ശില്പയുടെ കണ്ടുപിടിത്തത്തിന് പേറ്റന്റ്
തിരുവനന്തപുരം: കാർബണിന്റെ വകഭേദമായ ഗ്രാഫീൻ മഷിരൂപത്തിൽ. ഒട്ടിപ്പിടിക്കുന്ന മഷി പേപ്പറിലോ തുണിയിലോ പുരട്ടി വൈദ്യുതി കടത്തിവിടാം. ബൾബ് കത്തിക്കാം. അങ്കമാലി സ്വദേശി ശില്പയുടേതാണ് കണ്ടുപിടിത്തം. കേന്ദ്ര സർക്കാരിന്റെ പേന്റന്റും കിട്ടി. നാനോഇലക്ട്രോണിക്സിൽ പിഎച്ച്.ഡിക്കാരിയാണ് ശില്പ.
വൈദ്യുതിവാഹക ശക്തിയില്ലാത്ത പേപ്പർ,തുണി,കാർഡ്ബോർഡ് എന്നിവയ്ക്കൊക്കെ കണ്ടക്ടിവിറ്റി നൽകാൻ ഗ്രാഫീനാകും. ഏത് പ്രതലത്തിലാണോവരയ്ക്കുന്നത് അതിലൂടെ വൈദ്യുതി കടത്തിവിടും. ബൾബിനെ സർക്യൂട്ടുമായി ബന്ധിപ്പിക്കാൻ വയറിന് പകരം മഷി മതി. ഷോക്ക് ഏൽക്കാതിരിക്കാൻ മഷിക്ക് പുറത്ത് ഇൻസുലേഷൻ സ്‌പ്രേ ചെയ്യും. മഷി നിറയ്ക്കാൻ പ്രത്യേകതരം പേനയുണ്ട്.
കാർബണിൽ നിന്നാണ് ഗ്രാഫീൻ നിർമ്മിക്കുന്നത്. ലാബിൽ പൗഡർ രൂപത്തിലുള്ള കാർബണിൽ പ്രത്യേകതരം സൗണ്ട് (അൾട്രാസോണിഫിക്കേഷൻ)കടത്തിവിടും. അക്രിലിക്കും ഒട്ടിപ്പിടിക്കാൻ ബൈൻഡറും ചേർക്കും. 50 ഗ്രാം കാർബണിൽ നിന്ന് 200 മില്ലിലിറ്റർ വരെ മഷിയുണ്ടാക്കാം.
പത്തുകൊല്ലത്തെ പ്രയ്തനം
ഇലക്ട്രോണിക്സിൽ ബിടെക്കും എംടെക്കും പൂർത്തിയാക്കിയ ശില്പ 2015 മുതൽ ഗ്രാഫീൻ മഷി വികസിപ്പിക്കാൻ ശ്രമം തുടങ്ങി. ഇതിനിടെയാണ് പിഎച്ച്.ഡി നേടിയത്. 2021ൽ കാലടി ആദി ശങ്കരാ കോളേജ് ഒഫ് എൻജിനിയറിംഗിൽ നാനോഗ്രാഫ് എന്ന കമ്പനി തുടങ്ങി. കമ്പനിയുടെ ഡയറക്ടർമാരായ കൃഷ്ണ,വിപിൻ ദാസ് എന്നിവരും സഹായിച്ചു. അങ്കമാലി നെടുമ്പാശേരി സ്വദേശിയാണ്.
പ്രമേഹം പരിശോധിക്കാം
പ്രമേഹം പരിശോധിക്കുന്ന ഗ്ലൂക്കോമീറ്റർ സ്ട്രിപ്പുകളിൽ ഉപയോഗിക്കുന്നത് കണ്ടക്ടീവ് മഷിയാണ്. സ്ട്രിപ്പിൽ മഷി വച്ച് വരയ്ക്കുമ്പോൾ അതിന് വൈദ്യുതിവാഹക ശക്തി ലഭിക്കും. തുടർന്ന് രക്തം അതിൽ വച്ചാൽ പ്രമേഹത്തിന്റെ അളവ് കണ്ടെത്താം. ശബ്ദവും ലൈറ്റും ഉണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ,മൊബൈൽ ആന്റിന,സി.ടി സ്കാനിംഗിന് ഉപയോഗിക്കുന്ന ഇലക്ട്രോഡുകൾ എന്നവയിലും ഉപയോഗിക്കാം.
ഗ്രാഫീൻ
ഏറ്റവും കണ്ടക്ടിവിറ്റിയുള്ള മൂലകങ്ങളിലൊന്ന്
ഭാരം കുറവ്, ഉയർന്ന കാഠിന്യം
സെമിക്കണ്ടക്ടറായും ഉപയോഗിക്കാം
നാളെയുടെ അത്ഭുതം എന്നാണ് വിളിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |