തിരുവനന്തപുരം : വൊക്കേഷണൽ അദ്ധ്യാപകരുടെ ആശങ്കകൾ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ആറ് പ്രധാന ആവശ്യങ്ങൾ അദ്ധ്യാപകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊഴിലധിഷ്ഠിത കോഴ്സുകളിലെ അദ്ധ്യാപകർക്ക് അവരുടെ ജോലി തടസ്സമില്ലാതെ തുടരാൻ കഴിയുമെന്ന് ഉറപ്പാക്കാൻ സർക്കാരും വിദ്യാഭ്യാസ വകുപ്പും പ്രതിജ്ഞാബദ്ധമാണ്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുന്നതിനും വെല്ലുവിളികളെ നേരിടുന്നതിനും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന അന്തരീക്ഷം പരിപോഷിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സൗജന്യ സ്കൂൾ യൂണിഫോംഅലവൻസ് അനുവദിച്ചു
തിരുവനന്തപുരം : സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്കായി ഈ വർഷം മുഴുവൻ അലവൻസും അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി. അലവൻസ് ഇനത്തിൽ ഒന്ന് മുതൽ 8 വരെയുള്ള 1316921 കുട്ടികൾക്ക് 600 രൂപ ക്രമത്തിൽ 79,01,52,600 രൂപയാണ് അനുവദിച്ചത്. 2024- 25 സാമ്പത്തിക വർഷം ബഡ്ജറ്റിൽ സ്കൂൾ യൂണിഫോം അലവൻസ് പദ്ധതിക്കായി വകയിരുത്തിയത് 80,34,00,000 രൂപയാണ്.
കേന്ദ്രം 215 കോടി കൂടി തന്നു,
നെൽ കർഷകർക്ക് കുടിശ്ശിക നൽകിത്തുടങ്ങി
തിരുവനന്തപുരം: നെല്ലു സംഭരണത്തിനുള്ള കേന്ദ്രവിഹിതത്തിൽ 215 കോടി രൂപ കൂടി സംസ്ഥാനത്തിന് ലഭിച്ചതോടെ കർഷകർക്ക് നൽകാനുള്ള തുക വിതരണം ചെയ്തു തുടങ്ങി. കേന്ദ്രം 73.34 കോടി രൂപ നേരത്തെ നൽകിയിരുന്നു. മുൻ സീസണുകളിൽ നെല്ലെടുത്ത വകയിൽ സംസ്ഥാനത്തിന് ലഭിക്കാനുള്ള കേന്ദ്രവിഹിതത്തിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്.
ഡിസംബർ 15 വരെ അംഗീകരിച്ച പി.ആർ.എസുകളിലെ നെല്ലുവിലയാണ് സപ്ലൈകോ നൽകുന്നത്. നെല്ലെടുപ്പിന് സംസ്ഥാന സർക്കാർ വിഹിതമായ 175 കോടിയിൽ ഓരോ മാസവും 50 കോടി രൂപ വീതമാണ് സപ്ലൈകോയ്ക്ക് അനുവദിക്കുന്നത്. 50 കോടി രൂപ കഴിഞ്ഞ മാസം അനുവദിച്ചിരുന്നു. ഈ മാസം ലഭിക്കേണ്ട 50 കോടി രൂപ കൂടി കിട്ടിയാൽ ഡിസംബർ 30 വരെ അംഗീകരിക്കുന്ന പി.ആർ.എസുകളിൽ വില നൽകാനാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് സംസ്ഥാനം ഗഡുക്കളായി തുക അനുവദിക്കുന്നത്. ഡിസംബർ 30 വരെയുള്ള പി.ആർ.എസുകളിൽ തുക നൽകാനായാൽ ഭൂരിഭാഗം കൃഷിക്കാർക്കും ഒന്നാംവിള നെല്ലിന്റെ വില ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |