'പാമ്പ് കടിച്ചാൽ പാമ്പിനെക്കൊണ്ട് വിഷം ഇറക്കിക്കണം'. നമ്മൾ മലയാളികൾ പണ്ടു മുതലേ കേൾക്കുന്ന ഒന്നാണിത്. എന്നാൽ ഈ പറയുന്നതിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ? കടിച്ച പാമ്പ് വിഷം ഇറക്കി ആരുടെയെങ്കിലും ജീവൻ രക്ഷിച്ചിട്ടുണ്ടോ? ഈ വിഷയത്തിൽ സർപ്പ പ്രോജക്ട് എറണാകുളം ജില്ലാ ഫെസിലിറ്റേറ്റർ ശ്രീനിവാസ് പി കമ്മത്തും സർപ്പ വോളന്റിയർ മനോജ് വീരകുമാറും പറയുന്നത് ഇങ്ങനെയാണ്.
'ഒരാളെ വിഷപാമ്പ് കടിച്ചു കഴിഞ്ഞാൽ, അതിനെ ഫലപ്രദമായി ചികിത്സിക്കാനും അയാളെ മരണത്തിൽ നിന്നും തിരിച്ചുകൊണ്ടു വരാനും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ചികിത്സാ രീതി എന്ന് പറയുന്നത്, മോഡേൺ മെഡിസിൻ മാത്രമാണ്. അതിൽ 'ബിഗ് 4'ൽ വരുന്ന വിഷപാമ്പുകളാണ് കടിച്ചിട്ടുള്ളതെങ്കിൽ പോളി വാലന്റ് ആന്റിസ്‌നേക്ക് വെനം ഉപയോഗിച്ച് ചികിത്സയിലൂടെ നമുക്ക് അയാളെ പൂർണമായും ആരോഗ്യവാനായി തിരിച്ചുകൊണ്ടുവരാൻ സാധിക്കും. ആന്റി സ്‌നേക്ക് വെനം ഇല്ലാത്ത പാമ്പുകളാണെങ്കിൽ പോലും ഡയാലിസിസ് പോലുള്ള സപ്പോർട്ടീവ് ട്രീറ്റ്‌മെന്റ് രീതിയിലൂടെ ആളെ തിരിച്ചുകൊണ്ടുവരാൻ സാധിക്കും.
ഉപ്പുവെള്ളം കുടിച്ചാൽ വിഷത്തിന്റെ വീര്യം കുറയുമെന്നൊക്കെ ആളുകൾ പറയുന്നുണ്ട്. അതൊക്കെ വെറുതെയാണ്. കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിക്കുക എന്നൊക്കെ പറയുന്നുണ്ട്. ശരിക്കും പാമ്പ് വെനം ഇഞ്ചക്റ്റ് ചെയ്യുന്നത് നമ്മൾ ഒരു വാക്സിനേഷൻ എടുക്കുന്നത് പോലെയാണ്. നമ്മുടെ സ്‌കിന്നിന്റെ താഴെ ഇന്റർസെല്ലുലാർ സ്‌പേസ് ലിക്വിഡിനകത്താണ് ഇത് ഇഞ്ചക്റ്റ് ആയിപ്പോകുന്നത്. നമ്മൾ ഇവിടെ ഇഞ്ചക്ഷൻ എടുത്ത് തിരിച്ചുവലിച്ചാൽ ആ സാധനം തിരിച്ചുവരാൻ ഒന്നും പോകുന്നില്ല. അതുപോലെ തന്നെയാണിത്.
സിറിഞ്ചിന്റെ അതേ രീതി തന്നെയാണ് വിഷപ്പല്ലുകൾക്കുള്ളത്. പാമ്പ് കടിച്ചാൽ അതിനെ തിരിച്ചുകടിച്ചാൽ രക്ഷപ്പെടുമെന്ന തെറ്റിദ്ധാരണ പലയിടങ്ങളിലും പ്രചരിക്കുന്നുണ്ട്. കൂടുതലും നോർത്ത് ഇന്ത്യയിലാണ്. ഈ വിശ്വാസം ഇവിടെ കൊണ്ടുവരാൻ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. അങ്ങനെയുള്ള വാർത്തകൾ ഒരുപാട് ഇപ്പോൾ പ്രചരിക്കുന്നുണ്ട്'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |