്നുകളെയും സേവനങ്ങളെയും സംശയ നിഴലിലാക്കാനും മോശമായി ചിത്രീകരിക്കാനും മനപൂർവമായ ശ്രമം നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.വിജയകുമാർ ആവശ്യപ്പെട്ടു.
മരുന്ന്
സംഭരണശാലകളിലെ തീ
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ രണ്ട് ഗോഡൗണുകൾ 2023 മേയ്‌മാസത്തിൽ ഒരാഴ്‌ചയ്ക്കിടെ തീ കത്തിനശിച്ച സംഭവത്തിന്റെ അന്വേഷണം എവിടെയും എത്തിയില്ല. കൊല്ലത്തും തിരുവനന്തപുരം കിൻഫ്ര പാർക്കിലെയും മരുന്ന് സംഭരണകേന്ദ്രങ്ങൾ കത്തി നശിച്ച് കോടികളുടെ നഷ്‌ടമാണുണ്ടായത്. കൊവിഡ് സമയത്ത് മരുന്നുകളും പി.പി.ഇ കിറ്റ് അടക്കമുള്ള സാധനങ്ങളും വാങ്ങിയതിൽ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ പരാതിയിൽ ലോകായുക്ത അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാലാവധി തീർന്ന മരുന്നുകളടക്കം സൂക്ഷിച്ചിരുന്ന ഗോഡൗണുകൾ കത്തി നശിച്ചത്. തിരുവനന്തപുരം,തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ രണ്ട് വീതവും മറ്റു ജില്ലകളിൽ ഓരോ ഗോഡൗണുമാണ് മരുന്ന് സംഭരണത്തിനായി കോർപ്പറേഷനുളളത്. തീപിടുത്തം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നെ അതിന്റെ ഗതി എന്തായെന്ന് പ്രതിപക്ഷ കക്ഷികൾ പോലും അന്വേഷിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |