മരങ്ങളെല്ലാം മുറിച്ചു കളയുന്നതുകൊണ്ടാണ് മഴ പെയ്യാത്തതെങ്കിൽ കടലിൽ മഴ പെയ്യുന്നത് എങ്ങനെ? പ്രകൃതി സ്നേഹത്തെയും വനസംരക്ഷണത്തെയും കുറിച്ചുള്ള പ്രസംഗം കാടുകയറിയപ്പോൾ മുസ്ലിം ലീഗിലെ അന്തരിച്ച നേതാവും സരസനുമായ പി. സീതീഹാജി നിയമസഭയിൽ ഉന്നയിച്ച ചോദ്യമാണിത്. സഭയെ കൂട്ടച്ചിരിയിൽ മുക്കിയ ചോദ്യത്തിന് ഇന്നുമില്ല ഉത്തരം! പാലക്കാട് കഞ്ചിക്കോട് വിദേശ മദ്യനിർമ്മാണത്തിന് ബ്രൂവറി ഡിസ്റ്റിലറി തുടങ്ങാൻ ഒയാസിസ് എന്ന സ്വകാര്യ കമ്പനിക്ക് പ്രാഥമിക അനുമതി നൽകാനുള്ള മന്ത്രിസഭാ തീരുമാനമാണ് പുതിയ പുകിൽ.
എലപ്പുള്ളി പഞ്ചായത്തിലെ 26 ഏക്കർ സ്ഥലമാണ് കമ്പനി വാങ്ങിയത്. കമ്പനിക്ക് മദ്യ നിർമ്മാണത്തിന് പ്രതിദിനം അഞ്ചുലക്ഷം ലിറ്റർ വെള്ളം വേണം. ഇത്രയും വെള്ളം ഇവിടെ നിന്ന് ദിവസേന കുഴിച്ചെടുക്കുന്നത് ജലക്ഷാമം നേരിടുന്ന പ്രദേശത്തെ ജനങ്ങളുടെ വെള്ളംകുടി മുട്ടിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വേവലാതി. ഇതിന്, മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെയും മറുപടി, മഴവെള്ള സംഭരണികൾ വച്ച് ശേഖരിക്കുന്ന വെള്ളം കമ്പനിയുടെ ആവശ്യത്തിന് മതിയാകുമെന്നാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷിനും ഇക്കാര്യത്തിൽ തികഞ്ഞ വിശ്വാസം.
അവർ പറയുന്നതിൽ തീരെ ഉറപ്പില്ലാത്തത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കുമാണ്. മഴനിഴൽ പ്രദേശമായ കഞ്ചിക്കോട്ട് 'വൈശാലി" സിനിമയിലെപ്പോലെ 'ഋശ്യശൃംഗനെ" വരുത്തി യാഗം നടത്തിയാലും പിണറായിക്ക് വലിയ മഴ പെയ്യിക്കാനാവില്ലെന്ന് ഇരുവരും കട്ടായം പറയുന്നു. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പദ്ധതി അനുവദിക്കില്ലെന്ന വാശിയിലാണ് അവർ. മാത്രമല്ല ഡൽഹിയിലും പഞ്ചാബിലും കേസിൽപ്പെട്ട കമ്പനിക്ക് കേരളത്തിൽ ടെൻഡർ പോലും വിളിക്കാതെ അനുമതി നൽകിയതിനു പിന്നിൽ കോടികളുടെ അഴിമതിയും ആരോപിക്കുന്നു. പണ്ട് പ്ളാച്ചിമടയിൽ കൊക്കകോള കമ്പനി അനുവദിക്കുന്നതിനെതിരെ ജലചൂഷണത്തിന്റെ പേരിൽ പിണറായിയും പാർട്ടിയും സമരം ചെയ്തത് എന്തിനായിരുന്നു എന്നാണ് പരിഹാസം. അന്നവർ പ്രതിപക്ഷത്തായിരുന്നു. അന്ന് അതു ശരി, ഇന്ന് ഇതു ശരി!
കെ.പി.എ.സിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം കണ്ട് പലരും കമ്മ്യൂണിസ്റ്റായതും, കേരളപ്പിറവിക്കു ശേഷം ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് വിത്തു പാകിയതും ചരിത്രം. ഈയിടെ ഇടതുപാളയം വിട്ട നിലമ്പൂരിലെ സി.പി.എം സ്വതന്ത്ര എം.എൽ.എ പറഞ്ഞത്, തന്നെ പാർട്ടി കമ്മ്യൂണിസ്റ്റ് അല്ലാതാക്കിയെന്നാണ്. ഇപ്പോൾ പറയുന്നത് അവർ തന്നെ 'തൃണ"മൂലാക്കിയെന്നാവും. പക്ഷേ, രമേശ് ചെന്നിത്തലയ്ക്ക് അതിശയം അതിലല്ല- വെട്ടൊന്ന്, തുണ്ടം രണ്ട് എന്ന നിലയിൽ കടുത്ത കമ്മ്യൂണിസ്റ്റായിരുന്നില്ലേ, പിണറായി വിജയൻ? എന്നിട്ടെങ്ങനെ ഇത്ര പെട്ടെന്ന് 'കമ്മ്യൂണിസ്റ്റല്ലാതായി" മാറി! ഇപ്പോഴും കമ്മ്യൂണിസ്റ്റായിരുന്നെങ്കിൽ ഇതെങ്ങനെ ചെയ്യാനാവും?
ഒയാസിസ് കമ്പനിയെ ഇവിടെ വിളിച്ചുകൊണ്ടു വന്നതിനും അഴിമതി ഇടപാടിനും പിന്നിൽ പിണറായിയാണെന്ന് അദ്ദേഹം ഉറപ്പിച്ച മട്ടാണ്. കമ്പനിയിൽ നിന്ന് എത്ര പണം കിട്ടിയെന്നാണ് സതീശന്റെ ചോദ്യം. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിൽ ഇനി പുതിയ ഡിസ്റ്റിലറി വേണ്ടെന്ന് 1999-ൽ തീരുമാനമെടുത്തത്. എന്നിട്ടും, 2025-ൽ പുതിയ ഡിസ്റ്റിലറിക്ക് അനുമതി നൽകിയ പിണറായി വിജയൻ പണക്കാരുടെ പടത്തലവനാണെന്നാണ് പരിഹാസം. കാലം മാറിയില്ലേ മാഷേ?
നായനാർ തീരുമാനമെടുത്തത് 25 കൊല്ലം മുമ്പല്ലേ? അതിനുശേഷം ഭാരതപ്പുഴയിലൂടെ വെള്ളം എത്ര ഒഴുകിപ്പോയി! കേരളത്തിലെ ജനസംഖ്യയിൽ എത്ര ലക്ഷത്തിന്റെ വർദ്ധന വന്നു. അവർക്ക് ആവശ്യത്തിന് മദ്യം ഇപ്പോൾ കേരളത്തിൽ ഇല്ലെന്നതാണ് സത്യം! അതുകൊണ്ടാണല്ലോ പ്രതിവർഷം കോടികളുടെ മദ്യം ഇറക്കുമതി ചെയ്യുന്നത്. എന്നും ഇങ്ങനെ വല്ലവന്റെയും മദ്യം കുടിച്ചു കഴിഞ്ഞാൽ മതിയോ? ഇടതുഭരണം വരും; എല്ലാം ശരിയാവുമെന്ന് പറഞ്ഞല്ലേ ഭരണത്തിൽ കയറിയത്? മദ്യത്തിന്റെ കാര്യത്തിലെങ്കിലും കേരളം സ്വയംപര്യാപ്തത കൈവരിക്കുന്നതിന് പ്രതിപക്ഷം ഇടങ്കോലിടരുത്. മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് നമ്മുടെ നയം. അതിന്റെ ഭാഗമാണ് ഇതും!
എങ്കിലും സി.പി.ഐക്കാരോട് സി.പി.എമ്മിന് ഈ കൊടുംചതി വേണ്ടായിരുന്നു. ഒന്നുമല്ലെങ്കിലും ഒരേ തൂവൽ പക്ഷികളല്ലേ.'ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ഉണ്ടായൊരിണ്ടൽ" സഹിക്കാനാവാതെ, 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ പലരും പാർട്ടിയിൽ നിന്ന് സ്വയം വിരമിച്ചു. ഒടുവിൽ, നേതാക്കളിലേറെയും ചെറിയ കഷണത്തിലും, അണികളേറെയും വലിയ കഷണത്തിലും! പരസ്പരം ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവർ 45 വർഷമായി ഒരേ കൂരയിലാണ് പൊറുതി. വല്യേട്ടൻകളി പിന്നീട് പലപ്പോഴും അതിരുവിട്ടെങ്കിലും കടിച്ചുപിടിച്ചു നിന്നു. അള മുട്ടിയാൽ ചേരയും കടിക്കുമെന്നാണ് പറച്ചിലെങ്കിലും അതുപോലും ചെയ്തില്ല. എന്നിട്ടും ചിലരെ നന്നാവാനും ചിലർ വിടില്ല!
സി.പി.ഐക്കാർ അടിച്ചു ഫിറ്റായി പൊതുവേദികളിൽ പങ്കെടുക്കരുതെന്നും, അത്യാവശ്യമെങ്കിൽ സ്വന്തം വീട്ടിലിരുന്ന് അൽപ്പം മിനുങ്ങാമെന്നും സി.പി.ഐ സർക്കുലർ ഇറക്കിയത് കഴിഞ്ഞയാഴ്ച! തൊട്ടു പിന്നാലെ, പാലക്കാട്ട് മദ്യനിർമ്മാണത്തിന് സ്വകാര്യ കമ്പനിക്ക് ഡിസ്റ്റിലറി അനുവദിക്കാൻ സി.പി.ഐക്കാർ കൂടി ഉൾപ്പെട്ട മന്ത്രിസഭാ തീരുമാനം. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന ഗതികേടിൽ സി.പി.ഐ. സെക്രട്ടറി ബിനോയ് വിശ്വം ആദ്യമൊക്ക അൽപ്പം മുരടനക്കിയെങ്കിലും, മന്ത്രി എം.ബി. രാജേഷുമായി സംസാരിച്ചതോടെ എല്ലാം ഒ.കെ. കുടിവെള്ളം മുടക്കാതെ വേണമെങ്കിൽ മദ്യം കൂടുതൽ വന്നോട്ടെ എന്നായി. സി.പി.ഐക്കാർ നാലാൾ കാൺകെ 'വാട്ടീസ്" അടിക്കാതിരുന്നിൽ പോരേ?
കേരളത്തിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റ് കിട്ടാൻ സാദ്ധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സഹായികൾ നടത്തിയ രഹസ്യ സർവേ ഫലത്തെച്ചൊല്ലിയാണ് സംസ്ഥാന കോൺഗ്രസിൽ പുതിയ കോലാഹലം. അതായത്, പാർട്ടിക്ക് നിലവിലുള്ള 22 സീറ്റിന്റെ മൂന്നിരട്ടി. പാർട്ടിയുടെ ദേശീയ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള കേരള സർവേ മുന്നേറുന്നതിനിടെയാണ്, കേരള കനുഗോലുവിന്റെ ബദൽ സർവേ.
63 സീറ്റ് നേടി ഭരണത്തിൽ വരുമെന്ന് പറയുമ്പോൾ കലഹമോ? സന്തോഷിക്കുകയല്ലേ വേണ്ടത്? പത്തുകൊല്ലം വെയിൽ കൊണ്ടതു പോരേ?അതാണ് കോൺഗ്രസ്! സതീശന് അടുത്ത മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാനുള്ള പുതിയ കളിയാണിതെന്ന് ചെന്നിത്തലും കെ. സുധാകരനും മറ്റും. മുഖ്യമന്ത്രിക്കസേര മോഹികൾ വെറുതെയിരിക്കുമോ? കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിഷയം എടുത്തിട്ട സതീശൻ, അത് പൂർത്തിയാക്കും മുമ്പേ തുടങ്ങി, പൊട്ടിത്തെറി. രഹസ്യസർവേ പ്രകാരം ഏതൊക്കെ സീറ്റിലാണ് വിജയമെന്നത് ഇപ്പോഴും 'രഹസ്യം." സതീശൻ അങ്ങനെ ഓവർ സ്മാർട്ട് ആകേണ്ട. വിവാദം മൂത്തതോടെ, താൻ അത്തരത്തിൽ ഒരു സർവേയും നടത്തിയിട്ടില്ലെന്നാണ് സതീശഭാഷ്യം. ഇത്തവണത്തെ മാരാമൺ കൺവെൻഷനിലേക്ക് സതീശനു ലഭിച്ച ക്ഷണവും മുടങ്ങിയത്രെ. സ്വന്തം പാർട്ടിയിലെ ഏതോ 'സുഹൃത്തുക്കൾ" പാര പണിഞ്ഞെന്നാണ് ഒടുവിൽ കേട്ടത്. സതീശൻ ഉടനെ ജ്യോത്സ്യനെ കണ്ട് പരിഹാര പൂജകൾ നടത്തണമെന്നാണ് ഒപ്പമുള്ള ചിലരുടെ ഉപദേശം.
നുറുങ്ങ്:
അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് ഇടതുസർക്കാർ കൂടുതൽ മദ്യ നിർമ്മാണ ഡിസ്റ്റിലറികൾ അനുവദിക്കാൻ സാദ്ധ്യതയെന്ന് പ്രതിപക്ഷം.
○ മദ്യധനം സർവധനാൽ പ്രധാനം!
(വിദുരരുടെ ഫോൺ: 99461 08221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |