തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണത്തിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ 66 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വനംവകുപ്പ്. കടുവ, കാട്ടാന, കാട്ടുപന്നി എന്നിവയുടെ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. പാമ്പ്, കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണത്തിൽ 46 പേരും മരണമടഞ്ഞു. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 1.5 കോടി രൂപയോളം അടിയന്തര സഹായമായി നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
2023-24ൽ വന്യജീവികളുടെ ആക്രമണത്തിൽ 94 പേർ കൊല്ലപ്പെട്ടെന്നും ഇവരുടെ ആശ്രിതർക്ക് 21.79 കോടി രൂപ കൈമാറിയെന്നും അധികൃതർ വിശദമാക്കി.
വന്യജീവി സംഘർഷം സംസ്ഥാനത്തിന്റെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണഫണ്ട് കൂടി ലഭ്യമാക്കിയാണ് നഷ്ടപരിഹാരം നൽകുന്നത്. ഇതിനായി കേന്ദ്ര സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും മനുഷ്യ- വന്യജീവി സംഘർഷം തടയുന്നതിനുള്ള പദ്ധതികൾക്കായി കേന്ദ്ര ബഡ്ജറ്റിൽ 1000 കോടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വന്യജീവി സംഘർഷം നേരിടാൻ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനത്തിന് പെട്ടെന്ന് നടപടിയെടുക്കാനാവുന്നില്ല.
1972ലെ കേന്ദ്ര വനംനിയമത്തിലെ മാനദണ്ഡങ്ങളാണ് തടസം. ഇത് കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലതവണ മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നരഭോജിയാണെങ്കിലേ കൊല്ലാനാവൂ
ജനവാസമേഖലയിൽ ഇറങ്ങുന്ന കടുവ, പുലി നരഭോജിയാണെങ്കിലേ വെടിവച്ചു കൊല്ലാനാവൂയെന്നാണ് കേന്ദ്ര നിയമത്തിൽ പറയുന്നത്. ഡി.എഫ്.ഒ, വൈൽഡ് ലൈഫ് വാർഡൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എന്നിവർ റിപ്പോർട്ട് നൽകണം. അത് പരിഗണിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് വെടിവച്ചുകൊല്ലാനുള്ള ഉത്തരവിടേണ്ടത്.
കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിനും സമാനമായ നടപടികളാണുള്ളത്. ആനയെ തിരിച്ചറിയുന്നതിനുള്ള നടപടികൾ, ചലനം നിരീക്ഷിക്കൽ, ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയ നടപടികളും സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |