കൊച്ചി: ''സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല, വാർത്ത അറിഞ്ഞത് മുതൽ കുടുംബം ആഘോഷത്തിലാണ് '' ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന്റെ പിതാവ് പി.വി. രവീന്ദ്രന്റെ വാക്കുകളിൽ അത്രയും നിറഞ്ഞുനിന്നത് മകന് പത്മഭൂഷൻ പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദം. ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായ ശ്രീജേഷ് ബംഗളൂരുവിലാണ് നിലവിൽ. ഫോണിൽ വിളിച്ച് കുടുംബം സന്തോഷം പങ്കുവച്ചു. ശ്രീജേഷിന്റെ നാടായ കിഴക്കമ്പലവും ആഘോഷത്തിലാണ്.
2006ൽ ഇന്ത്യൻ ടീമിലെത്തിയ ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്‌നത്തിന്റെയും ഫലമാണ് ഈ നേട്ടം. രാജ്യത്തിനായി 328 മത്സരങ്ങളാണ് ശ്രിജേഷ് കളിച്ചത്. രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണം നേടി. നാല് ഒളിമ്പിക്‌സിൽ ഗോൾ കീപ്പറാകുന്ന ആദ്യ ഇന്ത്യൻ താരവും ശ്രീജേഷാണ്. രാജ്യത്തെ കായികതാരത്തിന് ലഭിക്കുന്ന ഉന്നത ബഹുമതിയായ ഖേൽ രത്‌ന പുരസ്‌കാരവും പത്മശ്രീയും ശ്രീജേഷിന് ലഭിച്ചിട്ടുണ്ട്. അമ്മ ഉഷയും ഭാര്യ അനീഷ്യയും മക്കളായ ശ്രീയാൻഷും അനുശ്രീയും നേട്ടത്തിന്റെ ആഘോഷം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |