തിരുവനന്തപുരം: സംഘടനയിലും തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയത്തിലും പിന്നാക്ക വിഭാഗങ്ങളെ വെട്ടിനിരത്തുന്നതിന് എതിരെ കോൺഗ്രസിൽ അമർഷം ആളിപ്പടരുന്നു. ഈഴവരാദി പിന്നാക്കക്കാരെ തഴഞ്ഞാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഭരണം പിടിക്കാനാവില്ലെന്ന എ.ഐ.സി.സിയുടെ രഹസ്യ സർവേ സംബന്ധിച്ച് കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത പാർട്ടിയിൽ വ്യാപക ചർച്ചയായി.
ഇതിനെ സ്വാഗതം ചെയ്ത കോൺഗ്രസിലെ പിന്നാക്ക വിഭാഗക്കാരായ നേതാക്കളും അണികളും കേരളകൗമുദിയുടെ തക്ക സമയത്തുള്ള ഇടപെടൽ പാർട്ടി നേതൃത്വത്തിനുള്ള 'ഷോക്ക് ചികിത്സ"യായാണ് വിലയിരുത്തിയത്. ഇതിന്റെ ഗൗരവം സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും ഉൾക്കൊണ്ടില്ലെങ്കിൽ യു.ഡി.എഫിന് മൂന്നാംതവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നതിന്റെ മുന്നറിയിപ്പാണിതെന്നാണ് ഉയർന്ന പൊതുവികാരം. പാർട്ടി പ്രാദേശിക നേതാക്കളുടെയും അണികളുടെയും ഇതുസംബന്ധിച്ച നിരവധി ഫാക്സ് സന്ദേശങ്ങൾ കെ.പി.സി.സി,ഡി.സി.സി ഓഫീസുകളിലേക്ക് ഇന്നലെ പ്രവഹിച്ചത് നേതൃത്വത്തെ അമ്പരപ്പിച്ചു.
നേതാക്കൾക്ക് ഉപഹാരമായി കേരളകൗമുദി പത്രം
ഇന്നലെ തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റുമാരുടെ യോഗത്തിൽ വേദിയിലിരുന്ന നേതാക്കൾക്ക് ബ്ളോക്ക് ഭാരവാഹി ഉപഹാരമായി നൽകിയത് പിന്നാക്ക അവഗണന തുറന്നുകാട്ടുന്ന ഇന്നലത്തെ കേരളകൗമുദി പത്രമാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങിയ നേതൃനിര വേദിയിലുണ്ടായിരുന്നു.
എസ്.എൻ.ഡി.പി യോഗത്തെ മറന്ന് മുന്നോട്ടു പോകാനാവില്ല: കെ.സി
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലും പാർട്ടി പുനഃസംഘടനയിലും തഴയപ്പെടുന്നുവെന്ന ഈഴവ സമുദായത്തിന്റെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ആശങ്ക പരിഹരിക്കുമെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം വീഴ്ച വരാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച കേരളകൗമുദി വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അവഗണിക്കുന്നുവെന്ന തോന്നൽ ഈഴവ സമുദായത്തിനും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും ഉണ്ടാവരുതെന്നാണ് സംഘടനയുടെ നയം. എസ്.എൻ.ഡി.പി യോഗവുമായി യോജിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് കോൺഗ്രസ്. യോഗത്തെ മറന്നുകൊണ്ടൊന്നും മുന്നോട്ടു പോകാനാവില്ല. നിയമസഭയിൽ ഒരു എം.എൽ.എയെ വച്ചു കൊണ്ടുപോകുന്നത് നീതിയല്ലല്ലോ. സ്ഥാനാർത്ഥി നിർണയത്തിലടക്കം ചില പാളിച്ചകളുണ്ടായിട്ടുണ്ട്. ഗൗരവപൂർവം ഇക്കാര്യം കണ്ടുകൊണ്ട് ഇതിനകംതന്നെ ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ സാമുദായിക പരിഗണനയ്ക്കൊപ്പം വിജയ സാദ്ധ്യതയും നോക്കേണ്ടതുണ്ട്.
ഈഴവ പിൻബലമില്ലാതെ ഒരു കക്ഷിയും ജയിക്കില്ല: വെള്ളാപ്പള്ളി
ഈഴവരുടെ പിൻബലമില്ലാതെ കേരളത്തിൽ ഒരു രാഷ്ട്രീയ കക്ഷിയും വിജയിക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളത്തിലെ ജനസംഖ്യയിൽ ഈഴവ,പിന്നാക്ക വിഭാഗങ്ങൾ മുപ്പത് ശതമാനത്തിലേറെയാണ്. പട്ടികജാതി, പട്ടിക വർഗവുമുണ്ട്. ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ പിൻബലമില്ലാതെ പോകുന്നവർ ആരായാലും അവർക്ക് ഭരണം കിട്ടില്ല.
കോൺഗ്രസിനകത്ത് ഈഴവനുണ്ടോ. കമ്മ്യൂണിസ്റ്ര് പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാരിൽ എത്ര ഈഴവരുണ്ട്. എത്ര ഈഴവ ഡി.സി.സി പ്രസിഡന്റുമാരുണ്ട്. ഈഴവന് പരിഗണനയും പരിരക്ഷയും കോൺഗ്രസിൽ നിന്ന് കിട്ടുന്നില്ലെന്നത് നേരാണ്. അല്പമെങ്കിലും കിട്ടുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ നിന്നാണ്. എ.കെ. ആന്റണിയുടെ കാലത്ത് ഇന്നത്തേതിൽ നിന്ന് പരിഗണന കിട്ടിയെന്നല്ലാതെ വലിയൊരു പരിഗണന ലഭിച്ചെന്ന് പറയാനാകില്ല. പിന്നാക്ക വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കേണ്ടതാണെന്ന സത്യം പറഞ്ഞതിന് ആന്റണിയെ കൊല്ലാക്കൊല ചെയ്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |