തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ ഉടൻ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാൻഡിന്റെ ഉറപ്പ് ലഭിച്ചു. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. ദീപാ ദാസ് മുൻഷി നടത്തുന്നത് പുനഃസംഘടനാ ചർച്ചകൾ മാത്രമാണ്. പുനഃസംഘടന നടപടികളുമായി മുന്നോട്ടു പോകാൻ സുധാകരന് നിർദ്ദേശം നൽകി.സുധാകരനെ നിലനിർത്തി പുനഃസംഘടന പൂർത്തിയാക്കാനാണ് തീരുമാനം. കെ.സി.വേണുഗോപാൽ ഇന്ന് സുധാകരനുമായി കൂടിക്കാഴ്ച നടത്തും.
കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകൽച്ച സംഘടനാ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ . പ്രധാന വിഷയങ്ങളിൽപ്പോലും കൂട്ടായ ചർച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല. ഇതിനിടെയാണ് സംഘടനാ കാര്യങ്ങളിൽ സതീശന്‍ മുൻകൈയെടുക്കുന്നെന്ന പരാതി ഉയർന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാവുന്ന മണ്ഡലങ്ങൾ സംബന്ധിച്ച നീക്കങ്ങളാണ് പരാതിക്ക് അടിസ്ഥാനം.
ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ തുടങ്ങിയ പേരുകൾ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
നേതൃമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ആലോചിച്ചിട്ട് പോലുമില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. സുധാകരനെ മാറ്റണമെന്ന ആവശ്യം ഹൈക്കമാൻഡിനോട് തങ്ങളാരും ഉന്നയിച്ചിട്ടില്ലെന്നാണ് മുരളീധരൻ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും പാർട്ടിയിൽ ചർച്ചയില്ല. എന്നാൽ ഡി.സി.സി തലത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |