വാഷിംഗ്‌ടൺ: കുടിയേറ്റം തടയാൻ നടപടികൾ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്സിക്കോ അതിർത്തിയിലേക്ക് 1,500 സെെനികരെ കൂടി അയച്ചതായി റിപ്പോർട്ട്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച നിർദേശം അദ്ദേഹം നൽകിയത്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ട്രംപ് യുഎസ് - മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
പിന്നാലെയാണ് ഇപ്പോൾ വീണ്ടും നടപടി ശക്തമാക്കിയത്. ഇതോടെ അതിർത്തിയിൽ കാവലുള്ള സെെന്യത്തിന്റെ എണ്ണം 4,000 ആയി. അതിർത്തിയിൽ അയക്കുന്ന സെെന്യത്തിൽ 1000 കരസേന ഉദ്യോഗസ്ഥരും 500 നാവികസേന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് മുതിർന്ന സെെനിക ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്ത മൂന്നാം ദിവസമാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയത്. ഉടനടി കരാറിൽ ഏർപ്പെടണമെന്നും ട്രംപ് വ്യക്തമാക്കി. താൻ അധികാരത്തിൽ വന്നാൽ ഒറ്റ ദിവസം കൊണ്ട് റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് മുൻപ് ട്രംപ് പറഞ്ഞിരുന്നു.
യെമനിലെ ഹൂതി വിമതരെ വീണ്ടും ഭീകരസംഘടനയായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ഭീകരസംഘടനകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ബെെഡന്റെ തീരുമാനം പിൻവലിച്ചു. 2020ൽ ഹൂതി വിമതരെ ഭീകരണസംഘടനകളായി പ്രഖ്യാപിച്ച് ട്രംപിന്റെ തീരുമാനം ബെെഡൻ സ്ഥാനമേറ്റതിന് പിന്നാലെ റദ്ദാക്കിയിരുന്നു. ഇതാണ് ട്രംപ് പിൻവലിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |