ചോറ്റാനിക്കര: പോക്സോ കേസ് അതിജീവിതയെ പീഡനത്തിനിരയായി വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് തലയോലപ്പറമ്പ് സ്വദേശി അനൂപിനെ (24) ചോറ്റാനിക്കര പൊലീസ് അറസ്റ്റുചെയ്തു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന 20കാരി അബോധാവസ്ഥയിൽ വെന്റിലേറ്ററിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
തലയിൽ ഗുരുതര പരിക്കും കഴുത്തിൽ ആഴത്തിലുള്ള മുറിവും ദേഹമാസകലം ചതവുമുണ്ട്. ശനിയാഴ്ച രാത്രി അനൂപ് മറ്റൊരു സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിലേക്ക് വരുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ബുധൻ പുലർച്ചെ തലയോലപ്പറമ്പിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
ശനിയാഴ്ച രാത്രി 10.10ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ അനൂപ് ഞായറാഴ്ച പുലർച്ചെ നാലോടെയാണ് മടങ്ങിയത്. അന്ന് ഉച്ചയ്ക്കുശേഷമാണ് പെൺകുട്ടിയെ അവശനിലയിൽ വീട്ടിലെ കട്ടിലിനടിയിൽ അർദ്ധ നഗ്നയായി കണ്ടെത്തിയത്. കുട്ടികളില്ലാതിരുന്ന ദമ്പതികൾ 20 വർഷം മുമ്പ് പാലായിലെ കോൺവെന്റിൽ നിന്ന് ദത്തെടുത്ത കുട്ടിയാണ് അതിജീവിത. മുൻ ഫുട്ബാൾ താരമായ പെൺകുട്ടിയും മാതാവും എക്സ് സർവീസുകാരനായ പിതാവിന്റെ മരണശേഷം ഒരുമിച്ച് കഴിയുകയായിരുന്നു. സംഭവദിവസം അമ്മ വീട്ടിലുണ്ടായിരുന്നില്ല. അനൂപ് പെൺകുട്ടിയെ തന്റെ മുന്നിലിട്ട് മർദ്ദിക്കാറുണ്ടായിരുന്നെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. തന്നെയും മർദ്ദിച്ചിരുന്നതായി അവർ വെളിപ്പെടുത്തി.
രാത്രിയിൽ പതിവായി പെൺകുട്ടിയുടെ വീട്ടിലെത്തുന്ന അനൂപിനെ നേരത്തെ നാട്ടുകാർ ചോദ്യം ചെയ്തിട്ടുണ്ട്. ഇയാൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടർന്ന് ഇരുപതോളം കുടുംബങ്ങൾ ചോറ്റാനിക്കര പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച രാത്രിയെത്തിയ താൻ മദ്യപിച്ച ശേഷം പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം മർദ്ദിച്ചെന്ന് അനൂപ് പൊലീസിന് മൊഴി നൽകി. ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ താൻ കയറുമുറിച്ച് രക്ഷപ്പെടുത്തി. മരിച്ചെന്ന് കരുതിയാണ് രക്ഷപ്പെട്ടതെന്നും പറഞ്ഞു. ഇടുക്കി പീരുമേട് പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലും തലയോലപ്പറമ്പ് സ്റ്റേഷനിൽ അടിപിടി കേസിലും ഇയാൾ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |